കട്ടപ്പന നഗരത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ സ്​ക്വ​ാഡുകൾ

06:33 AM
12/09/2018
കട്ടപ്പന: നഗരത്തിൽ മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാനും പിഴയടപ്പിക്കാനും സ്ക്വാഡുകൾ രൂപീകരിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ മൂന്ന് അംഗങ്ങൾ അടങ്ങുന്ന മൂന്ന് സ്‌ക്വാഡുകളാണ് െതരഞ്ഞെടുത്തത്. രാത്രിയിലാവും നിരീക്ഷണം. ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനിടെ, കട്ടപ്പന ട്രൈബൽ സ്‌കൂളിനുമുന്നിൽ ചിലർ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് തടയാനെത്തിയ നഗരസഭ ജീവനക്കാരും മാലിന്യം തള്ളാനെത്തിയവരുമായി വാക്കേറ്റമുണ്ടായി. ജീവനക്കാർ പറഞ്ഞത് അംഗീകരിക്കാതെ അവർ മാലിന്യം നിക്ഷേപിച്ച് മടങ്ങി. ഇതേതുടർന്ന് മാലിന്യം തള്ളിയവർക്കെതിരെ നിയമ നടപടിയെടുക്കാനും പൊലീസ് സഹായം തേടാനും ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭ അതിർത്തിയിൽ സമ്പൂർണ ഉറവിട മാലിന്യ സംസ്‌കരണം പൂർത്തിയായതിനെതുടർന്നാണ് നഗരസഭ പരിധിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച മുതലാണ് നഗരസഭ മാലിന്യശേഖരണവും സംസ്‌കരണവും പൂർണമായും നിർത്തിയത്. പുളിയന്മലയിലെ നഗരസഭയുടെ മാലിന്യ സംസ്‌കരണകേന്ദ്രം പൂട്ടാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇനിമുതൽ നഗരപരിധിയിൽ പ്ലാസ്റ്റിക് മാലിന്യം മാത്രം ശേഖരിച്ചാൽ മതിയെന്നാണ് നഗരസഭയുടെ തീരുമാനം. ഇതിന് ഹരിത കർമസേനയെ ചുമതലപ്പെടുത്തും. പ്ലാസ്റ്റിക് ശേഖരിക്കുന്ന വ്യാപാരികളിൽനിന്നും വ്യക്തികളിൽനിന്നും ഫീസിനത്തിൽ തുക ഈടാക്കാനും ഹരിത കർമസേനയുടെ നടത്തിപ്പിന് ആ തുക ഉപയോഗിക്കാനും തീരുമാനിച്ചു. വ്യക്തികളിൽനിന്ന് 20 രൂപയും സ്ഥാപനങ്ങളിൽനിന്ന് 50 മുതൽ 100 രൂപ വരെയുമാണ് ഫീസ് ഈടാക്കുക. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന മൊത്ത വ്യാപാരികളിൽനിന്ന് 4000 രൂപ നഗരസഭ ഹരിത കർമസേനയുടെ പ്രവർത്തനത്തിന് പിരിച്ചെടുക്കാനും തീരുമാനമായി. പ്ലാസ്റ്റിക് ഷ്രഡ്ജിങ് യൂനിറ്റ് ഉപയോഗിച്ച് സംസ്‌കരിക്കാൻ കഴിയാത്ത വസ്തുക്കൾ സംസ്‌കരിക്കാൻ ഇൻസിനറേറ്റർ വാങ്ങണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഡിയം നിർമാണത്തിന് സ്ഥലം ഏറ്റെടുക്കും. യോഗത്തിൽ നഗരസഭ ചെയർമാൻ അഡ്വ. മനോജ് എം. തോമസ് അധ്യക്ഷത വഹിച്ചു. കേരള വിധവ വയോജന ക്ഷേമസംഘം ജില്ല സമ്മേളനം 16ന് തൊടുപുഴ: കേരള വിധവ വയോജന ക്ഷേമസംഘം ജില്ല സമ്മേളനം 16ന് തൊടുപുഴ പെന്‍ഷന്‍ ഭവനില്‍ ചേരും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്യും. അംഗത്വ വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി ജലജ മണവേലില്‍ നിര്‍വഹിക്കും. പ്രകൃതി ദുരന്തത്തില്‍ വീടും ഭൂമിയും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം. ഒരു വര്‍ഷത്തേക്ക് 25 കിലോ അരി വീതം റേഷന്‍ കടകളിലൂടെ സൗജന്യമായി വിതരണം ചെയ്യണമെന്നും ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തില്‍ സോഷ്യല്‍ ജസ്റ്റിസ് വെല്‍ഫെയര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് ആപ്പാഞ്ചിറ പൊന്നപ്പന്‍, കേരള വിധവ വയോജന ക്ഷേമസംഘം ജില്ല സെക്രട്ടറി സുഹറ വണ്ണപ്പുറം, ഡോളി ജോയ്, രമണി മണക്കാട്, ഓമന തങ്കപ്പന്‍ എന്നിവര്‍ പങ്കെടുത്തു. വിനായക ചതുർഥി ആഘോഷം നാളെ തൊമ്മൻകുത്ത്: നാൽപതേക്കർ ശാന്തിക്കാട് ദേവീക്ഷേത്രത്തിൽ വിനായക ചതുർഥി വ്യാഴാഴ്ച ആഘോഷിക്കും. രാവിലെ അഞ്ചുമുതൽ അഷ്ടദ്രവ്യമഹാഗണപതി ഹോമം ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പ്രതീപ്കുമാർ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
Loading...
COMMENTS