Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധികൃതർ ഉണർന്നില്ല;...

അധികൃതർ ഉണർന്നില്ല; പുഴ സംരക്ഷണസമിതി പ്രവർത്തകർ ബണ്ട്​ അടക്കാനുള്ള പ്രവൃത്തി ആരംഭിച്ചു

text_fields
bookmark_border
കക്കോടി: ഒന്നര കിലോമീറ്ററോളം പൂനൂർ പുഴയുടെ അടിയിൽ ഉപ്പുകയറിയിട്ടും പ്രതിരോധബണ്ട് നിർമിക്കാൻ അധികൃതർ പരാജയപ്പെട്ടേപ്പാൾ പൂനൂർ പുഴ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നിർമാണം ആരംഭിച്ചു. കോർപറേഷനിലും മുനിസിപ്പാലിറ്റികളിലും ഉൾപ്പെടെ വിവിധ തദ്ദേശ സ്ഥാപനങ്ങളൂടെ കീഴിൽ നിരവധി ശുദ്ധജലപദ്ധതികൾ പൂനൂർ പുഴയെ ആശ്രയിച്ച് നിലവിലുണ്ടായിരിക്കെയാണ് ഉപ്പുവെള്ള പ്രതിരോധ നടപടി കൈക്കൊള്ളാതെ അധികൃതർ അലംഭാവം കാട്ടിയത്. 1.52 ലക്ഷം രൂപ പ്രതിരോധബണ്ട് നിർമാണത്തിന് വകയിരുത്തിയെങ്കിലും കരാർ ഏറ്റെടുത്ത് നടപ്പാക്കാൻ ആളില്ലാതെ താമസം വന്നപ്പോഴാണ് പുഴസംരക്ഷണസമിതി പ്രവർത്തകർ വായ്പയെടുത്ത് നിർമാണം ആരംഭിച്ചത്. വൈകിയാൽ കുടിവെള്ള പ്രശ്നവും കൃഷിനാശവും സംഭവിക്കുമെന്ന ഭീതിയിലാണ് സംരക്ഷണസമിതി രംഗത്തെത്തിയത്. 1991ൽ നിർമാണം ആരംഭിച്ച് 1993ൽ കമീഷൻ ചെയ്ത ബണ്ട് കാലപ്പഴക്കം കൊണ്ട് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ഇത് പുനർനിർമിക്കണമെന്ന ആവശ്യമുയർന്നിട്ട് ഏറെ കാലമായെങ്കിലും അധികൃതർ ചെവിക്കൊണ്ടിട്ടില്ല. വർഷാവർഷങ്ങളിൽ മരപ്പലകകൾ സ്ഥാപിച്ച് ചളി നിറച്ചാണ് ഉപ്പുവെള്ള കയറ്റം തടയുന്നത്. മരക്കഷണങ്ങൾ പഴകി ദ്രവിച്ചതിൽ ഇത്തവണ 80 മരക്കഷണ നിരകളാണ് പുതുതായി വാങ്ങിയത്. 60 മീറ്റർ നീളത്തിലാണ് പ്രതിരോധബണ്ട്. ബണ്ട് അടക്കുന്നത് വൈകിയതിനാൽ ഒരുകിലോമീറ്റർ പരിധിയിലെ കുടിവെള്ള പദ്ധതികളിൽനിന്ന് ലഭിക്കുന്ന വെള്ളത്തിന് ഉപ്പു പുളിയുണ്ടെന്ന് വീട്ടുകാർ പറയുന്നു. മഴ വരുന്നതുവരെ ബണ്ട് നിലനിർത്തും. പൂനൂർ പുഴ സംരക്ഷണസമിതി ചെയർമാൻ എ. ബാലരാമൻ, സെക്രട്ടറി രാജേഷ് വളവിൽ, സജീവൻ കക്കടവത്ത്, ടി.കെ. സുഭാഷ്, ദിലീപ് കക്കടവത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ബണ്ട് നിർമാണം നടക്കുന്നത്. കൗൺസിലർ എൻ.പി. പത്മനാഭൻ സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story