കോടതിയിൽ കൊണ്ടുവന്ന പ്രതി ഓടി; നാട്ടുകാർ പൊക്കി

05:48 AM
13/10/2017
വടകര: മയക്കുമരുന്ന് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ജില്ല കോടതിയിൽനിന്ന് വടകര എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ച ഷനൂജാണ് വടകരയിൽനിന്ന് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. കോഴിക്കോടുനിന്ന് ബസിൽ അടക്കാത്തെരു ജങ്ഷനിൽ എത്തിച്ച പ്രതിയെ കാൽനടയായി കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മാർക്കറ്റ് റോഡിൽവെച്ചാണ് ഓടിയത്. മത്സ്യമാർക്കറ്റ് വഴി കേരള കൊയർ റോഡിലേക്ക് ഓടിയ പ്രതിയെ നാട്ടുകാരും പൊലീസും ചേർന്ന് കൈരളി കോംപ്ലക്സിനുള്ളിൽവെച്ച് പിടികൂടുകയായിരുന്നു. കൈവിലങ്ങ് അഴിച്ചുമാറ്റിയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചത്. പ്രതി ഓടിയതോടെ പൊലീസ് ഉദ്യോഗസ്ഥർ വിയർത്തു. പ്രതിയെ പിടികൂടിയതോടെയാണ് ആശങ്കക്ക് അറുതിയായത്.
COMMENTS