Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2016 3:57 PM IST Updated On
date_range 8 Jun 2016 3:57 PM ISTവിസതട്ടിപ്പ്: പ്രതി കുടുങ്ങിയത് ക്വട്ടേഷന്‍ സംഘം നല്‍കിയ വിവരത്തിലൂടെ
text_fieldsbookmark_border
കോഴിക്കോട്: വിസതട്ടിപ്പിലൂടെ നിരവധി പേരെ കബളിപ്പിച്ച ജുനൈദിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് പ്രതി എതിരാളികളെ ഇല്ലാതാക്കാന്‍ ക്വട്ടേഷന്‍ സംഘത്തിന്‍െറ സഹായം തേടിയതിലൂടെ. തന്‍െറ എതിരാളികളെ ഇല്ലാതാക്കാന്‍ കോഴിക്കോട് നഗരത്തിലെ ഏതാനും ക്രമിനലുകളുടെ സഹായം തേടിയ ജുനൈദ് അതിനുള്ള വിശദപദ്ധതിയും ക്വട്ടേഷന്‍ സംഘത്തോട് പറഞ്ഞിരുന്നു. വിസയുടെ പേരില്‍ പണം വാങ്ങിയ മൂന്ന് പേരെ ഇന്‍റര്‍വ്യൂവിനെന്ന പേരില്‍ വയനാട്ടിലെ റിസോര്‍ട്ടിലത്തെിച്ച് മദ്യം നല്‍കി കൊലപ്പെടുത്താനായിരുന്നു ജുനൈദിന്‍െറ പദ്ധതി. തെളിവ് ഇല്ലാത്തവിധം അവരുടെ മൃതദേഹം നശിപ്പിക്കുന്നതിന് മാത്രമായി ക്വട്ടേഷന്‍ സംഘത്തിന് രണ്ട് ലക്ഷം രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ക്വട്ടേഷന്‍ സംഘം ഈ വിവരം നടക്കാവ് ഷാഡോ പൊലീസിന് കൈമാറുകയായിരുന്നു. സാധാരണ വിസതട്ടിപ്പുകാരില്‍നിന്ന് വ്യത്യസ്തമായി ചൈന, തായ്ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിസ വാഗ്ദാനവും ഉയര്‍ന്ന ശമ്പളവും പറഞ്ഞാണ് ജുനൈദ് തന്‍െറ തട്ടിപ്പിന് ചെറുപ്പക്കാരെ ഇരകളാക്കിയത്. ഇയാള്‍ രണ്ട് മാസത്തോളം മക്കാവുവില്‍ ജോലി ചെയ്തിരുന്നു. ഈ പരിചയവും തട്ടിപ്പിലൂടെ സമ്പാദിച്ച പണം ധൂര്‍ത്തടിച്ചും ആര്‍ഭാട ജീവിതം നയിച്ചും സുഹൃത്തുക്കളെയും ബന്ധുക്കളെയും തന്നെ വലയില്‍ കുരുക്കുകയായിരുന്നു. കാറും ബൈക്കും വാടകക്കെടുത്തും വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചുമുള്ള ജീവിതം കണ്ടപ്പോള്‍ ചെറുപ്പക്കാര്‍ ഇയാളുടെ വാഗ്ദാനത്തില്‍ വീണു. തന്‍െറ സഹപാഠികളുടെയും ബന്ധുക്കളുടെയും വീട്ടിലത്തെി വാക്ചാതുര്യത്തോടെ രക്ഷിതാക്കളെ പറഞ്ഞുപാട്ടിലാക്കി പണം കൈപ്പറ്റും. വിസക്ക് ഒരാളില്‍നിന്ന് അഞ്ച് ലക്ഷം രൂപ വരെ ആവശ്യപ്പെട്ട് പലഘട്ടങ്ങളിലായാണ് തുക കൈക്കലാക്കുന്നത്. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയുടെ പേരില്‍ ആദ്യഗഡുവായി ഒന്നര ലക്ഷം കൈപ്പറ്റും. പിന്നീട് വിസ സ്റ്റാമ്പിങ് എന്ന പേരില്‍ രണ്ടാം ഗഡുവും കൈക്കലാക്കും. പിന്നീട് ആ ഫോണ്‍ നമ്പര്‍ കളയുകയും കോഴിക്കോട്ടെ ഭാര്യ വീട്ടില്‍ താമസിക്കുകയുമാണ് പതിവ്. നാട്ടില്‍ ഭാര്യയും മൂന്ന് മക്കളും നിലനില്‍ക്കെ ആരുമറിയാതെയാണ് കോഴിക്കോട് മറ്റൊരു വിവാഹം കഴിച്ച് അവരോടൊപ്പം താമസിച്ചത്. ഈ വിവാഹത്തെ കുറിച്ചും ഭാര്യവീടിനെ കുറിച്ചും അടുത്ത ബന്ധുക്കള്‍ക്ക് പോലും അറിയാത്തതിനാല്‍ ഭാര്യവീട് മികച്ച ഒളിത്താവളമായിരുന്നു ഇയാള്‍ക്ക്. പിടിയിലായതും ഭാര്യവീട്ടില്‍ നിന്നാണ്. മക്കാവുവിലേക്ക് സെക്യൂരിറ്റി ജോലിക്ക് ഒന്നര ലക്ഷം രൂപ ശമ്പളം കിട്ടുമെന്ന് പറഞ്ഞ് തലക്കുളത്തൂര്‍ കളപ്പിലാവില്‍ ജനീഷില്‍നിന്ന് 5,60,000 രൂപയും രാമനാട്ടുകര പെരിങ്ങാവ് കാഞ്ഞിരകുന്നുമ്മല്‍ ധനേഷില്‍നിന്ന് 4,60,000 രൂപയും വട്ടക്കിണര്‍ കണ്ണനാരി റാഷിക്കില്‍നിന്ന് 4,60,000 രൂപയും നോര്‍ത് ബേപ്പൂര്‍ സ്വദേശി ആലിയക്കോട് ഷബിന്‍ലാലില്‍നിന്ന് 1,10,000 രൂപയും വാങ്ങി മുങ്ങുകയായിരുന്നു. ചൈനയിലേക്ക് വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ബേപ്പൂര്‍ സ്വദേശികളായ നിഖില്‍, രാഗേഷ് എന്നിവരില്‍നിന്ന് 20,000 രൂപ വീതവും അരീക്കോട് തയ്യില്‍ അഖിലില്‍നിന്ന് 25,000 രൂപയും വാങ്ങി. വീട് വിറ്റ് വിസക്ക് പണം നല്‍കി വാടകവീട്ടില്‍ താമസിക്കുന്ന റാസിക്കും ബാങ്കില്‍നിന്ന് വായ്പയെടുത്ത് വിസക്ക് പണം നല്‍കിയ ജിനേഷും ധനേഷ്കുമാറും പ്രതിയെ ഫോണില്‍ വിളിച്ച് വിസയെ സംബന്ധിച്ചും വിദേശത്തേക്ക് പോകുന്ന കാര്യങ്ങളെ പറ്റിയും അന്വേഷിച്ചപ്പോള്‍ പ്രതി പല ദിവസങ്ങള്‍ നീട്ടിപ്പറയുകയായിരുന്നു. ഇതിനിടെ ധനേഷ്കുമാറിനെ മക്കാവുവിലേക്ക് എത്തിച്ചെങ്കിലും വിസ ഇല്ലാത്തതിനാല്‍ എയര്‍പോര്‍ട്ടില്‍നിന്ന് തിരിച്ചയച്ചു. കൊടുത്ത പണം നഷ്ടമായ ധനേഷ് തിരിച്ചുവന്ന് തന്‍െറ സുഹൃത്തുക്കളായ ജിനീഷ്, റാസിക്ക് എന്നിവരോട് വഞ്ചിക്കപ്പെട്ടതിനെ കുറിച്ച് പറഞ്ഞു. പിന്നീട് മൂവരും ചേര്‍ന്ന് ജുനൈദുമായി നിരന്തരം ബന്ധപ്പെട്ടാന്‍ തുടങ്ങിയതോടെ അവരെ ഇല്ലാതാക്കാനായിരുന്നു ശ്രമം. ഇത് പൊളിഞ്ഞതോടെയാണ് നടുക്കുന്ന വഞ്ചന ലോകം അറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story