Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2018 5:18 AM GMT Updated On
date_range 2018-02-20T10:48:00+05:30അഭയ കേസ്: ജോസ് പൂതൃക്കയിൽ കോൺവെൻറിൽ എത്തിയതിന് തെളിവുണ്ടോയെന്ന് കോടതി
text_fieldsഅഭയ കേസ്: ജോസ് പൂതൃക്കയിൽ കോൺവെൻറിൽ എത്തിയതിന് തെളിവുണ്ടോയെന്ന് കോടതി തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിൽ പയസ് ടെൻത് കോൺവെൻറിൽ എത്തിയെന്ന് സ്ഥാപിക്കുന്ന എന്ത് തെളിവാണ് സി.ബി.ഐക്ക് ഹാജരാക്കാനുള്ളതെന്ന് കോടതി. ഫാ. ജോസ് പൂതൃക്കയിലിെൻറ വിടുതൽ ഹരജിയിൽ വാദം പരിഗണിക്കുമ്പോഴാണ് സി.ബി.ഐ നിയമോപദേശകനോട് ചോദ്യം ഉന്നയിച്ചത്. ഫാദർ സംഭവ ദിവസം പയസ് ടെൻത് കോൺവെൻറിൽ എത്തിയെന്ന് സ്ഥാപിക്കാനുള്ള ഒരു സാക്ഷിമൊഴിയും സി.ബി.െഎയുടെ പക്കൽ ഇല്ലാത്തതിനാൽ രണ്ടാം പ്രതിയാക്കാൻ കഴിയില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ, ജോസ് പൂതൃക്കയിൽ കോൺവെൻറിലെ സ്ഥിരം സന്ദർശകനാണെന്നാണ് സി.ബി.ഐ വാദിച്ചത്. പൂതൃക്കയിലിെൻറ സ്വഭാവം ശരിയല്ലെന്ന പ്രഫ. ത്രേസ്യാമ്മയുടെ മൊഴിയും സാഹചര്യത്തെളിവുകളും പരിഗണിച്ച് ഫാ.ജോസ് പൂതൃക്കയിലിനെ പ്രതിയാക്കണമെന്ന് സി.ബി.ഐ വാദിച്ചു. ഈ സാക്ഷിമൊഴികളല്ലാതെ മറ്റ് എന്ത് തെളിവുകളെന്ന് കോടതി ചോദിച്ചു. കൂടുതൽ വാദം പറയുന്നതിലേക്കായി സമയം വേണമെന്ന സി.ബി.ഐ നിയമോപദേശകെൻറ ആവശ്യം കോടതി അംഗീകരിച്ചു. കേസിലെ മൂന്നാം പ്രതി സെഫിയുടെ വിടുതൽ ഹരജി കോടതി 24ന് പരിഗണിക്കും. അഭയ കേസിലെ പ്രതികളായ തങ്ങൾക്കെതിരെ സാക്ഷി പറയാൻ സാക്ഷികളുടെ മേൽ സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ കടുത്ത സമ്മർദം ഉണ്ടാക്കിയിരുന്നു. തങ്ങൾക്കെതിരെ സാഹചര്യത്തെളിവുകളോ, ശാസ്ത്രീയ തെളിവുകളോ ഇല്ലായിരുെന്നന്ന് ഒന്നാംപ്രതി ഫാ. തോമസ് എം. കോട്ടൂർ സി.ബി.ഐ കോടതിയിൽ വിടുതൽ ഹരജിയിൽ വാദം പറയവെ അറിയിച്ചിരുന്നു. 1992 മാർച്ച് 27ന് കോട്ടയത്ത് പയസ് ടെൻത് കോൺവെൻറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്. ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി, ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ.ടി. മൈക്കിൾ എന്നിവരാണ് കേസിലെ പ്രതികൾ.
Next Story