Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2018 5:17 AM GMT Updated On
date_range 2018-08-27T10:47:58+05:30clg100
text_fieldsഒാണം വന്നില്ല; കണ്ണീർപ്രളയം മാത്രം മുക്കം: കാരശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന വേലായുധനും കുടുംബത്തിനും ഓണസദ്യയും ഓണക്കോടിയുമുണ്ടായിരുന്നില്ല. ഹൃദയത്തിന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന വേലായുധന് മറ്റൊരു സങ്കടമായാണ് പ്രളയമെത്തിയത്. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ സർക്കാർപറമ്പ് കൊത്തനംപറമ്പിലെ അംഗൻവാടി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന വേലായുധനെയാണ് രോഗത്തിനൊപ്പം പ്രളയദുരിതവും തളർത്തിയിരിക്കുന്നത്. ഇയാളും കുടുംബവും തിരുവോണ നാളിൽ സാധാരണ സദ്യയിൽ മാത്രം പരിമിതപ്പെടുത്തിയ ഓണമാണ് ഇക്കുറി കടന്നുപോയത്. സർക്കാറിെൻറയും സന്നദ്ധ സംഘടനകളുടെയും കനിവിൽ ലഭിച്ച ഭക്ഷണ കിറ്റുകളാണ് ഭക്ഷണത്തിനുള്ള പ്രധാന ആശ്രയം. നേരത്തേ തേപ്പ് പണിയെടുത്ത് കിട്ടുന്ന പണം കൊണ്ടുള്ള ഓണമുണ്ണലും ഓണക്കോടിയുമൊക്കെ ഓർത്തെടുക്കുമ്പോൾ തിരുവോണ ദിവസം വേലായുധെൻറ ഹൃദയം വിങ്ങുകയായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് 20 ദിവസം മുമ്പാണ് വേലായുധന് ബൈപാസ് ശസ്ത്രക്രിയ നടത്തിയത്. ഇതിനിടയിലാണ് കനത്ത പ്രളയത്തിൽ കൊത്തനം പറമ്പിലെ വീട് മുങ്ങിയത്. മൂന്നാം തവണയാണ് വെള്ളപ്പൊക്കം ഇൗ വീടിനു നേരെയെത്തിയത്. വസ്ത്രങ്ങളും വീട്ടിലെ എല്ലാ ഉപകരണങ്ങളും വെള്ളത്തിൽ നശിച്ചു. വീടിെൻറ മൂന്നിടങ്ങളിൽ വിള്ളലുകൾ സംഭവിച്ചു. തറക്കുള്ളിലെ മണ്ണു വരെ ഒലിച്ചുപോയി. ജനലുകൾ അടർന്നു വീണു. വീട് വാസയോഗ്യമല്ലാതായി. 20 വർഷത്തെ പഴക്കമുള്ള കോൺക്രീറ്റ് വീടിന് ഇനിയൊരു വെള്ളപ്പൊക്കത്തെ അതിജീവിക്കാനാവില്ല. ഇക്കാരണത്താൽ വെള്ളമിറങ്ങിയെങ്കിലും വീട്ടിലേക്ക് പോകരുതെന്ന് അധികൃതർ നിർദേശിച്ചതിനാലാണ് അംഗൻവാടിയിൽ തന്നെ കഴിയുന്നത്. ശസ്ത്രക്രിയക്കുതന്നെ ഒന്നര ലക്ഷം രൂപ ഇതിനകം ചെലവായി. മാസംതോറും 6000 രൂപയുടെ മരുന്നിനുള്ള പണവും കണ്ടെത്തണം. നിത്യച്ചെലവിനു പോലും വകയില്ലാതെ കുടുംബം വലയുകയാണ്. ദുരിതാശ്വാസ ക്യാമ്പ് അടക്കുന്നതോടെ അന്തിയുറങ്ങാൻ എവിടേക്ക് പോകുമെന്നതാണ് വേലായുധനും കുടുംബവും ആലോചിക്കുന്നത്. ഭാര്യ പുഷ്പയും മക്കളായ വിനീത്, വിനിഷ, അതുല്യ, അൽന എന്നിവരും ക്യാമ്പിലുണ്ട്. MKMUC 15 കാരശ്ശേരി കൊത്തനംപറമ്പ് അംഗൻവാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന വേലായുധനും കുടുംബവും
Next Story