Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 5:32 AM GMT Updated On
date_range 2018-08-29T11:02:59+05:30ജില്ലയില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ മാത്രം
text_fieldsകോഴിക്കോട്: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി ഇനി രണ്ടെണ്ണം മാത്രം. വടകര താലൂക്കിലെ വിലങ്ങാട് വില്ലേജിലെ പന്നേരി സാംസ്കാരിക നിലയവും കാരശ്ശേരി അംഗൻവാടിയുമാണ് ക്യാമ്പുകൾ. വിലങ്ങാട് പന്നേരി സാംസ്കാരിക നിലയത്തില്‍ മൂന്നു കുടുംബങ്ങളിലെ ഒമ്പതു പേരാണ് കഴിയുന്നത്. പന്നേരി സിയാടിച്ചി ഹൗസില്‍ ശാന്ത, ഷണ്മുഖന്, രതീഷ്, തെനിയാടന്‍ ഹൗസില്‍ ബിന്ദു എന്ന തേയി, മകന് അനീഷ്, എനിയാട് ഹൗസില്‍ ശാന്ത, ജിനിഷ, ജിബിഷ, ജിഷിത എന്നിവരാണ് ഇവിടെയുള്ളത്. ഇവരുടെ വീട് നില്ക്കുന്ന സ്ഥലം വിണ്ടുകീറി അപകടാവസ്ഥയിലായതാണ് പ്രശ്നം. ഇവര്‍ താമസിച്ചിരുന്ന സ്ഥലം നേരില്‍ കാണാനായി വടകര തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം ഇന്ന് പ്രദേശം സന്ദര്‍ശിക്കും. കാരശ്ശേരി അംഗൻവാടിയില്‍ നാലു കുടുംബങ്ങളിലെ 17 പേരാണ് താമസിക്കുന്നത്. ഇവരുടെ സ്ഥലവും വിള്ളല്‍ വീണ് അപകടാവസ്ഥയിലായിരിക്കുകയാണ്. ഇവരുടെ വീടുകള്‍ പരിശോധിച്ച് താമസസൗകര്യത്തിന് നടപടി സ്വീകരിക്കും. ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം കോഴിക്കോട്: പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കലക്ടറുടെ അക്കൗണ്ടിലേക്കുമായി കോഴിക്കോട് ജില്ലയില്‍നിന്ന് ചൊവ്വാഴ്ച ലഭിച്ചത് 15,30,501 രൂപ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയുടെ കോഴിക്കോട് ശാഖ അഞ്ചുലക്ഷം രൂപ ജില്ല കലക്ടര്‍ യു.വി. ജോസിന് കൈമാറി. െറസിഡന്ഷ്യല് കൂട്ടായ്മകള്‍, ക്ലബുകള്‍, സാംസ്കാരിക കൂട്ടായ്മകള്‍, വ്യക്തികള്‍ എന്നിവിടങ്ങളില്‍നിന്ന് സഹായഹസ്തങ്ങളുടെ പ്രവാഹമാണ്. ടി.ബി.എസ് നൽകുക 15,000 നോട്ട്ബുക്കുകൾ കോഴിക്കോട്: ജില്ലയില്‍ മഴക്കെടുതിയില്‍ ദുരിതബാധിതരായി സർവതും നഷ്ടപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികള്‍ക്ക് ടി.ബി.എസ് പബ്ലിഷേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് കൈത്താങ്ങാവും. ആദ്യഘട്ടത്തില്‍ 15,000 നോട്ട്ബുക്കുകളും ആവശ്യത്തിന് സ്കൂള്‍ ബാഗുകളും പഠനോപകരണങ്ങളും സൗജന്യമായി നല്‍കും. ബുധനാഴ്ച സ്കൂള്‍ തുറന്ന് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിദ്യാർഥികളുടെ വിവരശേഖരണം നടത്താന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പ്രധാനാധ്യാപകര്‍ക്ക് നിർദേശം നല്കി. ആവശ്യത്തിനനുസരിച്ച് നോട്ട്ബുക്കുകള്‍ ലഭ്യമാക്കുമെന്ന് ടി.ബി.എസ് ഉടമ എൻ.ഇ. ബാലകൃഷ്ണ മാരാര്‍ ജില്ല കലക്ടര്‍ യു.വി. ജോസിനെ സന്ദര്‍ശിച്ച് ഉറപ്പുനല്‍കി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ. സുരേഷ് കുമാറുമായും ചര്‍ച്ച നടത്തി.
Next Story