സി.പി.എമ്മിന്​ പിന്നാലെ സി.പി.​െഎയും കമ്മിറ്റികളിൽ സ്​ത്രീകൾക്കും യുവാക്കൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന്​ മാർഗരേഖ

05:33 AM
13/09/2017
തിരുവനന്തപുരം: സി.പി.എമ്മിന് പിന്നാലെ കമ്മിറ്റികളിൽ സ്ത്രീകൾക്കും യുവാക്കൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന മാർഗനിർദേശവുമായി സി.പി.െഎയും. കഴിഞ്ഞ ഞായറാഴ്ച ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ ചൊവ്വാഴ്ച എക്സിക്യൂട്ടിവ് യോഗം ചേർന്നാണ് സി.പി.െഎ മാർഗരേഖ തയാറാക്കിയത്. കമ്മിറ്റികളിൽ 20 ശതമാനം പുതുമുഖങ്ങളെ ഉറപ്പുവരുത്തണമെന്ന് മാർഗരേഖയിലുണ്ട്. ബ്രാഞ്ചുകളിൽ ഏഴു മുതൽ പരമാവധി 25 വരെ അംഗങ്ങൾ ഉണ്ടായിരിക്കണമെന്നാണ് നിർദേശം. മണ്ഡലം കമ്മിറ്റികളിൽ 13 മുതൽ 35 വരെ അംഗങ്ങളാകാം. അംഗസംഖ്യ അനുസരിച്ചായിരിക്കണം കമ്മിറ്റി അംഗങ്ങളുടെ എണ്ണം നിശ്ചയിക്കേണ്ടത്. ജില്ല കമ്മിറ്റികളിൽ പരമാവധി 51 വരെ അംഗങ്ങളാകാം. വിദ്യാർഥികൾ, യുവാക്കൾ, സ്ത്രീകൾ, പിന്നാക്ക-മതന്യൂനപക്ഷ വിഭാഗം എന്നിവയുടെയെല്ലാം പ്രതിനിധികൾ കമ്മിറ്റികളിലുണ്ടെന്ന് ഉറപ്പാക്കണം. പ്രവർത്തന മികവ് തെളിയിച്ച കാഡർമാർക്ക് കമ്മിറ്റികളിൽ മുൻഗണന നൽകണം. തുടർച്ചയായി രണ്ടു തവണ ഭാരവാഹികളായവർക്ക് മൂന്നാമത് അവസരം ലഭിക്കാൻ സമ്മേളന പ്രതിനിധികളിൽ മൂന്നിൽരണ്ടി​െൻറ ഭൂരിപക്ഷം വേണം. ദേശീയ ജനറൽ സെക്രട്ടറിയുടെ കാര്യത്തിലടക്കം ഈ നിബന്ധന ബാധകമാണ്. മാർച്ച് ഒന്നു മുതൽ നാലുവരെ മലപ്പുറത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തി​െൻറ സ്വാഗതസംഘ രൂപവത്കരണം ഈ മാസം 20ന് നടത്താനും തീരുമാനിച്ചിട്ടുണ്ട്. കൊല്ലത്ത് നടക്കുന്ന പാർട്ടി കോൺഗ്രസി​െൻറ മുന്നൊരുക്കം 22ന് ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡിയുടെ സാന്നിധ്യത്തിൽ നടക്കുന്ന നിർവാഹകസമിതി ചർച്ച ചെയ്യും. സി.പി.എം സമ്മേളനങ്ങൾക്ക് ഇൗ ആഴ്ച കൊടി ഉയരും. സ്ത്രീകൾക്കും യുവാക്കൾക്കും പ്രാതിനിധ്യം നൽകുന്നതിനൊപ്പം മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകുന്നതിൽ ശ്രദ്ധ ചെലുത്തും. പാർട്ടിക്കുള്ളിലെ വിഭാഗീയത അപ്പാടെ തൂത്തെറിയുന്ന നിലക്കാകും സമ്മേളനങ്ങൾ എന്നാണ് സൂചന. വി.എസ് പക്ഷം ഏറക്കുറെ നിർജീവമായ പശ്ചാത്തലത്തിൽ പിണറായി വിജയനെതിരായ ശബ്ദങ്ങൾ ഉയരാനുള്ള സാധ്യതയും കുറവാണ്. ബ്രാഞ്ച് സമ്മേളനങ്ങൾ ഇൗമാസം 15മുതൽ ആരംഭിച്ച് ഒക്ടോബർ 15 വരെ നീളും. തുടർന്ന് ലോക്കൽ സമ്മേളനങ്ങളും നവംബർ 15 മുതൽ ഡിസംബർ 15വരെ ഏരിയ സമ്മേളനങ്ങളും ആരംഭിക്കും. ഡിസംബർ 26 മുതൽ ജില്ല സമ്മേളനങ്ങളും ആരംഭിക്കും. സ്വന്തം ലേഖകൻ
COMMENTS