ലോവര്‍ പെരിയാര്‍ വൈദ്യുതി നിലയം തകർന്നത്​ ടണൽമുഖം അടക്കാതിരുന്നതിനാൽ ​

06:21 AM
12/09/2018
ചെറുതോണി (ഇടുക്കി): സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ വൈദ്യുതി നിലയമായ ലോവർ പെരിയാർ പ്രളയത്തിൽ തകരാൻ ഇടയായത് ഉദ്യോഗസ്ഥരുടെ വീഴ്ച. വൈദ്യുതി ഉൽപാദനം നിർത്തിെവച്ച് ഡാമി​െൻറ ഇൻടേക്ക് ഗേറ്റ് (ടണൽമുഖം) അടക്കാത്തതിനാൽ ടണലിൽ വെള്ളത്തോടൊപ്പം ചളിയും മണ്ണും അടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ 15ന് രാത്രി മഹാപ്രളയം ഉണ്ടാകുകയും ഇടുക്കിയും കല്ലാർകുട്ടിയും അടക്കം അണക്കെട്ടുകൾ തുറന്നുവിടുകയും ചെയ്ത ഘട്ടത്തിൽ അശ്രദ്ധമായി ടണലിലൂടെ വെള്ളം കയറ്റിവിട്ട് ലോവർ പെരിയാറിൽ വൈദ്യുതി ഉൽപാദനം തുടർന്നു. ഒപ്പം കല്ലും മണ്ണും ചളിയും ടണലിനുള്ളിലേക്ക് തള്ളിക്കയറിക്കൊണ്ടിരുന്നത് ശ്രദ്ധിക്കാതെയായിരുന്നു ഇൗ നടപടി. നിയന്ത്രണാതീത കാരണങ്ങൾ ശ്രദ്ധയിൽപെട്ടാൽ കരിമണലിലെ നിലയത്തിൽ അറിയിച്ച് വൈദ്യുതി ഉൽപാദനം നിർത്തിവെക്കാൻ സംവിധാനമുണ്ട്. എപ്പോൾ വേണമെങ്കിലും ടണലിൽ വെള്ളംകയറാതെ നിർത്തിവെക്കാൻ പറ്റുന്ന നാല് ഗേറ്റുകൾ വേറെയുണ്ട്. ഇതിൽ രണ്ടെണ്ണം ഡാമി​െൻറ ഇൻടേക്കിൽ തന്നെയാണ്. ഒരെണ്ണം പ്രവർത്തനരഹിതമായാൽ രണ്ടാമത്തെ ഗേറ്റ് അടക്കാം. ഇതുരണ്ടും അടക്കാൻ കഴിയാതെ വന്നാൽ വെള്ളം ഒഴുകിച്ചെല്ലുന്ന കരിമണലിലെ പ്രഷർ ഷാഫ്റ്റിലെ ഗേറ്റ് അടക്കാം. നാലാമത്തെ ഗേറ്റ് ജനറേറ്ററിന് അടുത്തുള്ള ബട്ടർഫ്ലൈ വാൽവിനോട് ചേർന്നാണ്. എന്നാൽ ലോവർ പെരിയാറിൽ സംഭവദിവസം ഇൗ നാലുഗേറ്റുകളും അടച്ചില്ല. വൈദ്യുതി ഉൽപാദനം നടക്കുമ്പോൾ അസി. എക്സിക്യൂട്ടിവ് എൻജിനീയർ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടാകേണ്ടതാണ്. എന്നാൽ, സംഭവദിവസം മുഖ്യചുമതലക്കാർ ഇല്ലായിരുന്നെന്നാണ് സൂചന. ഇൗ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നത് തീർത്തും പരിചയക്കുറവുള്ള കരാർ ജീവനക്കാരായിരുന്നു. ഡാം സേഫ്റ്റി വിഭാഗത്തിനും ജനറേഷൻ വിഭാഗത്തിനും ഇക്കാര്യത്തിൽ തുല്യ ഉത്തരവാദിത്തമാണുള്ളതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ലോവർ പെരിയാറിൽ വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലായതോടെ പ്രതിദിനം ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് വൈദ്യുതി ബോർഡിന് ഉണ്ടാകുന്നത്. നിലയം തകരാറിലായിട്ട് മൂന്നാഴ്ച പിന്നിട്ടു. 60 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് ലോവർ പെരിയാറിലുള്ളത്. ഡാം സ്ഥിതിചെയ്യുന്ന പാംപ്ലയിൽനിന്ന് 12.79 കി.മീ. നീളവും 6.05 മീറ്റർ വ്യാസവുമുള്ള ഭൂഗർഭ ടണലിൽ കൂടി വെള്ളം കടത്തിവിട്ട് കരിമണലിൽ എത്തിച്ച് അവിടെനിന്ന് പെൻസ്റ്റോക് പൈപ്പുവഴി വെള്ളം ടർബൈനിൽ ചാടിച്ചാണ് വൈദ്യുതി ഉൽപാദനം. നാല് ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് പരമാവധി ഉൽപാദനശേഷി. 2.38 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം ശേഖരിച്ചുവെക്കാൻ കഴിയുന്നതാണ് ടണൽ. തിങ്കളാഴ്ചവരെ 40 കോടിയുടെ നഷ്ടമാണ് വൈദ്യുതിബോർഡിന് ഉണ്ടായിട്ടുള്ളത്. 1997ലാണ് ഡാം കമീഷൻ ചെയ്തത്.
Loading...
COMMENTS