ഭക്​തിസാന്ദ്രമായി കുമാരനല്ലൂർ ഊരുചുറ്റു വള്ളംകളി

05:02 AM
16/09/2019
കോട്ടയം‍: . ഉത്രട്ടാതി ദിനത്തിൽ മീനച്ചിലാറ്റിലും കൈവഴികളിലുമെത്തിയ വള്ളത്തെ ഭക്തജനങ്ങള്‍ സ്വീകരിച്ചു. കുമാരനല്ലൂരിലെ 777, 1462, 1791, 3561 എന്നീ എൻ.എസ്.എസ് കരയോഗങ്ങളുടെ ആഭിമുഖ്യത്തിലായിരുന്നു ഊരുചുറ്റു വള്ളംകളി. കുമാരനല്ലൂർ ദേവീക്ഷേത്രനടയില്‍നിന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും കരവഞ്ചിയുടെയും അകമ്പടിയോടെ സിംഹവാഹനം ആറാട്ടുകടവായ പുത്തന്‍കടവില്‍ എത്തിയതോടെ വള്ളംകളിക്ക് തുടക്കമായി. സിംഹവാഹനവുമായി യാത്രതിരിച്ച പള്ളിയോടം മീനച്ചിലാറിൻെറ ഇരുകരയിലും മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന കടവുകളില്‍ ഭക്തജനങ്ങള്‍ ഒരുക്കിയ പറ വഴിപാടുകള്‍ സ്വീകരിച്ച് വൈകീട്ട് ആറോടെ ആറാട്ടുകടവില്‍ തിരിച്ചെത്തി. തുടര്‍ന്നു കരവഞ്ചിയോടെ ക്ഷേത്രസന്നിധിയിലെത്തി സിംഹവാഹനം തിരികെ സമര്‍പ്പിച്ചതോടെ ഊരുചുറ്റു വള്ളംകളിക്ക് സമാപനമായി. ദേവിയുടെ സിംഹവാഹനം ഇത്തവണ വഹിച്ചത് ഓടിവള്ളമായ കോട്ടപ്പറമ്പനാണ്. കുമാരനല്ലൂർ, നടുഭാഗം, കഴക്കുംഭാഗം, ഗാന്ധിനഗര്‍ എന്നീ എൻ.എസ്.എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ മറ്റ് വള്ളങ്ങൾ അകമ്പടി സേവിച്ചു. കുമാരനല്ലൂര്‍ ദേവീക്ഷേത്രം, ആറാട്ടുകടവ്, ചെമ്മങ്ങാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോന്തുകടവ്, നീലിമംഗലംകടവ്, ശ്രീനിലയംകടവ്, ഇളയിടത്തുകടവ്, മാലിമേല്‍കടവ്, പാലക്കാട്ടുകടവ്, പൂവത്തുമാലി കടവ്, അമ്പാട്ടുക്ഷേത്രം ചെറുനാരകം പാലം, സൂര്യകാലടി മന, എൻ.എസ്.എസ് കരയോഗം നമ്പര്‍ 1535 നട്ടാശേരി, പാലക്കാടി കടവ്, ചുങ്കം പാലം (വലതുവശം), പനയക്കഴിപ്പ്, ഗോവിന്ദപുരം കടവ്, തിരുവാറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മര്യാതുരുത്ത് ശാസ്തക്ഷേത്രം, പ്രാപ്പുഴ കടവ്, പുലിക്കുട്ടിശേരി ചാമത്തറകടവ്, ഏറത്തേടത്തു കടവ്, കളപ്പുരയ്ക്കല്‍ കടവ്, കുറ്റിക്കല്‍ കടവ്, ചന്ത്രത്തില്‍ കടവ് എന്നിവടങ്ങളിലാണു പറവഴിപാട് സ്വീകരിക്കല്‍ ഒരുക്കിയത്. തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ. തുടങ്ങിയവരും എത്തി.
Loading...