Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രളയ ദുരിതാശ്വാസം:...

പ്രളയ ദുരിതാശ്വാസം: കോഴിക്കോട്​ ജില്ലയിൽ​ ആദ്യഗഡു വിതരണം തുടങ്ങി

text_fields
bookmark_border
* എട്ടുകോടി രൂപയാണ് ദുരന്തനിവാരണ നിധിയിൽനിന്ന് ആദ്യഘട്ടത്തിൽ ജില്ല കലക്ടർക്ക് നൽകിയത് കോഴിക്കോട്: കാലവർഷക്കെടുതിയിലകപ്പെട്ട് ക്യാമ്പിൽ കഴിഞ്ഞശേഷം വീട്ടിലേക്ക് മടങ്ങുന്നവർക്കുള്ള അടിയന്തര സാമ്പത്തിക സഹായത്തി​െൻറ ആദ്യഗഡു വിതരണം ജില്ല‍യിൽ ഭാഗികമായി തുടങ്ങി. കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി, വടകര എന്നീ താലൂക്കുകളുടെ അടിസ്ഥാനത്തിലാണ് വിതരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 6,200 രൂപയും സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്ന് 3,800 രൂപയും ചേർത്ത് 10,000 രൂപയാണ് നൽകുന്നത്. താമരശ്ശേരി താലൂക്കിൽ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി 370 കുടുംബങ്ങള്‍ക്ക് ആദ്യഗഡു വിതരണം ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ നിധിയിൽനിന്നുള്ള 3800 രൂപയാണ് നൽകിയത്. ആകെ 1321 കുടുംബങ്ങളാണ് അടിയന്തര സഹായത്തിന് അർഹരായി താലൂക്കിലുള്ളത്. അവശേഷിക്കുന്നവർക്കുള്ള വിതരണവും മുഴുവൻ തുകയുടെ വിതരണവും വേഗത്തിൽ പൂർത്തിയാക്കുമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ് അറിയിച്ചു. കൊയിലാണ്ടി താലൂക്കിൽ 83 പേർക്ക് ദുരിതാശ്വാസ നിധിയിൽനിന്ന് 6,200 രൂപ വിതരണം ചെയ്തു. 1,115 പേരെയാണ് ആദ്യഘട്ടത്തിൽ സഹായ അർഹരായി കണ്ടെത്തിയതെന്ന് തഹസിൽദാർ പി. പ്രേമൻ പറഞ്ഞു. വടകര താലൂക്കിൽ 100ഓളം കുടുംബങ്ങൾക്ക് 3,800 രൂപ വീതം നൽകാൻ നടപടി പൂർത്തിയായെന്നും വ്യാഴാഴ്ച പണം ലഭിക്കുമെന്നും തഹസിൽദാർ പി.കെ. സതീഷ്കുമാർ പറഞ്ഞു. 500ഓളം കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. കോഴിക്കോട് താലൂക്കിൽ ഇതുവരെ വിതരണം തുടങ്ങിയിട്ടില്ല. ഇവിടെ അർഹരായവരുടെ കണക്കെടുപ്പ് നടക്കുകയാണെന്ന് തഹസിൽദാർ സി. സുബ്രഹ്മണ്യൻ അറിയിച്ചു. എട്ടുകോടി രൂപയാണ് ദുരന്ത നിവാരണ നിധിയിൽനിന്ന് ആദ്യഘട്ടത്തിൽ ജില്ല കലക്ടർക്ക് നൽകിയത്. ഇതിൽ നാലുകോടി കോഴിക്കോട് താലൂക്ക്, രണ്ടുകോടി താമരശ്ശേരി താലൂക്ക്, ഒരു കോടി വീതം കൊയിലാണ്ടി, വടകര താലൂക്കുകൾ എന്നിവക്ക് നൽകിയതായി എ.ഡി.എം ടി. ജനിൽകുമാർ പറഞ്ഞു. ഈ തുക അപര്യാപ്തമാണ്. താലൂക്ക് ഓഫിസുകളിൽനിന്ന് ട്രഷറികൾ മുഖേനയാണ് പണം എത്തിക്കുന്നത്. ഇവിടെനിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുക. അർഹരെ കണ്ടെത്തുന്നത് വില്ലേജ് ഓഫിസർമാരുടെ നേതൃത്വത്തിലാണ്. അടുത്ത ദിവസങ്ങളിൽ അർഹരായ എല്ലാവർക്കും മുഴുവൻ തുകയും വിതരണം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story