Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമീന പോരാട്ടത്തിലാണ്,...

മീന പോരാട്ടത്തിലാണ്, ശാന്തിവനത്തിെൻറ ജീവൻ നിലനിർത്താൻ...

text_fields
bookmark_border
മീന പോരാട്ടത്തിലാണ്, ശാന്തിവനത്തിൻെറ ജീവൻ നിലനിർത്താൻ... കൊച്ചി: രണ്ടുനൂറ്റാണ്ടിലേറെ ഒരു നാടിന് തണലും തണുപ്പുമേകിയ, ഒട്ടനവധി ജീവജാലങ്ങളുടെയും വൃക്ഷലതാദികളുടെയും ജീവനാഡിയായ ഒരു വനമുണ്ട് ഇന്നാട്ടിൽ. വടക്കൻ പറവൂരിലെ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ വഴിക്കുളങ്ങര പെട്രോൾ പമ്പിനടുത്തുള്ള ശാന്തിവനം എന്ന സ്വച്ഛസുന്ദരമായ കാട്. സർപ്പക്കാവുകളും കുളങ്ങളുമുള്ള, രണ്ടേക്കർ വിസ്തൃതിയുള്ള ശാന്തിവനത്തിനുമുകളിൽ ഇന്ന് അശാന്തിയുടെ വെയിൽ കത്തിനിൽക്കുകയാണ്. വൈദ്യുതി ബോർഡിൻെറ 110 കെ.വി വൈദ്യുതി ലൈനാണ് ഈ സംരക്ഷിത വനത്തിന് മുകളിലൂടെ വലിക്കാനൊരുങ്ങുന്നത്. വനത്തിനുനടുവിൽ ടവർ നിർമിക്കുന്നതുൾെപ്പടെയുള്ള പ്രവർത്തനങ്ങൾ ഇതിൻെറ ഭാഗമായി തുടങ്ങിക്കഴിഞ്ഞു. മീന മേനോൻ എന്ന ഫ്രീലാൻസ് മാധ്യമപ്രവർത്തകയുടെ കുടുംബസ്വത്താണ് ശാന്തിവനമുൾപ്പെടുന്ന ഭൂമി. പരിസ്ഥിതി പ്രവർത്തകരുടെയും പ്രകൃതിസ്നേഹികളുടെയും പ്രിയപ്പെട്ട ഇടമായ ശാന്തിവനത്തിന് മുകളിലൂടെ മന്നത്തുനിന്ന് ചെറായിലേക്കുള്ള 110 കെ.വി വൈദ്യുതിലൈനാണ് സ്ഥാപിക്കുന്നത്. വംശനാശം നേരിടുന്ന ജീവജാലങ്ങൾപോലും അധിവസിക്കുന്ന ഈ വനം സംരക്ഷിക്കുന്നതിന് മീന പോരാട്ടം തുടങ്ങിയിട്ട് വർഷങ്ങളായി. ഹൈകോടതിയിൽ ഇതുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നു. ഇതിനിടെ കഴിഞ്ഞ കുറെ ദിവസമായി വനത്തിനകത്തെ ചില മരങ്ങൾ വെട്ടുകയും മൂന്നുതവണ പൈലിങ് നടത്തുകയും ചെയ്തിട്ടുണ്ട്. ഏറെ വലുതും പ‍ഴക്കം ചെന്നതുമായ പൈൻമരമുൾെപ്പടെ മുറിച്ചുമാറ്റി. ദിവസങ്ങൾക്കുമുമ്പ് െജ.സി.ബി ഉപയോഗിച്ച് നടത്തിയ നിർമാണ പ്രവർത്തനത്തിലൂടെ നിരവധി ചെറുവൃക്ഷങ്ങളും അടിക്കാടുകളും ഇല്ലാതായി. 48 വൃക്ഷങ്ങൾ വെട്ടേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിട്ടുള്ളത്, എന്നാൽ അതിലുമേറെ വൃക്ഷങ്ങൾ വേരോടെ പിഴുതെറിയപ്പെടുമെന്ന ആശങ്കയാണ് മീന പങ്കുവെക്കുന്നത്. 2013ലാണ് 110 കെ.വി വൈദ്യുതി ലൈൻ ഇതുവഴി കടന്നുപോകാനു‍ള്ള പദ്ധതി ആരംഭിച്ചത്. അന്നുമുതൽ ഈ വനത്തെ സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് മീന. രണ്ടുവർഷം മുമ്പ് ഹൈകോടതിയെ സമീപിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം ഹരജി തള്ളി ഉത്തരവും വന്നു. ഉത്തരവ് കൈപ്പറ്റും മുമ്പേ കെ.എസ്.ഇ.ബി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് മീന പറയുന്നു. താൻ വികസനത്തിനെതിരല്ലെന്നും പ്രകൃതി സംരക്ഷണത്തിനായി മുറവിളികൂട്ടുന്ന അധികൃതർ തന്നെ ഇത്തരത്തിൽ സമ്പന്നമായ ആവാസ വ്യവസ്ഥയെ നശിപ്പിക്കാൻ കൂട്ടുനിൽക്കുന്നതിൽ വിഷമമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇവരുടെ ഒറ്റയാൾ പോരാട്ടത്തിന് പിന്തുണയേകി നിരവധിപേർ രംഗത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികൾ ശക്തമാക്കാനൊരുങ്ങുകയാണ് പ്രകൃതിസ്നേഹികൾ. കാടെന്നും കാടായിരിക്കട്ടെ... മീനയുടെ പിതാവും പ്രകൃതിസ്നേഹിയുമായ അന്തരിച്ച രവീന്ദ്രനാഥ്, അദ്ദേഹത്തിൻെറ സുഹൃത്തുക്കളായ ഡോ. സതീഷ്‌കുമാർ, ജോൺസി ജേക്കബ് തുടങ്ങിയവരാണ് ഈ ജൈവവൈവിധ്യ മേഖലക്ക് ശാന്തിവനം എന്ന പേരിട്ട് സംരക്ഷിച്ചത്. മൂന്ന് വലിയ സർപ്പക്കാവുകളും മൂന്ന് കുളങ്ങളും ഒരു കുടുംബക്ഷേത്രവും ശാന്തിവനത്തിലുണ്ട്. വനത്തിൻെറ ഒരു കോണിൽ മീനയും മകൾ ഉത്തരയും താമസിക്കുന്ന വീടുമുണ്ട്. നാകമോഹൻ, പിറ്റ, സൈബീരിയൻ കൊക്കുകൾ തുടങ്ങി പലതരം ദേശാടനക്കിളികളും അന്യംനിന്നുപോകുന്ന വെരുക്, തച്ചൻകോഴി, മരപ്പട്ടി പോലുള്ള ജീവികളും പലയിനം ചിത്രശലഭങ്ങളും ഇന്ത്യൻ ബുൾ ഫ്രോഗ് പോലുള്ള വലിയയിനം തവളകളുമെല്ലാം ശാന്തിവനത്തിലെ ആവാസവ്യവസ്ഥയിൽ ഉള്ളതായി പരിസ്ഥിതിപഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പലതരം ഔഷധസസ്യങ്ങളും കൂടാതെ പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും ഈ കാടിനെ പച്ചപുതപ്പിക്കുന്നു. ശാന്തിവനത്തിലെ പ്രധാന സസ്യവിഭാഗങ്ങളെക്കുറിച്ച് കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ), നാഷനൽ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി തുടങ്ങിയ സ്ഥാപനങ്ങൾ പഠന റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. പരിസ്ഥിതി പഠന വിദ്യാർഥികളും ഏറെ പ്രാധാന്യത്തോടെ സന്ദർശിക്കുന്ന ഇടമാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story