ചമയത്തിൽ ഇടയാറന്മുളയും ആറാട്ടുപുഴയും

05:00 AM
16/09/2019
പത്തനംതിട്ട: ഉത്രട്ടാതി ജലമേളയിൽ ചമയത്തിൽ എ ബാച്ചിൽ ഇടയാറന്മുളയും ബി ബാച്ചിൽ ആറാട്ടുപുഴയും ജേതാക്കൾ. വേഗം ആധാരമാക്കിയുള്ള മത്സരം ഒഴിവാക്കി നടത്തിയ മത്സരത്തിൽ വഞ്ചിപ്പാട്ടും തുഴച്ചിലും അലങ്കാരവുമൊക്കെയാണ് പ്രധാനമായും ജേതാക്കളെ തീരുമാനിക്കാൻ മാനദണ്ഡമാക്കിയത്. ഇതുകൂടാതെ ചമയത്തിൽ മാത്രമായും മത്സരം നടന്നു. പ്രധാനമായും തൃശൂർ പൂരത്തിെല പോലെ വർണക്കുടകളാണ് ചമയത്തിന് വള്ളങ്ങളിൽ ഉപയോഗിച്ചത്. അതുകൂടാതെ കസവുമുണ്ടും നേര്യതും തലേക്കെട്ടുമൊക്കെയായി തുഴച്ചിലുക്കാരുടെ വേഷവും ചമയത്തിൽ പരിഗണന വിഷയമായി. മുത്തുക്കുടകളുടെ അവതരണത്തിലും വേഷവിധാനങ്ങളുടെ ഐക്യത്തിലും അമരച്ചാർത്തുകൾ മനോരഹരമാക്കുന്നതിലും പള്ളിയോടങ്ങൾ മത്സരിച്ചു. വഞ്ചിപ്പാട്ടുകളുടെ താളത്തിൽ തുഴയെറിയാൻ പല പള്ളിയോടങ്ങളും നേരത്തേ തന്നെ പരിശീലനം നടത്തിയിരുന്നു. അൽപം ശ്രമകരമെങ്കിലും ആറന്മുളയുടെ തനത് ശൈലിയിലുള്ള കറക്കിത്തുഴച്ചിൽ കാണികൾക്ക് ദൃശ്യവിസ്മയമൊരുക്കി. മത്സരങ്ങൾ സമയക്രമം പാലിച്ച് നടത്താൻ കഴിയാതെ വന്നത് ജലോത്സവത്തിൽ കല്ലുകടിയായി. മത്സരത്തി‍ൻെറ ഏഴാം ഹീറ്റ്സിലെ കോഴഞ്ചേരി പള്ളിയോടം സ്റ്റാർട്ടിങ് പോയൻറിന് സമീപം മറിഞ്ഞതോടെ ഏഴാം ഹീറ്റ്സ് മത്സരം വൈകി. ഒമ്പതാം ഹീറ്റ്സ് മത്സരത്തിനൊരുങ്ങിയ കാട്ടൂർ പള്ളിയോടത്തിലെത്തിയ തുഴച്ചിലുകാരിലൊരാൾക്ക് അസ്വാസ്ഥ്യം ഉണ്ടായതോടെ വീണ്ടും വൈകി. പമ്പയിലെ ജലനിരപ്പ് താഴാൻ തുടങ്ങിയതോടെ മത്സരം ക്രമീകരിക്കുന്നത് പിന്നെയും വൈകി. മത്സരവിജയികളുടെ പോയൻറ് നില കൈമാറാൻ ഒരുക്കിയ സംവിധാനം നെറ്റ്വർക്ക് തകരാറിനെ തുടർന്ന് തടസ്സപ്പെട്ടതോടെ പോയൻറ് നില നേരിട്ട് കൈമാറേണ്ട സാഹചര്യമുണ്ടായതും എ ബാച്ച് മത്സരം വൈകാൻ ഇടയാക്കി.
Loading...