കെവിന്‍ വധക്കേസ്: നീനുവിന് മനോരോഗമില്ലെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട്

05:47 AM
12/07/2018
ഏറ്റുമാനൂര്‍: കൊല്ലപ്പെട്ട കെവിൻ പി. ജോസഫി​െൻറ ഭാര്യ നീനുവിന‌് മാനസികപ്രശ‌്നങ്ങളൊന്നുമില്ലെന്ന‌് വ്യക്തമാക്കുന്ന ആശുപത്രി രേഖകൾ കോടതിയിൽ. നീനുവിനെ മൂന്നുതവണ ത​െൻറയടുത്ത് കൗണ്‍സലിങ്ങിന് ഹാജരാക്കിയിരുന്നുവെന്നും സാധാരണ കൗൺസലിങ‌് മാത്രമാണ‌് നൽകിയതെന്നും മാനസികമായി തകരാറൊന്നുമില്ലെന്നും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ രേഖാമൂലം അറിയിച്ചു. കെവി​െൻറ ഭാര്യ നീനുവിന് മാനസികരോഗം ഉണ്ടെന്ന പ്രതിഭാഗത്തി​െൻറ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കോടതി ആവശ്യപ്പെട്ട പ്രകാരമാണ് ഡോക്ടര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിയത്. തനിക്ക് ഒരു പ്രണയം ഉണ്ടെന്നും അതില്‍നിന്ന് ഒരിക്കലും പിന്‍മാറില്ലെന്നും നീനു പറഞ്ഞതായി ഡോക്ടര്‍ വ്യക്തമാക്കി. അതേസമയം, നീനുവിന് മാനസികരോഗം ഉണ്ടായിരുന്നുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിഭാഗം. ഇത് തെളിയിക്കാനായി ഒരു മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. നീനു കെവി​െൻറ വീട്ടില്‍ താമസിക്കുന്നതു സംബന്ധിച്ചും മറ്റുമുള്ള പൊലീസി​െൻറ റിപ്പോര്‍ട്ട് കിട്ടിയശേഷം ഇത് കോടതി പരിഗണിക്കും. ഒന്നാം പ്രതിയും നീനുവി​െൻറ സഹോദരനുമായ ഷാനു ചാക്കോയുടെ ശബ്ദസാമ്പിള്‍ എടുക്കണമെന്ന പൊലീസി​െൻറ ആവശ്യം കോടതി തള്ളി. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ മുൻ എ.എസ്.ഐ ബിജു, കെവി​െൻറ ബന്ധു അനീഷ് എന്നിവരുമായി ഷാനു ഫോണിലൂടെ സംസാരിച്ചിരുന്നു. ഇത‌് ശാസ്ത്രീയമായി തെളിയിക്കാനാണ് ഷാനു ചാക്കോയുടെ ശബ്ദസാമ്പിൾ ശേഖരിക്കാൻ അന്വേഷണസംഘം കോടതിയെ സമീപിച്ചത്. എന്നാൽ, പ്രതികളുടെ ശബ്ദസാമ്പിൾ ശേഖരിക്കാൻ നിയമാനുസൃതമായി സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടി കോടതി ഈ ആവശ്യം തള്ളി. ശബ്ദസാമ്പിൾ നൽകാൻ സമ്മതമല്ലെന്ന‌് ഷാനു അറിയിച്ചിരുന്നു. നീനു നിലവിൽ താസിക്കുന്നത‌് സുരക്ഷിതമായ സാഹചര്യത്തിലാണോ എന്ന‌് പരിശോധിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. കേസിൽ നീനുവി​െൻറ അമ്മ രഹ‌്നയെ ബുധനാഴ‌്ച ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ഇത‌് നീട്ടിെവച്ചതായി അന്വേഷണ ചുമതലയുള്ള ഡിവൈ.എസ‌്.പി ഗിരീഷ‌് പി. സാരഥി അറിയിച്ചു. കേസിലെ അഞ്ചാം പ്രതിയായ ചാക്കോ ഒഴികെ ഒന്ന് മുതല്‍ 13വരെ പ്രതികള്‍ക്കായി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ജൂലൈ 16ലേക്ക് മാറ്റി.
Loading...
COMMENTS