കാറിൽ മദ്യപിച്ച് ഭീതിപരത്തി; അഞ്ചംഗസംഘത്തെ പിടികൂടി പൊലീസിലേൽപിച്ചു

05:00 AM
14/09/2017
* കാർ നല്ലളം പൊലീസ് കസ്റ്റഡിയിലെടുത്തു ഫറോക്ക്: അരീക്കാട് - നല്ലളം റോഡിൽ കാറിൽ മദ്യപിച്ച് ഭീതിപരത്തിയ അഞ്ചംഗ സംഘത്തെ നാട്ടുകാർ തടഞ്ഞു. ബുധനാഴ്ച രാത്രി 11 മണിയോടെ നല്ലളം ബസാർ ഗിരീഷ് ജങ്ഷനിലാണ് സംഭവം. നാട്ടുകാരുടെ പരാതിയെ തുടർന്ന് നല്ലളം പൊലീസ് ഇവരുടെ പുതിയ കാറും അഞ്ചുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കാർ നല്ലളം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. നല്ലളം ബസാറിൽ വെച്ച് കാർ ബൈക്കിനെ ഇടിച്ചുവീഴ്ത്തിയതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ കാർ തടഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് കാറിലുള്ള സംഘം മദ്യപിച്ചതായി ശ്രദ്ധയിൽപെട്ടത്. അരീക്കാട് അങ്ങാടിയിൽ ഇതേ കാറിൽനിന്നും ബിയർ കുപ്പി റോഡിലേക്കെറിഞ്ഞ് ഭീതി പരത്തിയിരുന്നു. നാട്ടുകാർ തടഞ്ഞ് നിർത്തിയിരുന്നെങ്കിലും പരിഹരിച്ചുവിട്ട ഉടനെയാണ് ഇതേ കാർ വീണ്ടും നല്ലളം ബസാറിൽ വെച്ച് ബൈക്കിലിടിച്ച് അപകടം വരുത്തിയത്.
COMMENTS