ഇടുക്കിയിലെ മുഴുവൻ റവന്യൂ ഓഫിസുകളിലും വിഡിയോ കോണ്‍ഫറന്‍സ്​ സംവിധാനം

05:01 AM
11/01/2019
* ജില്ലയിലെ മുഴുവന്‍ റവന്യൂ ഓഫിസുകളും വിഡിയോ കോണ്‍ഫറന്‍സ് ആൻഡ് വെബ്കാസ്റ്റ് സംവിധാനത്തിലേക്ക് തൊടുപുഴ: എല്ലാ റവന്യൂ ഓഫിസുകളെയും വിഡിയോ കോണ്‍ഫറന്‍സ് വെബ്കാസ്റ്റ് സംവിധാനം വഴി ബന്ധിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി ഇടുക്കി. ഭരണനടപടി വേഗത്തിലാക്കാനും തീരുമാനങ്ങള്‍ എടുത്ത് അതിദ്രുതം നടപ്പാക്കാനും സഹായിക്കുന്ന വിധത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടന്ന് ഉദ്യോഗസ്ഥതലത്തിലുള്ള കൂടിയാലോചന വേഗത്തിലാക്കാനും അതി​െൻറ ഫലം ജനങ്ങളില്‍ പെട്ടെന്ന് എത്തിക്കാനും ഈ സംവിധാനം ഉപകരിക്കും. ജില്ലയിലെ ഓരോ സ്ഥലത്തും നടക്കുന്ന സംഭവങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ വഴി ജില്ല ആസ്ഥാനത്തിരുന്ന് കാണാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും. സവിശേഷമായ ഈ സംവിധാനത്തി​െൻറ ഉദ്ഘാടനം വെള്ളിയാഴ്ച ലാന്‍ഡ് റവന്യൂ കമീഷണര്‍ എ.ടി. ജയിംസ് നിര്‍വഹിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിലെ മുഴുവന്‍ റവന്യൂ ഓഫിസുകളും വിഡിയോ കോണ്‍ഫറന്‍സ് ആൻഡ് വെബ്കാസ്റ്റ് സംവിധാനത്തിനു കീഴില്‍വരുന്നത്. നവംബറില്‍ ജില്ലയിലെ മുഴുവന്‍ താലൂക്കും ഉടുമ്പന്‍ചോല താലൂക്കിനു കീഴിലുള്ള മുഴുവന്‍ വില്ലേജും ഈ സംവിധാനത്തില്‍ കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്ന 66 വില്ലേജുകളെയും ഈ സംവിധാനത്തിനു കീഴില്‍ കൊണ്ടുവന്നു. വെബ്കാസ്റ്റിങ് സംവിധാനം ഉപയോഗിച്ച് കലക്ടര്‍ തഹസില്‍ദാറുമായി നടത്തുന്ന യോഗങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കമ്പ്യൂട്ടര്‍ വഴിയോ സ്മാര്‍ട്ട്‌ഫോണ്‍ വഴിയോ വീക്ഷിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ഐ.ടി മിഷന്‍ ജില്ല പ്രോജക്ട് മാനേജര്‍ എസ്. നിവേദ് അറിയിച്ചു. എന്‍.ഐ.സിയുടെ സോഫ്റ്റ്‌വെയറായ 'vidhyo' ഉപയോഗിച്ച് തികച്ചും ഔദ്യോഗികമായാണ് ഈ സംവിധാനത്തിന് രൂപകല്‍പന നല്‍കിയത്. ഈ സംവിധാനം വഴി ഭാവിയില്‍ ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിങ് ഉള്‍പ്പെടെയുള്ളവ നല്‍കാന്‍ ഉതകുന്നതാണ്.
Loading...
COMMENTS