സര്‍ഫാസി നിയമം എടുത്തുകളയണം -പി.സി. ജോർജ്​

05:00 AM
16/05/2019
കോട്ടയം: വായ്പയെടുത്തവരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സര്‍ഫാസി നിയമം എടുത്തുകളയണമെന്ന് പി.സി. ജോർജ് എം.എല്‍.എ. 20 ലക്ഷത്തിന് മുകളില്‍ വായ്പ എടുത്തവർക്കെതിരെ മാത്രമേ, ഇൗ നിയമപ്രകാരം നടപടി സ്വീകരിക്കാവൂവെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വന്‍കിടക്കാരിൽനിന്ന് വായ്പകൾ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടാണ് സര്‍ഫാസി നിയമം െകാണ്ടുവന്നത്. എന്നാലിപ്പോൾ ഇത് പ്രയോഗിക്കുന്നത് വിദ്യാഭ്യാസ വായ്പയടക്കം എടുത്ത സാധാരണക്കാർക്കെതിരെയാണ്. നെയ്യാറ്റിൻകരയിലെ ആത്മഹത്യക്ക് പിന്നിൽ കുടുംബകാരണങ്ങൾ ഉണ്ടെങ്കിലും ബാങ്കുകളുടെ സമ്മർദവും കുടുംബത്തിൻെറ തകർച്ചക്കിടയാക്കി. കേരള കോൺഗ്രസ് പിരിച്ചുവിടണം. സ്ഥാപിതലക്ഷ്യങ്ങൾ നടപ്പാക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. പാർട്ടി അധികകാലം മുന്നോട്ടുപോകില്ല. ജോസ് കെ.മാണി ചരടുപൊട്ടിയ പട്ടംപോലെ കറങ്ങുകയാണ്. അദ്ദേഹം നേതൃത്വം ഏറ്റെടുക്കുന്നതോടെ പാർട്ടി ഇല്ലാതാകും. പാലാ ഉപതെരഞ്ഞെടുപ്പിൽ ജനപക്ഷം സ്ഥാനാർഥി മത്സരിക്കുമോയെന്നതിൽ എൻ.ഡി.എ നേതൃത്വമാകും തീരുമാനമെടുക്കുക. പാർട്ടിക്ക് വിജയസാധ്യത മണ്ഡലമാണിത്. പാലായിൽ കേരള കോൺഗ്രസ് സ്ഥാനാർഥി ജയിക്കില്ല. സി.പി.എമ്മാണ് ഏറ്റവും വലിയ വർഗീകയ കക്ഷി. തമ്മിൽ ഭേദം ബി.ജെ.പിയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് രണ്ട് സീറ്റ് ഉറപ്പാണ്. യു.ഡി.എഫ് 14 സീറ്റുവരെ നേടും. പിണറായിക്ക് ഒളിച്ചുകളിയില്ല. എന്നാൽ, പഴയ കമ്യൂണിസമല്ല, പിണറായി കമ്യൂണിസമാണ് അദ്ദേഹം നടപ്പിലാക്കുന്നതെന്നും ജോർജ് പറഞ്ഞു.
Loading...