മൂലമറ്റം വൈദ്യുതി നിലയത്തിലെ രണ്ട് ജനറേറ്ററി​െൻറ സ്പെറിക്കൽ വാൽവിനു തകരാർ തകരാർ ഗുരുതരമല്ല, പരിഹരിക്കാതെ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നു

05:00 AM
14/09/2017
മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിലെ രണ്ട് ജനറേറ്ററി​െൻറ വാൽവിനു തകരാർ. ഇതുമൂലം നാല്, അഞ്ച് നമ്പർ ജനറേറ്ററുകളുടെ ഡൗൺ സ്ട്രീം സൈഡിലെ സീലിലിലൂടെ വെള്ളം ചോരുന്നുണ്ട്. ആറാം നമ്പർ ജനറേറ്ററിനും സമാന തകരാർ സംഭവിച്ചിരുന്നെങ്കിലും ഇത് കഴിഞ്ഞ ദിവസം പരിഹരിച്ചു. എന്നാൽ നാല്, അഞ്ച് നമ്പർ ജനറേറ്ററുകളുടെ തകരാർ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് ശേഷമേ പരിഹരിക്കാൻ സാധ്യതയുള്ളു. വൈദ്യുതി പ്രതിസന്ധി മൂലം തകരാർ പരിഹരിക്കാതെ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നുണ്ട്. തകരാർ അത്ര ഗുരുതരമല്ലാത്തതിനാലാണിത്. പുറം വൈദ്യുതിക്ക് വില വർധിച്ചത് മൂലം ആദ്യന്തര ഉൽപാദനം കുത്തനെ ഉയർത്തിയാണ് നിലവിൽ പ്രതിസന്ധി മറികടക്കുന്നത്. കൽക്കരി ക്ഷാമം മൂലമാണ് സംസ്ഥാനത്തിനു പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിക്ക് വില വർധിച്ചത്. രണ്ട് ഇരട്ടിയിലധികമാണ് വർധന. യൂനിറ്റിന് 3.60 രൂപക്ക് ലഭിച്ചിരുന്ന വൈദ്യുതി ഇപ്പോൾ ലഭിക്കുന്നത് 9.60നാണ്. ഇതുമൂലം മൂലമറ്റം നിലയത്തിലെ അഞ്ച് ജനറേറ്ററും ഇപ്പോൾ പ്രവർത്തിപ്പിക്കുന്നുണ്ട്. വാർഷിക അറ്റകുറ്റപ്പണിപോലും നിർത്തിെവച്ചിരിക്കുകയാണ്. നാല്, അഞ്ച് നമ്പർ ജനറേറ്ററുകളുടെ തകരാർ ഇപ്പോൾ പരിഹരിക്കാൻ ശ്രമിച്ചാൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരും. അല്ലാത്തപക്ഷം ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരും. ഇത് കെ.എസ്.ഇ.ബിക്ക് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കും. സംസ്ഥാനത്ത് ബുധനാഴ്ച 68.58 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോൾ 43.75 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങിയുള്ളു. ബാക്കി 24.83 ദശലക്ഷം യൂനിറ്റ് വൈദ്യുതിയും കേരളത്തിൽ ഉൽപാദിപ്പിക്കുകയാണ് ചെയ്തത്. ഇതിൽ 5.73 ദശലക്ഷം യൂനിറ്റ് വൈദ്യുതിയും മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്ന് ഉൽപാദിപ്പിച്ചതാണ്.
COMMENTS