കോന്നി ഉപതെരഞ്ഞെടുപ്പ്: ഏഴുപേര്‍ പത്രിക സമര്‍പ്പിച്ചു

05:01 AM
01/10/2019
പത്തനംതിട്ട: കോന്നി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഏഴുപേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അശോകൻ (ബി.ജെ.പി), കെ.യു. ജനീഷ് കുമാര്‍ (സി.പി.എം), മോഹന കുമാര്‍ (സി.പി.എം), മോഹന്‍ രാജൻ(ഐ.എന്‍.സി), കെ. സുരേന്ദ്രൻ (ബി.ജെ.പി), ജോമോൻ ജോസഫ് സ്രാമ്പിക്കൽ (സ്വതന്ത്രന്‍), ശിവാനന്ദൻ (സ്വതന്ത്രൻ) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. വരണാധികാരി എൽ.ആർ ഡെപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ്, ഉപവരണാധികാരി കോന്നി ബ്ലോക്ക് ഡെവലപ്മൻെറ് ഓഫിസർ സി.പി. രാജേഷ്‌കുമാര്‍ എന്നിവരുടെ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. അശോകൻ (ഒരുസെറ്റ് പത്രിക), കെ.യു. ജനീഷ് കുമാര്‍ (മൂന്നുസെറ്റ്), മോഹന കുമാർ (ഒരുസെറ്റ്), മോഹൻ രാജൻ (നാല് സെറ്റ്), കെ. സുരേന്ദ്രൻ (രണ്ടുസെറ്റ്), ജോമോൻ ജോസഫ് സ്രാമ്പിക്കൽ (രണ്ട് സെറ്റ്), ശിവാനന്ദൻ (രണ്ടു സെറ്റ്) എന്നിവരുടെ മൊത്തം 15 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. വരണാധികാരിക്ക് നാല് സെറ്റും ഉപവരണാധികാരിക്ക് 11 സെറ്റ് പത്രികകളുമാണ് ലഭിച്ചത്. സൂക്ഷ്മപരിശോധന ഇന്ന് പത്തനംതിട്ട: കോന്നി നിയമസഭ ഉപതെരഞ്ഞെടുപ്പിന് ലഭിച്ച ഏഴുപേരുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചൊവ്വാഴ്ച രാവിലെ 11ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന സമയം ബുധനാഴ്ച വൈകീട്ട് മൂന്നുവരെയാണ്. ഒക്ടോബര്‍ 21ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 24നും. ഡോ. എൻ.വി. പ്രസാദ് പൊതുനിരീക്ഷകന്‍ പത്തനംതിട്ട: കോന്നി നിയമസഭ ഉപതെരഞ്ഞെടുപ്പ് പൊതുനിരീക്ഷകനായി ഡോ. എൻ.വി. പ്രസാദ് ചുമതലയേറ്റു. ആന്ധ്ര സ്വദേശിയായ ഡോ. പ്രസാദ് കര്‍ണാടക കാഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മാസ് എജുക്കേഷന്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരുകയാണ്. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പൊതുനിരീക്ഷകൻെറ ക്യാമ്പ് ഓഫിസ്. കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഉപവരണാധികാരിയായ കോന്നി ബ്ലോക്ക് െഡവലപ്‌മൻെറ് ഓഫിസര്‍ സി.പി. രാജേഷ് കുമാറുമായി ചര്‍ച്ച നടത്തി.
Loading...