Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅരിയില്‍ കീടനാശിനി:...

അരിയില്‍ കീടനാശിനി: ഡി.വൈ.എഫ്.ഐ അരിക്കട പൂട്ടിച്ചു

text_fields
bookmark_border
ഏറ്റുമാനൂര്‍: അരിയില്‍ കീടനാശിനി വിതറിയ സംഭവെത്ത തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അരിക്കട പൂട്ടിച്ചു. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കടയിലിരുന്ന ഏതാനും അരി ചാക്കുകള്‍ എടുത്ത് വെളിയിലേക്കെറിഞ്ഞു. ഭക്ഷ്യവസ്തുവില്‍ കീടനാശിനി വിതറിയത് തെളിഞ്ഞിട്ടും വ്യാപാരസ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ നഗരസഭയും അധികൃതരും വിമുഖത കാട്ടുന്നതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. പേരൂര്‍കവലയിലെ കൊച്ചുപുരക്കല്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തില്‍ എത്തിച്ച അരിച്ചാക്കുകള്‍ക്കിടയില്‍ അലുമിനിയം സള്‍ഫൈഡ് വിതറിയതിനെ തുടർന്ന് കയറ്റിറക്ക് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇവരുടെ അതിരമ്പുഴയിലുള്ള ഗോഡൗണില്‍നിന്ന് എത്തിച്ച അരിച്ചാക്കുകള്‍ ലോറിയില്‍നിന്ന് ഇറക്കിക്കൊണ്ടിരുന്ന കയറ്റിറക്ക് തൊഴിലാളികള്‍ക്കാണ് ശ്വാസതടസ്സവും ശരീരത്ത് ചൊറിച്ചിലും അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സെല്‍ഫോസ് (അലുമിനിയം സള്‍ഫൈഡ്) എന്ന കീടനാശിനി പൊട്ടിച്ച് വിതറിയ നിലയില്‍ കണ്ടെത്തിയത്. പൊടിരൂപത്തിലുള്ള കീടനാശിനി ശരീരത്ത് പറ്റിയതാണ് ചൊറിച്ചിലിനു കാരണമായത്. കീടനാശിനിയുടെ കവറുകളും തൊഴിലാളികള്‍ അരിച്ചാക്കുകള്‍ക്കിടയില്‍നിന്ന് ശേഖരിച്ചു. ചുവന്ന അടയാളത്തോടുകൂടി അപായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ഈ കീടനാശിനി ഒരു കാരണവശാലും ആഹാരസാധനങ്ങള്‍ക്കിടയില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് നഗരസഭയുടെ ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. ഭക്ഷ്യസുരക്ഷ വിഭാഗം ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഓഫിസര്‍ ഡോ. തെരസിലിന്‍ ലൂയിസിൻെറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലും വ്യാപാരി അനധികൃതമായാണ് കീടനാശിനി ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. സെല്‍ഫോസ് എന്ന കീടനാശിനി കീടങ്ങളെ നശിപ്പിക്കുന്നതിനുള്ള ഫ്യൂമിഗേഷനുവേണ്ടി അംഗീകൃത ഏജന്‍സികള്‍ക്കു മാത്രമേ ഇത് ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. അതേസമയം, സാമ്പിള്‍ പരിശോധനഫലം ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നായിരുന്നു ഭക്ഷ്യസുരക്ഷ വിഭാഗം ആദ്യം അറിയിച്ചത്. എന്നാല്‍, അന്ന് വൈകീട്ട് നടന്ന റെയ്ഡില്‍ ഇവരുടെ അതിരമ്പുഴയിലെ ഗോഡൗണുകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും സംഭവം നടന്ന ഏറ്റുമാനൂരിലെ കട അടപ്പിക്കുന്നതിനോ ലൈസന്‍സ് റദ്ദുചെയ്യുന്നതിനോ നടപടി നഗരസഭയോ ഭക്ഷ്യസുരക്ഷ വകുപ്പോ സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഡി.വൈ.എഫ്‌.ഐ രംഗത്തെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story