കൊലവിളിച്ച്​ കാട്ടാനകൾ; മാസത്തിനിടെ നഷ്​ടമായത്​ മൂന്ന്​ ജീവൻ

05:47 AM
12/07/2018
അടിമാലി: തോട്ടം മേഖലയിൽ കാട്ടാനകളുടെ കൊലവിളിയിൽ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് പേർ. ഈ മേഖലയിൽ മാത്രം കാട്ടാനകളുടെ ആക്രമണത്തിൽ ഇൗ വർഷം നാലുപേരും. വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ രണ്ടു വർഷത്തിനിടെ എട്ടുപേരാണ് മരിച്ചത്. ഒരു ആദിവാസിയും രണ്ട് തമിഴ് തോട്ടം തൊഴിലാളികളുമാണ് ഒടുവിൽ കൊല്ലപ്പെട്ടത്. ദേവികുളം റേഞ്ചിൽപെട്ട ശാന്തൻപാറ, പൂപ്പാറ, ചിന്നക്കനാൽ, ബിയൽ റാം, സൂര്യനെല്ലി എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ കാട്ടാനശല്യം. വനംവകുപ്പി​െൻറ റാപിഡ് റെസ്പോൺസ് ടീം ഉൾെപ്പടെ കാട്ടാനയെ തുരത്താൻ ജാഗരൂകരായി നിൽക്കുേമ്പാഴും കാട്ടാനകൾ ജീവനുകളെടുക്കുന്നത് തോട്ടം തൊഴിലാളി മേഖലയെ ഭീതിയിലാഴ്ത്തുകയാണ്. തമിഴ്നാട്ടിൽനിന്ന് മേഖലയിലെ തോട്ടങ്ങളിലെത്തി തൊഴിലെടുക്കുന്നവർ തൊഴിൽ ഉപേക്ഷിച്ച് പോകുന്ന പ്രവണത വർധിച്ചിട്ടുണ്ട്. ബുധനാഴ്ച കൊല്ലപ്പെട്ട കുമാർ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ സ്വദേശിയാണ്. ശാന്തൻപാറ രാജാപ്പാറ ജംഗിൾ പാലസ് എസ്റ്റേറ്റിലെയും റിസോർട്ടിലെയും ജീവനക്കാരനായ കുമാർ ഭാര്യയോടും സുഹൃത്തിനോടുമൊപ്പം നടന്ന് പോകവെയാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. ഈ വർഷം ദേവികുളം റേഞ്ചിൽ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചാണ്. കഴിഞ്ഞ വർഷം മൂന്നുപേരും കൊല്ലപ്പെട്ടു. തോട്ടങ്ങളിൽനിന്ന് കാട്ടാനകൾ പോകാതെ നിൽക്കുകയാണ്. മതികെട്ടാൻചോലയിൽനിന്നാണ് കാട്ടാനകൾ എത്തുന്നത്. ഹെക്ടർ കണക്കിന് ഏലച്ചെടികളും കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്. ജൂലൈ നാലിന് ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ അടിമാലി പഞ്ചായത്ത് നിവാസി തങ്കച്ചൻ കൊല്ലപ്പെട്ടിരുന്നു. രണ്ടാഴ്ച മുമ്പാണ് പൂപ്പാറയിൽ എസ്റ്റേറ്റ് കാവൽക്കാരനെ കാട്ടാന കൊലപ്പെടുത്തിയത്. ഹോട്ടൽ ജോലി കഴിഞ്ഞുപോയ ജീവനക്കാരനും ആടിനെ മേയ്ച്ചുകൊണ്ടിരുന്ന തോട്ടം തൊഴിലാളി സ്ത്രീയുമാണ് കാട്ടാനയുടെ ആക്രമണത്തിൽ ഈ വർഷം കൊല്ലപ്പെട്ട മറ്റുള്ളവർ. എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, ശാന്തൻപാറ, ബൈസൺവാലി, മറയൂർ, വട്ടവട, അടിമാലി, മാങ്കുളം, ഇടമലക്കുടി പഞ്ചായത്തുകളിലാണ് കാട്ടാന ശല്യം രൂക്ഷം. രണ്ടു ദിവസം മുമ്പ് ഇടമലക്കുടിയിൽ 10 ഏക്കറോളം കൃഷിയും രണ്ടു വീടും കാട്ടാന തകർത്തിരുന്നു. 2005ലാണ് സർക്കാർ ഭൂരഹിത ആദിവാസികളെ കണ്ടെത്തി ചിന്നക്കനാലിൽ 301 കോളനി സ്ഥാപിച്ച് 200ലേറെ ആദിവാസികളെ കുടിയിരുത്തിയത്. ആനത്താരയിലാണ് കുടിയിരുത്തിയതെങ്കിലും മറ്റ് മാർഗങ്ങളില്ലാതെ ഇവിടെ ആദിവാസികൾ ജീവിതം തുടങ്ങി. എന്നാൽ, കാട്ടാനകൾ ആദിവാസികളുടെ ജീവൻ എടുത്തുതുടങ്ങിയതോടെ ഭൂരിഭാഗം പേരും ഇവിടെ നിന്ന് പലായനം ചെയ്തു. ഇപ്പോൾ 50 താഴെ കുടുംബങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. പുരയിടത്തിൽ കൃഷിയിറക്കാൻപോലും കാട്ടാനകൾ സമ്മതിക്കുന്നില്ല. സൗജന്യമായി ലഭിക്കുന്ന റേഷൻ മാത്രമാണ് ഇവിടെ പല കുടുംബങ്ങൾക്കും ആശ്രയം. ജനങ്ങൾ സംഘടിച്ചതിനെ തുടർന്ന് വനംവകുപ്പ് കാട്ടാനയെ തുരത്താൻ കുങ്കിയാനകളെ കൊണ്ടുവന്നിരുന്നു. ഇതും വിജയം കണ്ടില്ല. വനംവകുപ്പി​െൻറ റാപിഡ് റെസ്പോൺസ് ടീം മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും കാട്ടാന ആക്രമണത്തിന് തടയിടാനായിട്ടില്ല. മൊബൈൽ എസ്.എം.എസ് സേവനം നിലവിലുള്ളതും ഗുണം ചെയ്തിട്ടില്ല. കാട്ടാനകളുടെ ആക്രമണം ഉണ്ടാകുമ്പോൾ തേക്കടിയിൽനിന്നും കോന്നിയിൽനിന്നും വിദഗ്ധർ വരുംവരെ കാത്തിരിക്കേണ്ട ഗതികേടാണ്. സൗരോർജവേലി പലയിടത്തും സ്ഥാപിച്ചെങ്കിലും അതും പ്രവർത്തിക്കുന്നില്ല. കാട്ടാനയെ അകറ്റാൻ കിടങ്ങുകൾക്കും കഴിയാതായതോടെ കൃഷിയും സംരക്ഷിക്കാനാകുന്നില്ല.
Loading...
COMMENTS