ലക്ഷത്തിൽപരം വോട്ടിന്​ ഇടുക്കി പിടിക്കുമെന്ന്​ യു.ഡി.എഫ്​ കണക്ക്​; എല്ലായിടത്തും ലീഡ്​

05:00 AM
16/05/2019
തൊടുപുഴ: വോട്ടെണ്ണാൻ ഒരാഴ്ച മാത്രം ശേഷിക്കെ ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് വൻ ഭൂരിപക്ഷം കിട്ടുമെന്ന കണക്കുമായി യു.ഡി.എഫ്. പാർലമൻെറ് മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലത്തിലും മുന്നേറ്റം നടത്തി യു.ഡി.എഫ് സ്ഥാനാർഥി 1,04,486 വോട്ടിനു വിജയിക്കുമെന്നാണ് ബൂത്തുതല കണക്കുകൾ ക്രോഡീകരിച്ച് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഭൂരിപക്ഷം ഇതിൽ ഉയർന്നാലും അദ്ഭുതപ്പെടേണ്ടതില്ലെന്ന് യു.ഡി.എഫ് ചെയർമാൻ അഡ്വ. എസ്. അശോകൻ പറഞ്ഞു. തൊടുപുഴ അസംബ്ലി നിയോജക മണ്ഡലത്തിൽ 33,109 വോട്ടും ഇടുക്കിയിൽ 17800, കോതമംഗലം 12182, മൂവാറ്റുപുഴ 15229, പീരുമേട് 8303, ഉടുമ്പൻചോല 8574, ദേവികുളം 9289 എന്നിങ്ങനെ ലീഡ് നേടുമെന്നാണ് കണക്ക്. ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റികളിൽനിന്ന് ശേഖരിച്ച കണക്ക് നിയോജക മണ്ഡലംതലത്തിൽ വിളിച്ചുചേർത്ത യോഗങ്ങളിൽ വിശകലനം ചെയ്താണ് ഭൂരിപക്ഷം കണക്കാക്കിയത്. അടുത്ത കാലത്തൊന്നും ലീഡ് ലഭിച്ചിട്ടില്ലാത്ത ദേവികുളം, ഉടുമ്പൻചോല നിയോജക മണ്ഡലങ്ങളിലെ ചില മേഖലയിൽ യു.ഡി.എഫ് നേരിയതോതിലെങ്കിലും ലീഡ് െചയ്യുമെന്നാണ് പുതിയ കണക്ക്. സ്വാഭാവിക മുന്നേറ്റമാണ് ഇടുക്കിയിൽ ഉണ്ടാകുന്നതെന്നും യു.ഡി.എഫ് മണ്ഡലമായ ഇടുക്കിയിൽ അനുകൂല ഘടകങ്ങളായിരുന്നു ഏറെയുമെന്നും അശോകൻ ചൂണ്ടിക്കാട്ടി. കസ്തൂരിരംഗൻ വിഷയത്തിൽ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ എൽ.ഡി.എഫ് വിജയിച്ചതാണ് കഴിഞ്ഞ തവണ തിരിച്ചടിയായത്. മാറി ചിന്തിച്ചവരെ തിരിച്ചുകൊണ്ടുവരാൻ ഇക്കുറി സാധിച്ചു. തെരഞ്ഞെടുപ്പിൽ ചർച്ചയായ ഏതാണ്ട് എല്ലാവിഷയങ്ങളും യു.ഡി.എഫിന് അനുകൂലമായാണ് ഭവിച്ചത്. മോദിയെ മാറ്റാൻ എൽ.ഡി.എഫിന് വോട്ടുചെയ്താലും സാധിക്കുമെന്ന ധാരണപരത്താൻ ഇടതു സ്ഥാനാർഥി നടത്തിയ പ്രചാരണത്തിൽ മനംമാറ്റമുണ്ടായവരുടെ വോട്ട് മാത്രമാണ് കുറച്ചെങ്കിലും നഷ്ടമായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കെ.പി.സി.സി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ 59,000 വോട്ടിൻെറ ഭൂരിപക്ഷമാണ് കോൺഗ്രസ് ഉറപ്പുപറയുന്നത്. ഇത് ലക്ഷം കടക്കാമെന്നുമാണ് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാറിൻെറ റിപ്പോർട്ട്. അതേസമയം, എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജ് 10000ൽപരം വോട്ടിന് ഇടുക്കിയിൽ ജയിക്കുമെന്നാണ് സി.പി.എം വിലയിരുത്തിയത്.
Loading...