Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 5:17 AM GMT Updated On
date_range 2018-02-17T10:47:59+05:30കണ്ണൂര്‍ വിമാനത്താവളം: നാളെ പരീക്ഷണപ്പറക്കൽ
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിൽനിന്ന് അടുത്ത സെപ്റ്റംബറില്‍ വാണിജ്യ സർവിസ് ആരംഭിക്കാൻ തയാറെടുപ്പുമായി കിയാല്‍ അധികൃതര്‍. 96 ശതമാനം നിര്‍മാണം പൂര്‍ത്തിയായ വിമാനത്താവളത്തില്‍ സുരക്ഷയും സിഗ്നല്‍ സംവിധാനങ്ങളും പരിശോധിക്കുന്നതിനാണ് നിലവില്‍ പ്രാധാന്യം നല്‍കുന്നത്. പദ്ധതിപ്രദേശത്ത് ഞായറാഴ്ച ഉച്ചക്ക് വിമാനം വട്ടമിട്ട് പറന്ന് പരിശോധന നടത്തും. വ്യോമയാന മന്ത്രാലയത്തിെൻറ കീഴിലുള്ള ഡ്രോണിയര്‍ വിമാനമാണ് പരിശോധനയുടെ ഭാഗമായി പറക്കുക. നാവിഗേഷന്‍ എക്വിപ്മെൻറ് ഇന്സ്റ്റലേഷെൻറ പ്രവര്‍ത്തന പരിശോധനയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനിടെ, ലൈറ്റ് അപ്രോച്ച് മേഖലയിലെ ഗേറ്റ് ഒന്നില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗമാണ് നടന്നുവരുന്നത്. ഈ മാസം പൂര്‍ത്തിയാകും. ജൂണ്‍ അവസാനമാകുമ്പോഴേക്കും വിവിധ ലൈസന്‍സുകൾ ലഭിക്കും. അന്താരാഷ്ട്ര സർവിസോടെ പ്രവര്‍ത്തനം ആരംഭിക്കുകയാണ് കിയാലിെൻറ ലക്ഷ്യം. ഈ മാസം അവസാനവാരം മുതല്‍ പാസഞ്ചര്‍ ടെര്‍മിനല്‍, നാവിഗേഷന്‍ വിഭാഗം എന്നിവയുടെ പരിശീലനം ആരംഭിക്കും. 2016 െഫബ്രുവരി 29ന് വ്യോമസേനയുടെ ഡോണിയര്‍ 228 വിമാനം ഉപയോഗിച്ച് വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. പ്രഥമ യാത്രാവിമാനം ഇറക്കുന്നതിനായി ഇതിനകം പത്തോളം കമ്പനികള്‍ കിയാലുമായി നടത്തിയ ചര്‍ച്ചയില്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. കണ്ണൂര്‍ വിമാനത്താവളം ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ മറ്റുചില പ്രത്യേക അനുമതികള്‍കൂടി ലഭിക്കേണ്ടതുണ്ട്. പ്രാരംഭ പ്രവര്‍ത്തനം ആരംഭിക്കുന്നത് 3050 മീറ്റര്‍ റണ്‍വേയിലാണ്. 95,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം, വിമാന പാര്‍ക്കിങ് കേന്ദ്രം, 31.65 മീറ്റര്‍ ഉയരത്തില്‍ 1923 ചതുരശ്ര മീറ്ററില്‍ എയര്‍ ട്രാഫിക് കണ്ട്രോള് കെട്ടിടം, 750 മീറ്റര്‍ നീളത്തിൽ ഫ്ലൈഓവര്‍ എന്നിവ ഇതിനകം പൂർത്തിയായി. ആറ് ഏറോബ്രിഡ്ജുകളും ഒരുങ്ങുന്നുണ്ട്. 700 കാറുകൾ, 200 ടാക്സികൾ, 25 ബസുകൾ എന്നിവ പാര്‍ക്ക് ചെയ്യാനുള്ള കേന്ദ്രവും ഒരുങ്ങി. വിമാനത്താവളത്തില്‍ രണ്ടു ഫയര്‍ സ്റ്റേഷനും 48 ചെക്കിങ് കൗണ്ടറും 16 എമിഗ്രേഷന്‍ കൗണ്ടറും 16 കസ്റ്റംസ് കൗണ്ടറും 12 എസ്കലേറ്ററും 12 എലിവേറ്ററും ഉണ്ടായിരിക്കും. കിയാലിനുപരി ഗ്രൗണ്ട് ഹാൻഡ്ലിങ്, കാര്‍ഗോ, ഡ്യൂട്ടിഫ്രീ ഷോപ്പുകൾ എന്നിവിടങ്ങളില്‍ അനേകം തൊഴില്‍സാധ്യതകളാണ് അധികൃതര്‍ വിലയിരുത്തുന്നത്. കൂടാതെ, 9.553 സ്ക്വയര്‍ മീറ്റര്‍ കാര്‍ഗോ കോംപ്ലക്സിെൻറ നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 46.7 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളും മട്ടന്നൂർ: പ്രതിവര്‍ഷം 46.7 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലാണ് വിമാനത്താവളം സജ്ജമാകുന്നത്. വര്‍ഷത്തില്‍ 60,578 ടണ്‍ ചരക്കുനീക്കം നടക്കും. കണ്ണൂരില്‍ ആദ്യഘട്ടത്തില്‍ അഞ്ചു മുതല്‍ എട്ടുവരെ വിമാന സര്‍വിസുകളാണ് ഉണ്ടായിരിക്കുക. തുടര്‍ന്ന് വികസിച്ച് 50 മുതല്‍ 60വരെ സർവിസുകള്‍ നടത്തും. ബോയിങ് 777, ബോയിങ് 747 എന്നീ വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ സര്‍വിസ് നടത്തുക. 2300 ഏക്കര്‍ സ്ഥലമാണ് ഇതുവരെ വിമാനത്താവളത്തിനായി ഏറ്റെടുത്തത്. നിലവില്‍ 3050 മീറ്റര്‍ റണ്‍വേ എന്നത് 4000 മീറ്ററാക്കി ഉയര്‍ത്താന്‍ 259.5 ഏക്കര്‍ ഭൂമികൂടി ഏറ്റെടുക്കേണ്ടതുണ്ട്. ഇതോടെ 4000 മീറ്റർ റൺവേയുള്ള രാജ്യത്തെ നാലാമത്തെ വിമാനത്താവളമായി കണ്ണൂര്‍ മാറും. കൂടാതെ, ഇന്ത്യയിലെ എട്ടാമത്തെ വലിയ ടെര്‍മിനല്‍ കെട്ടിടമുള്ള വിമാനത്താവളമാണിത്.
Next Story