Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപണം കവർന്ന്...

പണം കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്​ടാവിനെ പിടികൂടി

text_fields
bookmark_border
ഫറോക്ക്: ഹോട്ടലിൽനിന്ന് പണം കവർന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ കടയുടമയും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് പിടികൂടി നല്ലളം പൊലീസിൽ ഏൽപിച്ചു. ചെറുവണ്ണൂർ ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന ബ്രോസ്റ്റ് കടയിൽ വെള്ളിയാഴ്ച ഉച്ചക്ക് 2.45ഒാടെയാണ് സംഭവം. കരുണക്ക് സമീപം പ്രവർത്തിക്കുന്ന ചെറുവണ്ണൂർ സ്വദേശികളായ അബ്ദുൽ മജീദ്, കിഴക്കകത്ത് അഷ്റഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള എ.എഫ്.സി ചിക്കൻ ബ്രോസ്റ്റ് കടയിൽനിന്നാണ് പണം കവർന്നത്. മദ്യപിച്ചു ബൈക്കിലെത്തിയ വാഴയൂർ വാഴക്കാട് സ്വദേശിയായ യുവാവ് ഭക്ഷണശാലയിലെത്തി കൈകഴുകാനെന്ന വ്യാജേന ഭക്ഷണശാലക്കുള്ളിൽ പ്രവേശിച്ച് കാഷ് കൗണ്ടറിൽ സൂക്ഷിച്ച 2450 രൂപ കവർന്നശേഷം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് കടയുടമ കിഴക്കകത്ത് അഷ്റഫ് പറഞ്ഞു. യുവാവി​െൻറ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉടമ കാഷ് കൗണ്ടറിലെത്തി പരിശോധന നടത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ സമീപത്തെ വ്യാപാരികളുടെ സഹായത്താൽ കടയുടമ സ്കൂട്ടറിൽ മോഷ്ടാവിനെ പിന്തുടർന്ന് ചെറുവണ്ണൂർ വില്ലേജ് ഓഫിസിന് മുൻവശത്തുവെച്ച് പിടികൂടുകയായിരുന്നു. പണവുമായി ബൈക്കിൽ രക്ഷപ്പെടുന്നതിനിടക്ക് ദേശീയപാതയിൽ ഗതാഗതക്കുരുക്കിലകപ്പെട്ടതാണ് മോഷ്ടാവിനെ പിടികൂടാൻ സഹായകമായത്. ഈ സമയം ദേശീയപാതയിലൂടെ കടന്നുപോവുകയായിരുന്ന ഫറോക്ക് പൊലീസി​െൻറ സഹായത്തോടെ മോഷ്ടാവിനെ ഇതേ വാഹനത്തിൽ കയറ്റി നല്ലളം പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. മോഷണം നടത്തി രക്ഷപ്പെടാനുപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു. നഷ്ടമായ പണം മോഷ്ടാവ് കട ഉടമക്കുതന്നെ തിരികെ നൽകിയതോടെ പരാതിയില്ലാത്തതിനാൽ നല്ലളം പൊലീസ് കേസെടുത്തിട്ടില്ല. എന്നാൽ, മദ്യപിച്ച് വാഹനമോടിച്ചതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഓട്ടത്തിനിടെ വാഹനത്തിൽനിന്ന് ആസിഡ് ചോർന്നത് പരിഭ്രാന്തി പടർത്തി ആസിഡ് നിറച്ച കാൻ റോഡിൽ വീണ് തകർന്നു ഫറോക്ക്: ഓടിക്കൊണ്ടിരിക്കെ ചരക്ക് വാനിൽനിന്ന് ആസിഡ് നിറച്ച കാൻ റോഡിൽ വീണ് ആസിഡ് പരിസരത്ത് വ്യാപിച്ചത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി. ചെറുവണ്ണൂർ ഹൈവേയിൽ സ്രാമ്പ്യക്ക് സമീപം വെള്ളിയാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. പെരിന്തൽമണ്ണയിൽനിന്ന് സ്വർണ്ണം ശുചീകരിക്കാനും ആഭരണ നിർമാണത്തിനുമായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുകളായ കൽക്കരി, നൈട്രിക് ആസിഡ് എന്നിവയുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനി പിക്അപ് വാനിൽനിന്നാണ് ആസിഡ് പുറത്തേക്ക് പരന്നത്. ആസിഡ് റോഡിലേക്ക് വ്യാപിച്ചതോടെ ഹൈവേയിലും പരിസരപ്രദേശങ്ങിലും അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടു. ദുർഗന്ധം വ്യാപിച്ചതോടെ യാത്രക്കാരും നാട്ടുകാരും സമീപങ്ങളിലെ വ്യാപാരികളും ഭീതിയിലായി. നാട്ടുകാർ വെള്ളമൊഴിച്ച് വാതകച്ചോർച്ചക്ക് പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് നാട്ടുകാർ നല്ലളം പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. ദേശീയപാതയിലെ വേഗനിയന്ത്രണ വരമ്പുകളെ ഗൗനിക്കാതെ ആസിഡുകൾ കയറ്റിയ വാൻ അതിവേഗത്തിൽ മുന്നോട്ട് എടുത്തതോടെയാണ് ആസിഡ് കാൻ റോഡിൽ വീണ് തകർന്നത്. വാൻ ഡ്രൈവർ പെരിന്തൽമണ്ണ സ്വദേശി പ്രകാശ് (44), സഹായി ആമോൽ (22) എന്നിവർ പുക ഉയരുന്നതുകണ്ട് വാനിൽനിന്ന് പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മീഞ്ചന്ത ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ പി.കെ. ബഷീർ, ലീഡിങ് ഫയർമാൻ ഇ. ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഫയർ ഫോഴ്സ് സംഘമാണ് ആസിഡ് ചോർച്ച നിർവീര്യമാക്കിയത്. സംഭവത്തെ തുടർന്ന് ഹൈവേയിൽ ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു. നല്ലളം എസ്.ഐ കെ.പി. ആനന്ദ്, എ.എസ്.ഐ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു. അപകടാവസ്ഥയിലുള്ള വാഹനം പൊലീസ് പിന്നീട് നല്ലളം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തിരക്കേറിയ ദേശീയപാതയിൽ ഇരുഭാഗത്തേക്കും വാഹനങ്ങൾ പൊലീസ് കടത്തിവിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story