ഫാൽക്കെ ഫിലിം സൊസൈറ്റി ആത്മാഭിമാനത്തി‍െൻറ നിറവിൽ

05:48 AM
13/10/2017
- സൊസൈറ്റിക്ക് കീഴിലുള്ള ഫിലിം ഹൗസ് ഉദ്ഘാടനം ഈമാസം 18ന് അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കും വടകര: പുതിയാപ്പ് ഫാൽക്കെ ഫിലിം സൊസൈറ്റിക്കു പിന്നിലെ പ്രവർത്തകരുടെ ആത്മ സംതൃപ്തിക്കിപ്പോൾ ൈകയും കണക്കുമില്ല. സ്വന്തമായി മിനി തിയറ്റർ സ്ഥാപിച്ച് ഫിലിം സൊസൈറ്റികളുടെ കൂട്ടത്തിൽ തലയെടുപ്പോടെ നിലകൊള്ളുകയാണിപ്പോൾ. ഫാൽക്കെയുടെ സെക്രട്ടറിയും ഗായകനുമായിരുന്ന കെ. വിശ്വനാഥ​െൻറ ഓർമക്കായി നിർമിച്ച ഫിലിം ഹൗസ് ഈമാസം 18ന് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇതോടെ, സംസ്ഥാനത്തെ 126 അംഗീകൃത ഫിലിം സൊസൈറ്റികളിൽ സ്വന്തമായി തിയറ്ററുള്ള സൊസൈറ്റിയായി ഇത് മാറി. പുതിയാപ്പിലെ ഫാൽക്കെ ഓഫിസി​െൻറയും ലൈബ്രറിയുടെയും മുകളിലായാണ് തിയറ്റർ. എ.സി സൗകര്യമില്ലെങ്കിലും 70 പേർക്ക് ഇരുന്ന് സിനിമ കാണാനുള്ള ഇടമുണ്ടിവിടെ. ഡി.ടി.എസ് ശബ്ദ സംവിധാനം, സ്ഥിരം സ്ക്രീൻ, ആധുനിക പ്രൊജക്ടർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഇതുവരെ മൂന്നരലക്ഷം രൂപ ചെലവായി. കച്ചവട സിനിമകളുടെ പിന്നാലെ പോകുന്ന പൊതുസമൂഹത്തിനിടയിൽ ഗൗരവമാർന്ന ചലച്ചിത്ര പ്രവർത്തനത്തിന് അവസരമൊരുക്കുകയും സമാന്തരസിനിമാരംഗത്തെ എല്ലാവിധ പുതിയ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുകയുമാണ് തിയറ്റർ സ്ഥാപിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫാൽക്കെ ഭാരവാഹികൾ പറഞ്ഞു. ജനകീയമായ ചലച്ചിത്ര സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 1986ൽ രൂപംകൊണ്ട പ്രസ്ഥാനമാണ് ഫാൽക്കെ ഫിലിം സൊസൈറ്റി. 1997 മുതൽ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഫിലിം സൊസൈറ്റികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ പോലും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെയാണ് ഫാൽക്കെ വേറിട്ടുനിൽക്കുന്നത്.
COMMENTS