Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 5:42 AM GMT Updated On
date_range 2018-01-10T11:12:01+05:30തിരുവാർപ്പ് ടൂറിസം കേന്ദ്രത്തിൽ അസ്തമയം വീക്ഷിക്കാം; ഇന്ന് മുതൽ ബോട്ട് യാത്രയും
text_fieldsകോട്ടയം: തിരുവാർപ്പ് ടൂറിസം കേന്ദ്രവുമായി ബന്ധപ്പെട്ട് വിനോദസഞ്ചാര ബോട്ട് യാത്രക്ക് ബുധനാഴ്ച തുടക്കം. ബോട്ട് സര്‍വിസ് ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് 1.30ന് സുരേഷ്‌കുറുപ്പ് എം.എൽ.എ നിർവഹിക്കും. തിരുവാര്‍പ്പ് പഞ്ചായത്തില്‍ കാഞ്ഞിരം-മലരിക്കല്‍ പാതയിലെ ടൂറിസം കേന്ദ്രവുമായി ബന്ധപ്പെടുത്തിയാണ് സർവിസ് ആരംഭിക്കുന്നത്. കാഞ്ഞിരംജെട്ടിയില്‍നിന്ന് വേമ്പനാട്ടുകായലിലേക്കും മീനച്ചിലാര്‍--കൊടൂരാര്‍ ഉള്‍പ്പെടെയുള്ള ഉള്‍നാടന്‍ തോടുകളിലേക്കും ദിവസവും വിനോദയാത്ര, ബോട്ടിങ് സൗകര്യമുണ്ടാകും. കാഞ്ഞിരം പാലത്തിനു സമീപത്തുനിന്നാണ് ബോട്ടിങ് ആരംഭിക്കുന്നത്. മോട്ടോര്‍ ബോട്ട് സര്‍വിസിന് ആദ്യത്തെ ഒരു മണിക്കൂറിന് 600ഉം പിന്നീട് ഓരോ മണിക്കൂറിനും 500 രൂപയുമാണ് ചാര്‍ജ്. ആറുപേര്‍ മുതല്‍ 50 പേര്‍വരെ കയറാവുന്ന ബോട്ടാണുള്ളത്. സ്പീഡ് ബോട്ടിന് മണിക്കൂറിന് 2000 രൂപയാണ് ചാർജ്. ആയിരത്തിലേറെ ഏക്കർ വിസ്തൃതിയിൽ നെൽപാടശേഖരത്തിെൻറ ഇളംകാറ്റ് ആസ്വദിക്കാനാകും. ഉൾനാടൻ വിനോദയാത്ര വികസനത്തിെൻറ ഭാഗമായി കാഞ്ഞിരം-മലരിക്കൽ ഭാഗത്തെ കായൽമേഖലയും പുഞ്ചപ്പാടങ്ങളും കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിക്കായി മലരിക്കൽ ഭാഗമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മീനച്ചിലാർ വീതി കുറഞ്ഞ് ദുർബലമായി കൊടൂരാറുമായി സന്ധിക്കുന്നത് ഇവിടെയാണ്. കോട്ടയം-ആലപ്പുഴ ജലപാതയായ പുത്തൻതോടും മീനച്ചിലാറും മുറിയുന്നത് കാഞ്ഞിരത്തുവെച്ചാണ്. ടൂറിസം പ്രാധാന്യമുള്ള ആർ ബ്ലോക്ക്, പഴുക്കാനിലം കായൽപ്രദേശങ്ങളും സമീപത്തായി സ്ഥിതി ചെയ്യുന്നു. പൈതൃക പ്രാധാന്യമുള്ള വിവിധപ്രദേശങ്ങളിലൂടെയുള്ള വഞ്ചിയാത്രയും ബോട്ട്യാത്രയും വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുമെന്നാണ് പ്രതീക്ഷ. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതി ജനകീയ കൂട്ടായ്മ, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത്, കോട്ടയം സഹകരണ അര്‍ബന്‍ ബാങ്ക്, തിരുവാര്‍പ്പ് സര്‍വിസ് സഹകരണ ബാങ്ക്, കാഞ്ഞിരം സര്‍വിസ് സഹകരണ ബാങ്ക്, ജെ ബ്ലോക്ക് പാടശേഖര സമിതി, തിരുവാര്‍പ്പ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘം എന്നിവരുടെ നേതൃത്വത്തിലാണ് ടൂറിസം കേന്ദ്രം ഒരുക്കിയിരിക്കുന്നത്. വയലോര-കായലോര ടൂറിസം ഫെസ്റ്റിന് നാളെ തുടക്കം കോട്ടയം: തിരുവാർപ്പ് ടൂറിസം കേന്ദ്രവുമായി ബന്ധപ്പെട്ട് വയലോര-കായലോര ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കം. കാഞ്ഞിരംജെട്ടിയിൽനിന്ന് വള്ളങ്ങളിലും ബോട്ടുകളിലും വിവിധപ്രദേശങ്ങളിലേക്ക് സഞ്ചാരയാത്രയാണ് പ്രധാനം. 14ന് സമാപിക്കുന്ന ഫെസ്റ്റിെൻറ ഭാഗമായി വൈകീട്ട് നാലുമുതൽ ഏഴുവരെ കുടുംബശ്രീ യൂനിറ്റ് നേതൃത്വത്തിൽ ഭക്ഷ്യമേളയുമുണ്ടാകും. കപ്പയും കാച്ചിലും ചേമ്പും ഉൾപ്പെടെയുള്ള നാടൻഭക്ഷണങ്ങളുടെ രുചിയറിയാനും സൗകര്യമുണ്ട്. സഞ്ചാരികളുടെ തിരക്കനുസരിച്ച് സ്ഥിരം സംവിധാനമാക്കാനും ലക്ഷ്യമുണ്ട്. ഹരിതനിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ടൂറിസം കേന്ദ്രത്തിൽ മുളനിർമിത ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാദിവസവും വിവിധ കലാപാടികൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Next Story