തെരുവുനായ്​ ശല്യത്തിൽ വലഞ്ഞ്​ ജനം

05:01 AM
11/10/2018
* എട്ടു ദിവസത്തിനിടെ കടിയേറ്റ് 42 പേർ ചികിത്സ തേടി തൊടുപുഴ: ജില്ലയിലെ മിക്ക പഞ്ചായത്തിലും തെരുവുനായ് ശല്യം രൂക്ഷം. നഗരഗ്രാമവ്യത്യാസമില്ലാതെ പാതയോരങ്ങള്‍ ഇവ കൈയടക്കിയതോടെ കാല്‍നടക്കാരും ഇരുചക്രയാത്രക്കാരും ഭീതിയിലാണ്. രാത്രിയില്‍ കൂട്ടമായി ഇറങ്ങുന്ന നായ്ക്കളെ ഭയന്നാണ് പലരും പുറത്തിറങ്ങുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ 42 പേർ കടിയേറ്റ് ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പി​െൻറ കണക്കുകൾ വ്യക്തമാക്കുന്നത്. അടിമാലി, കുമളി, കട്ടപ്പന, മൂന്നാർ എന്നിവിടങ്ങളിലാണ് തെരുവുനായ് ശല്യം ഏറെ രൂക്ഷം. കുമളിയിലെത്തിയ ഡിസാസ്റ്റർ മാനേജ്മ​െൻറ് സ​െൻറർ മുൻ മേധാവി ഡോ. കെ.ജി. താര ഉൾപ്പെടെ മൂന്ന് സ്ത്രീകളെ കഴിഞ്ഞ ദിവസം നായ്ക്കൾ ആക്രമിച്ചിരുന്നു. ഇരുചക്ര വാഹനങ്ങള്‍ക്ക് കുറുകെ ചാടി അപകടങ്ങള്‍ ഉണ്ടാക്കുന്നതും പതിവായിട്ടുണ്ട്. രാവിലെ തനിയെ വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളും െതരുവുനായ്ക്കളുടെ ആക്രമണം ഭയന്നാണ് സഞ്ചരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് ഉടമകളില്ലാതായി തീര്‍ന്ന നായ്ക്കളും തീറ്റതേടി പാതകളിലിറങ്ങുന്നതും നായ് ശല്യം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. തൊടുപുഴയടക്കം ചിലയിടങ്ങളിൽ തെരുവുനായ്ക്കളുടെ വംശവർധന തടയുന്നതിന് എ.ബി.സി പദ്ധതി നടപ്പാക്കി വരുന്നുണ്ട്. ജില്ലയിലെ എല്ലാ പഞ്ചായത്തിലേക്കും പദ്ധതി വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. പഞ്ചായത്ത് അംഗം കരാർ ജോലി ഏറ്റെടുത്തത് ചട്ടലംഘനം; തെരഞ്ഞെടുപ്പ് കമീഷൻ കേസെടുത്തു * രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിന് തൊടുപുഴ: ഇടവെട്ടി ഗ്രാമപഞ്ചായത്ത് സി.പി.എം അംഗം ടി.എം. മുജീബ് സത്യപ്രതിജ്ഞ ലംഘനവും അഴിമതി നടത്തിെയന്നും രാജിെവച്ച് അന്വേഷണം നേരിടണമെന്നും യു.ഡി.എഫ് മണ്ഡലം കമ്മിറ്റി. പഞ്ചായത്ത് അംഗമായ മുജീബ് സ്വന്തം പേരിലും ബിനാമിയായും കരാർ പണിയെടുത്ത് നടത്തിയത് സംബന്ധിച്ച പരാതിയിലാണ് തെരഞ്ഞെടുപ്പ് കമീഷൻ കേസെടുത്തത്. തൊഴിലുറപ്പ് പദ്ധതിയുടെ പരസ്യബോർഡുകൾ കരാറെടുത്ത് സ്ഥാപിച്ചതിൽ ക്രമക്കേട് നടത്തിയെന്നും നേതാക്കൾ ആരോപിച്ചു. സ്വന്തം പേരിലും ബിനാമിയായും ജില്ലയിലെ 22 പഞ്ചായത്തുകളിൽ കരാർ ഏറ്റെടുക്കുകയും അബദ്ധം പറ്റിയതാണെന്ന് സാമൂഹമാധ്യമങ്ങളിലൂടെ കുറ്റസമ്മതം നടത്തുകയും ചെയ്തതിലൂടെ ഗുരുതരമായ അഴിമതിയും സത്യപ്രതിജ്ഞ ലംഘനവും വിശ്വാസവഞ്ചനയുമാണ് നടന്നിട്ടുള്ളതെന്നും ഇൗസാഹചര്യത്തിൽ രാജിവെച്ച് നിയമനടപടി നേരിടണമെന്നും നേതാക്കളായ എ.കെ. സുഭാഷ്കുമാർ, അസീസ് ഇല്ലിക്കൽ, ജയകൃഷ്ണൻ പുതിയേടത്ത്, എം.പി അഷറഫ്, ബേബി കാവാലം എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുജീബിനെപ്പോലെ മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം വരെയായി പ്രവർത്തിച്ച വിദ്യാസമ്പന്നനായ ഒരാൾക്ക് പഞ്ചായത്തീരാജ് ചട്ടവും ജനപ്രതിനിധി പാലിക്കേണ്ട പൊതുനിയമങ്ങളും അറിയില്ലെന്നത് അവിശ്വസനീയമാണ്. ഗുണനിലവാരമില്ലാത്ത ഫെറോ സിമൻറിൽ നിർമിച്ച ബോർഡുകളുടെ മുതൽമുടക്കി​െൻറ പത്തിരട്ടിവരെ ഈടാക്കിയാണ് കരാറെടുത്ത് പഞ്ചായത്തുകൾക്ക് നൽകിയത്. 12 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള സിറ്റിസൺ ഇൻഫർമേഷൻ ബോർഡിന് 4960 രൂപവരെയാണ് ഈടാക്കിയിട്ടുണ്ട്. പരമാവധി മുടക്ക് 700 രൂപ വരെയാകുമെന്നിരിക്കെയാണിത്. ബോർഡുകൾ കോൺക്രീറ്റ് ബീമിൽ സ്ഥാപിക്കണമെന്ന നിബന്ധന തെറ്റിച്ച് തൊഴിലുറപ്പ് സൈറ്റുകളിൽ വെറുതെ കൊണ്ടുപോയി നിലത്തിട്ട നിലയിലാണ്. മുജീബ് രാജിവെച്ചില്ലെങ്കിൽ യു.ഡി.എഫ് നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും ഇതി​െൻറ ഭാഗമായി ഞായറാഴ്ച വൈകീട്ട് നാലിന് ഇടവെട്ടിയിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നും എന്നാൽ, അഴിമതി നടത്തിെയന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മുജീബ് അറിയിച്ചു. സ്വന്തം പഞ്ചായത്തിൽ വർക്കെടുക്കരുതെന്നേ മനസ്സിലാക്കിയിരുന്നുള്ളു. മറ്റ് പഞ്ചായത്തുകളിൽ കരാറെടുത്തത് ചട്ടലംഘനമാണെന്ന് നിയമം ഭേദഗതി െചയ്തിട്ടുണ്ട്. കരാർ വർക്ക് െചയ്ത ഇനത്തിൽ ആറര ലക്ഷം രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളൂവെന്നും മുജീബ് പറഞ്ഞു.
Loading...
COMMENTS