ഏറ്റുമാനൂര്‍ നഗരസഭ തിയറ്റര്‍ ഷോപ്പിങ്​ കോംപ്ലക്സ് നിര്‍മാണം നിർത്തി​െവച്ചേക്കും

05:01 AM
18/11/2019
ഏറ്റുമാനൂര്‍: നഗരസഭ വ്യാപാരസമുച്ചയത്തിൻെറയും മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളുടെയും നിര്‍മാണം നിര്‍ത്തിവെക്കാന്‍ സാധ്യത. കരാറിൽ അപാകതയുണ്ടെന്ന നഗരസഭ അസി. എൻജിനീയറുടെ റിപ്പോര്‍ട്ട് ചീഫ് എൻജിനീയര്‍ ശരിവെച്ചതിനെ തുടര്‍ന്നാണ് നിര്‍മാണം നിര്‍ത്തുന്നത് ആലോചിക്കുന്നത്. പണി നിര്‍ത്തിവെപ്പിക്കാനാണ് നഗരസഭ എൻജിനീയറുടെ ഉപദേശമെന്നും ഇത് സംബന്ധിച്ച തീരുമാനം ബുധനാഴ്ച നടക്കുന്ന കൗണ്‍സിലില്‍ കൈക്കൊള്ളുമെന്നും നഗരസഭ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് പറഞ്ഞു. വ്യാപാരസമുച്ചയ നിര്‍മാണച്ചുമതല ഏറ്റെടുത്ത കേന്ദ്ര സര്‍ക്കാര്‍ എജന്‍സിയായ വാപ്‌കോസിന് സെേൻറജ് ചാര്‍ജായി 44 ലക്ഷം രൂപ നല്‍കാൻ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. തുടർന്ന് ഫയലുകൾ പരിശോധിച്ച അസി. എൻജിനീയർ കരാറില്‍ അപാകത കണ്ടെത്തി. തുടർന്ന് വീഴ്ചകൾ ചൂണ്ടിക്കാട്ടി നഗരസഭ എൻജിനീയര്‍ ചെയര്‍മാന് കത്ത് നല്‍കിയെങ്കിലും നടപടിയെടുക്കാതെ മാറ്റിവെച്ചു. ഈ കത്ത് ചർച്ചകളിൽ നിറഞ്ഞതോടെ ചെയര്‍മാന്‍ തദ്ദേശ വകുപ്പ് ചീഫ് എൻജിനീയറുടെ ഉപദേശം തേടി. ആഗസ്റ്റ് 26, ഒക്ടോബര്‍ 21 തീയതികളില്‍ ചെയര്‍മാന്‍ നല്‍കിയ കത്തിന് നവംബര്‍ രണ്ടിന് ചീഫ് എൻജിനീയര്‍ നല്‍കിയ മറുപടി വാപ്‌കോസ് ലിമിറ്റഡിനെ തെരഞ്ഞെടുത്തതില്‍ സ്വീകരിച്ച നടപടിക്രമങ്ങളില്‍ അപാകതയുണ്ടെന്ന് ശരിവെക്കുന്നതായിരുന്നു. ടെന്‍ഡര്‍ നടപടി നിലവിലെ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണോയെന്ന് പരിശോധിക്കണമെന്നും കരാര്‍ ഉടമ്പടിയില്‍ ഭേദഗതി വരുത്തി അപാകത ക്രമവത്കരിക്കാൻ അനുബന്ധരേഖകള്‍ സഹിതം സര്‍ക്കാറിനു പ്രൊപ്പോസല്‍ നല്‍കണമെന്നും ചീഫ് എൻജിനീയര്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ചിറക്കുളത്തിനോട് ചേര്‍ന്ന് എം.സി. റോഡിന് അഭിമുഖമായി 58 കടമുറികളും 240 സീറ്റുകളുള്ള മള്‍ട്ടിപ്ലക്‌സ് സിനിമ തിയറ്ററും അടങ്ങുന്നതാണ് പദ്ധതി. ചീഫ് എൻജിനീയര്‍ അപാകത ശരിവെച്ച നിലക്ക് ഇനി നിര്‍മാണം തുടരേണ്ടെന്ന അഭിപ്രായമാണ് ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ക്കുള്ളത്. അതേസമയം, വാപ്‌കോസ് നിര്‍മാണപുരോഗതി നഗരസഭ എൻജിനീയറിങ് വിഭാഗത്തെ അറിയിച്ചിട്ടില്ല. കേരള അര്‍ബന്‍ റൂറല്‍ ഡെവലപ്മൻെറ് ഫിനാന്‍സ് കോർപറേഷനില്‍നിന്ന് വായ്പയായി ലഭിക്കുന്ന 15 കോടിയും നഗരസഭയുടെയും കടകള്‍ വാടകക്കെടുക്കുന്ന വ്യാപാരികളുടെയും വിഹിതമായി 12 കോടിയുമാണ് നിര്‍മാണത്തിന് ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
Loading...