മുണ്ടക്കയത്ത്​ കെ.എസ്​.ആർ.ടി.സി സ്വകാര്യ ബസിലിടിച്ച്​ 57 പേർക്ക്​ പരിക്ക്​

05:00 AM
16/09/2019
മുണ്ടക്കയം: ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി സ്വകാര്യ ബസിലിടിച്ച് 57 പേർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് 31ാം മൈൽ ലയൺസ് ക്ലബിന് സമീപമാണ് അപകടം. കട്ടപ്പനയിൽനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് എതിർദിശയിൽ ചങ്ങനാശ്ശേരിയിൽനിന്ന് കട്ടപ്പനയിലേക്ക് വന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന് കെ.എസ്.ആർ.ടി.സി ബസ് തെറ്റായദിശയിൽ എത്തിയതാണ് അപകടകാരണം. ഇരു ബസിൻെറയും മുൻഭാഗം പൂർണമായി തകർന്നു. കാഞ്ഞിരപ്പള്ളിയിൽനിന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കെ.എസ്.ആർ.ടി.സി ബസ് വെട്ടിപ്പൊളിച്ചാണ് കാബിനിൽനിന്ന് ഡ്രൈവറെയും യാത്രക്കാരെയും പുറത്തെടുത്തത്. ചങ്ങനാശ്ശേരി ഡിപ്പോയിലെ ഡ്രൈവർ ആനിക്കാട് സ്വദേശി മാത്യു (45), കട്ടപ്പന സ്വദേശികളായ ബിൻസി (28), പ്രസന്നൻ (51), സഞ്ചയ് (20), അമൃത (18), പെരുമാൾ (61), സുനിൽ (40), അഭിലാഷ് (40), ഏലപ്പാറ സ്വദേശികളായ മഹേഷ് (36), ടിനു (20), വണ്ടിപ്പെരിയാർ സ്വദേശിനി തങ്കമ്മ (70), അജിത (41) റെജി ചാക്കോ (24), ഉപ്പുതറ സ്വദേശി എമി (19), മല്ലപ്പള്ളി സ്വദേശി മേബിൾ (28), തൃക്കൊടിത്താനം സ്വദേശിനികളായ മുംതാസ് (48), ലീല (56), റാജിത (22) കല്ലാർ സ്വദേശിനി സ്വപ്ന (22), വാഴൂർ സ്വദേശിനി ശാന്തമ്മ (67), കുറവിലങ്ങാട് സ്വദേശിനി അജിത (40) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ മുണ്ടക്കയം, 26ാം മൈൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുബസിൻെറയും പിന്നിലെ സീറ്റുകൾ വരെ ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് വളഞ്ഞ നിലയിലാണ്. മുൻ സീറ്റുകളിലും ബസിൻെറ മുകൾഭാഗത്തും തല ഇടിച്ചാണ് കൂടുതൽ പേർക്കും പരിക്കേറ്റത്. ദേശീയപാതയിൽ രണ്ടര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
Loading...