സർക്കാർ കനിഞ്ഞു, കെ.എസ്​.ആർ.ടി.സി ജീവനക്കാർക്ക്​ ശമ്പളമായി

05:35 AM
07/12/2017
കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഒരാഴ്ച വൈകി ബുധനാഴ്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കിട്ടി. ശമ്പളം നൽകാൻ മാനേജ്മ​െൻറ് വിവിധ ബാങ്കുകളെ സമീപിച്ചെങ്കിലും ഫലം കാണാത്തതിനെത്തുടർന്ന് ഒടുവിൽ സർക്കാർതന്നെ കനിയുകയായിരുന്നു. ബജറ്റ് വിഹിതമായി സർക്കാർ അനുവദിച്ച 75-80 കോടിയോളം രൂപയാണ് ശമ്പളത്തിനായി വിനിയോഗിച്ചതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡി.ജി.പി എ. ഹേമചന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു. ശമ്പളം നൽകാത്തതിനെത്തുടർന്ന് ജീവനക്കാർ കടുത്ത പ്രതിഷേധത്തിന് തയാെറടുക്കുകയായിരുന്നു. ഇത് ശബരിമല സ്പെഷൽ സർവിസുകളെപ്പോലും ബാധിച്ചേക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു. ഇൗ സാഹചര്യത്തിലാണ് സർക്കാറിനെ സമീപിച്ച് ബജറ്റ് വിഹിതം തരപ്പെടുത്തിയത്. നവംബർ 20നുതന്നെ ഇതിനുള്ള നടപടി സി.എം.ഡി ആരംഭിച്ചിരുന്നു. ജനുവരിയിലെ ശമ്പളകാര്യത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും മാനേജ്മ​െൻറ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇൗ അവസ്ഥയിൽ കോർപറേഷനെ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്ന് ചെയർമാനും വ്യക്തമാക്കി. അതേസമയം, പെൻഷൻ വിതരണത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യം സർക്കാറുമായി ചർച്ചചെയ്ത് വരുകയാണെന്നാണ് മാനേജ്മ​െൻറ് ഭാഷ്യം. അഞ്ചുമാസത്തെ പെൻഷൻ നിലവിൽ കുടിശ്ശികയാണ്. പെൻഷൻകാർ അടുത്ത ദിവസം മുതൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. നാൽപത്തിരണ്ടായിരേത്താളം പെൻഷൻകാരും അവരുടെ കുടുംബങ്ങളും കോർപറേഷൻ ആസ്ഥാനത്തേക്ക് മാർച്ചടക്കമുള്ള സമരപരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിൽ 33,600 സ്ഥിരം ജീവനക്കാരും 9600 താൽക്കാലിക ജീവനക്കാരുമാണുള്ളത്. നിലവിൽ കോർപറേഷ​െൻറ പ്രതിമാസ വരുമാനം 160 കോടിയും ചെലവ് 310 കോടിയുമാണ്. ഡീസലിന് 90 കോടിയും വായ്പ തിരിച്ചടവിന് 89 കോടിയും വേണം. സി.എ.എം കരീം
COMMENTS