Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിപ ചാർത്തി 'കൊന്നവർ' ...

നിപ ചാർത്തി 'കൊന്നവർ' ഇവിടെ ആരോഗ്യത്തോടെയുണ്ട്

text_fields
bookmark_border
വി.വി. ജിനീഷ് പേരാമ്പ്ര: നിപ വൈറസ് ബാധയേറ്റ് 'മരിച്ചവർ' ഇവിടെ പൂർണ ആരോഗ്യത്തോടെ കഴിയുന്നുണ്ട്. നിപയേക്കാൾ 'മാരകമായ' നുണ വൈറസ് നാട്ടിൽ പടർന്നപ്പോൾ ഇവർ വേദനയോടെ വീട്ടിലിരുന്നു. മൂരികുത്തിയിലെ ഒാേട്ടാ ഡ്രൈവർ അബ്ദുൽ സലാം, കായണ്ണ മൊട്ടന്തറയിലെ സുമി, ചെറുവണ്ണൂരിലെ ബാലകൃഷ്ണൻ എന്നിവർക്കാണ് ചിലർ നിപബാധ ചാർത്തിനൽകിയതും മരിച്ചെന്ന് വ്യാജപ്രചാരണം നടത്തുകയും ചെയ്തത്. നിപബാധിച്ച് മരിച്ചവരുടെ ബന്ധുത്വമാണ് ഇവർക്ക് വിനയായത്. നിപ ജീവനെടുത്ത സൂപ്പിക്കട വളച്ചുകെട്ടി മൂസ മുസ്ലിയാരുടെ സഹോദരി പുത്രനാണ് നരന്തക്കചാലില്‍ അബ്ദുൽ സലാം. അമ്മാവ​െൻറ കൂടെ രണ്ടു ദിവസം ആശുപത്രിയിൽ കഴിഞ്ഞിരുന്നു. മരിച്ചപ്പോൾ സംസ്കാര ചടങ്ങിലും പങ്കെടുത്തു. ഇതോടെ പലരും കണ്ടാൽ മിണ്ടാതെയായി. ഓട്ടോറിക്ഷയിൽ കയറാതെയായി. ത​െൻറ സാന്നിധ്യം ആളുകൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് കരുതി സലാം കുറച്ചു ദിവസം വീട്ടിലിരുന്നു. എന്നാൽ, അതും പ്രശ്നമായി. സലാമിനെ നിപബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന പ്രചാരണം വ്യാപകമായി. പിന്നീട് മരിച്ചെന്നായി നാട്ടിലെ സംസാരം. നാട്ടിൽ പ്രചരിക്കുന്ന കള്ളക്കഥകൾ സുഹൃത്തുക്കൾ വിളിച്ചറിയിച്ചപ്പോൾ ഞെട്ടലാണ് അനുഭവപ്പെട്ടതെന്ന് സലാം പറഞ്ഞു. ജീവനോടെയുണ്ടെന്ന് അറിയിക്കാനായി മൂരികുത്തിയിലെയും ആദ്യം വണ്ടിയോടിച്ച പേരാമ്പ്രയിലെയും ഓട്ടോ സ്റ്റാൻറുകളിലുമെത്തി സുഹൃത്തുക്കളെ കാണുകയായിരുന്നു. മൊട്ടന്തറ കള്ളന്‍കൊത്തിപ്പാറ സുഭാഷി​െൻറ ഭാര്യ സുമിയാണ് നിപ 'ബാധിച്ച' മറ്റൊരാൾ. സുമിക്ക് പനിപിടിച്ചെന്നും നിപയായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെന്നും പിന്നീട് മരിച്ചെന്നും പ്രചാരണമുണ്ടായി. ചിലര്‍ പഞ്ചായത്ത് ഓഫിസിലും പി.എച്ച്‌.സിയിലും വിളിച്ച് ഇവരുടെ വീട്ടിലുള്ളവര്‍ക്കെല്ലാം പനിയുണ്ടെന്നും ഉടൻ ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ആരോഗ്യവകുപ്പ് അധികൃതര്‍ സുമിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സുമായി വന്നെങ്കിലും അവർ പോകാൻ തയാറായില്ല. പിന്നീട്, പൂർണ ഗർഭിണിയായ സുമിയും ഭര്‍ത്താവും എട്ടുവയസ്സുകാരിയായ മകളും നാട്ടുകാരുടെ സംശയം മാറ്റാൻ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തി. കൂരാച്ചുണ്ടില്‍ നിപബാധിച്ച് മരിച്ച രാജന്‍ ഇവരുടെ ബന്ധുവായിരുന്നു. രാജന് രോഗം സ്ഥിരീകരിക്കുന്നതിനുമുമ്പ് പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ ചികിത്സയിലുള്ളപ്പോള്‍ സുഭാഷും സുമിയും സന്ദര്‍ശിച്ചിരുന്നു. ചെറുവണ്ണൂരില്‍ പെട്ടിക്കട നടത്തുന്ന ഭിന്നശേഷിക്കാരനായ ബാലകൃഷ്ണനും വ്യാജ പ്രചരണത്തി​െൻറ ഇരയാണ്. കണ്ടീതാഴെ നിപ ബാധയേറ്റ് മരിച്ച ജാനകിയുടെ ഭർതൃസഹോദര​െൻറ മകനാണ് ബാലകൃഷ്ണൻ. ഇയാളുടെ അച്ഛന്‍ കുപ്പ മരിച്ച സമയത്ത് ജാനകി ഉൾപ്പെടെ എല്ലാവരും ഒന്നിച്ചുണ്ടായിരുന്നു. കുപ്പയുടെ ചികിത്സക്കായി പേരാമ്പ്ര ആശുപത്രിയില്‍ കൂട്ടിരിപ്പിന് പോയതിനെ തുടര്‍ന്നാണ് ജാനകിക്ക് രോഗം വന്നതും മരിച്ചതും. ബാലകൃഷ്ണ​െൻറ ഭാര്യ ഇന്ദിരയെ ആരോഗ്യ വകുപ്പ് അധികൃതര്‍ ഫോണില്‍ വിളിച്ചതോടെയാണ് ഇങ്ങനെയൊരു പ്രചരണം നടക്കുന്നതായി ഇവരറിയുന്നത്. ബാലകൃഷ്ണനെ നിപയെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന പ്രചരണമാണ് വ്യാപിച്ചത്. പിന്നീട് മരിച്ചെന്നും വാർത്ത പരന്നു. ഇതോടെ കുടുംബത്തിലെ എല്ലാവരേയും ആളുകൾ ഭയത്തോടെ സമീപിച്ചതോടെ ഇവർ ഒറ്റപ്പെട്ട പോലെയായി. പഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് വീട്ടിലെത്തിച്ചത് ഇവര്‍ക്ക് വലിയ ആശ്വാസമായി.
Show Full Article
TAGS:LOCAL NEWS 
Next Story