Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധം വ്യാപകമായി;...

പ്രതിഷേധം വ്യാപകമായി; ആയഞ്ചേരി ടൗണിലെ മാലിന്യം അധികൃതർ നീക്കി

text_fields
bookmark_border
ആയഞ്ചേരി: കഴിഞ്ഞ മൂന്നുമാസമായി റോഡരികിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം പഞ്ചായത്ത് അധികൃതർ നീക്കി. വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിഷേധം ശക്തമായതോടെയാണ് അധികൃതർ രംഗത്തിറങ്ങിയത്. ഇതോടെ, ആയഞ്ചേരി ടൗണിലെ മാലിന്യപ്രശ്നത്തിന് പരിഹാരമായി. മാലിന്യ മുക്ത പഞ്ചായത്ത് പദ്ധതി പാളിയതോടെയാണ് പ്രദേശത്ത് മാലിന്യം കുന്നുകൂടിയത്. ആയഞ്ചേരി പഞ്ചായത്തിലെ വീടുകളിൽ നിന്നുള്ളവ നിശ്ചിത കേന്ദ്രങ്ങളിൽ ശേഖരിച്ച് മാലിന്യസംസ്കരണ യൂനിറ്റിലേക്ക് കയറ്റി അയക്കുക എന്നതായിരുന്നു പദ്ധതി. ഇതിനായി ലോറി വാടകയിനത്തിൽ വീടുകളിൽനിന്ന് 100രൂപ വീതം വാങ്ങാനും തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 17 വാർഡുകളിൽനിന്നും ലോറി വഴി മാലിന്യം അയച്ചിരുന്നു. എന്നാൽ, 11ാം വാർഡിൽനിന്ന് ഒരു തവണ മാത്രമാണ് നീക്കിയത്. ബാക്കിയുള്ളവ കടമേരി, വില്യാപ്പള്ളി റോഡരികിൽ കെട്ടിക്കിടക്കുകയായിരുന്നു. എല്ലാ വീടുകളിൽനിന്നും ആവശ്യത്തിന് പണം ലഭിക്കാതായതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്. മറ്റു പ്രദേശങ്ങളിൽനിന്നും രാത്രി കാലങ്ങളിൽ മാലിന്യം എത്തിയതോടെ ഇവ കുന്നുകൂടി. മാലിന്യം നീക്കാത്തതിനെതിരെ സി.പി.എം ടൗൺ ബ്രാഞ്ച് കമ്മിറ്റി രംഗത്ത് വന്നിരുന്നു. ഇവ ഉടൻ നീക്കം ചെയ്യണമെന്ന് 10ാം വാർഡ് ഗ്രാമസഭ പ്രമേയം പാസാക്കിയിരുന്നു. കഴിഞ്ഞ ദിവസം എൻ.വൈ.എൽ പഞ്ചായത്ത് പ്രസിഡൻറ് കരീം പിലാക്കി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദക്ക് നിവേദനവും നൽകിയിരുന്നു. സംഘടനയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുമ്പിൽ മാലിന്യമതിൽ തീർക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് പഞ്ചായത്ത് മുൻകൈയെടുത്ത് മാലിന്യം നീക്കം ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story