ജോസഫ്-മാണി വിഭാഗീയത യൂത്ത് ഫ്രണ്ടിലേക്കും പാലാ മണ്ഡലം പ്രസിഡൻറിനെതിരെ നോട്ടീസ്

05:01 AM
18/05/2019
കോട്ടയം: കേരള കോൺഗ്രസിലെ മാണി-ജോസഫ് വിഭാഗങ്ങളുടെ പോര് യൂത്ത് ഫ്രണ്ടിലേക്കും വ്യാപിക്കുന്നു. മാണി വിഭാഗത്തിൻെറ മനഃസാക്ഷി സൂക്ഷിപ്പുകാരനും ഓഫിസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായിരുന്ന മുൻ എം.പി ജോയി എബ്രഹാം പി.ജെ. ജോസഫ് ചേരിയിലേക്ക് കൂറുമാറിയതിൻെറ പേരിലാണ് വിഭാഗീയത പരസ്യമായി പുറത്തുവരുന്നത്. കെ.എം. മാണിയോട് നന്ദികേട് കാണിച്ച് ശത്രുപക്ഷത്ത് ചേർന്ന് വിഭാഗീയത സൃഷ്ടിക്കുന്ന ജോയ് എബ്രഹാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറിനെതിരെ അച്ചടക്ക നടപടിക്ക് സംസ്ഥാന കമ്മിറ്റി തുടക്കമിട്ടതോടെ ഇരുവിഭാഗം തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായി. ജോയി എബ്രഹാമിനെതിരെ അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച്, വാർത്ത നൽകിയ യൂത്ത്ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡൻറ് കുഞ്ഞുമോൻ മാടപ്പാട്ടിനെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു. ഏഴു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാണി വിഭാഗത്തിൻെറ നോമിനിയായി യൂത്ത് ഫ്രണ്ട് പ്രസിഡൻറായ ആളാണ് സജി മഞ്ഞക്കടമ്പൻ. ജോയ് എബ്രഹാമിൻെറ പാത പിന്തുടർന്ന് കൂടുതൽ നേതാക്കൾ ജോസഫ് വിഭാഗത്തിലെത്തുന്നതിൻെറ സൂചനയാണ് ഇപ്പോഴത്തെ നടപടി. ഇതോടെ മാണി വിഭാഗം കൂടുതൽ ശ്രദ്ധയോടെ കരുക്കൾ നീക്കാനാണ് ആലോചിക്കുന്നത്.
Loading...