തമിഴ്‌നാട്ടില്‍നിന്നുള്ള തിരുട്ടുസംഘം പമ്പയിൽ പിടിയില്‍

05:35 AM
07/12/2017
ശബരിമല: ശബരിമല തീര്‍ഥാടകരുടെ ബാഗും മറ്റും മോഷ്ടിക്കാനെത്തിയ തമിഴ്‌നാട്ടില്‍നിന്നുള്ള തിരുട്ടുസംഘാംഗങ്ങൾ പമ്പയിൽ പൊലീസി​െൻറ പിടിയിലായി. കമ്പം ചെല്ലാണ്ടിയമ്മാള്‍ തെരുവില്‍ അയ്യനാര്‍ (58), ദിണ്ടിഗല്‍ ആത്തൂര്‍ നടുത്തെരുവില്‍ മുരുകന്‍ എന്ന മണിമുരുകന്‍ (55), പളനിസാമി (48), ആണ്ടിപ്പെട്ടി വടക്ക് തെരുവ് രവി (48), ആന്ധ്രപ്രദേശ് നെല്ലൂര്‍ ബോഗവാലു സ്വദേശി ബെനാല കൈഫ എന്നിവരെയാണ് പമ്പാ ത്രിവേണിക്ക് സമീപത്തുനിന്ന് പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജില്ല െപാലീസ് മേധാവി ഡോ. സതീഷ് ബിനോക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് സംഘം പിടിയിലായത്. അയ്യനാര്‍ തലവനായുള്ള സംഘത്തിൽപെട്ട മുരുകന്‍, പളനിസാമി എന്നിവര്‍ നേരേത്ത മണ്ഡല-മകരവിളക്ക്, വിഷു, മാസപൂജ കാലയളവില്‍ മോഷണക്കേസുകളില്‍ പിടിയിലായി ജയില്‍വാസം അനുഭവിച്ചവരാണ്. ഇവര്‍ നൂറോളം കേസുകളില്‍ പ്രതികളുമാണ്. തോള്‍സഞ്ചി ബ്ലേഡ് ഉപയോഗിച്ച് അറുത്ത് വിലപിടിപ്പുള്ളവ മോഷ്ടിക്കുകയാണ് രീതി. അയ്യപ്പവേഷത്തില്‍ എത്തുന്ന ഇവരെ തിരിച്ചറിയുക പ്രയാസമാണ്. മോഷണം കഴിഞ്ഞ് വനത്തില്‍ കയറി പണം വീതംവെച്ച് സംഘത്തിലെ ഒരാള്‍ പണവും മൊബൈലുമായി മടങ്ങുകയും മറ്റുള്ളവര്‍ വനത്തില്‍ തങ്ങുകയുമാണ് രീതി. പമ്പാ സി.െഎ കെ.എസ്. വിജയന്‍, എസ്.ഐമാരായ ഗോപകുമാര്‍, ഇബ്രാഹീംകുട്ടി, സന്നിധാനം എസ്.ഐ പ്രജീഷ്, ഷാഡോ പൊലീസ് അംഗങ്ങളായ അജി ശാമുവല്‍, രാധാകൃഷ്ണന്‍, ഹരികുമാര്‍, സുജിത്ത്, പമ്പാ സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒമാരായ അനില്‍, മോഹന്‍ലാല്‍, ഉദയന്‍ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. സന്നിധാനത്ത് ലഹരിവസ്തു വിൽപന: ഒരാള്‍ പിടിയില്‍ ശബരിമല: പാണ്ടിത്താവളത്ത് പുകയില ഉൽപന്നങ്ങള്‍ വിറ്റ ആലപ്പുഴ അയ്യപ്പന്‍ചേരി സൗമാഭവനില്‍ സുധാകരനെ (55) സന്നിധാനം എസ്.െഎ ടി.ഡി. പ്രജീഷി​െൻറ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പിടികൂടി. 10,000 രൂപയുടെ പുകയില ഉൽപന്നങ്ങള്‍ പിടികൂടി. റെയ്ഡില്‍ സന്നിധാനം സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ എ.എസ്.ഐ രവീന്ദ്രന്‍നായര്‍, സി.പി.ഒമാരായ ശ്യാം, ഹരികൃഷ്ണൻ, ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ സുജിത്ത് എന്നിവര്‍ പങ്കെടുത്തു. വിദേശമദ്യം ചില്ലറ വില്‍പന: ഒരാള്‍ പിടിയില്‍ ശബരിമല: പമ്പ പാണ്ടിത്താവളത്ത് അഞ്ചുവിരി ഷെഡില്‍വെച്ച് വിദേശമദ്യം ചില്ലറ വിൽപന നടത്തിയ തിരുവനന്തപുരം സ്വദേശി പിടിയിൽ. പൂവച്ചല്‍ മാമ്പള്ളി ശ്രീഭവനില്‍ അനില്‍കുമാറാണ് (48) പിടിയിലായത്. അരലിറ്റര്‍ മദ്യവും ഒഴിഞ്ഞ കുപ്പികളും 8650 രൂപയും ഇയാളില്‍നിന്ന് പൊലീസ് പിടിച്ചെടുത്തു. ഇന്‍വെസ്റ്റിഗേഷന്‍ എസ്.ഐ ടി.ഡി. പ്രജീഷി​െൻറ നേതൃത്വത്തില്‍ ശ്രീരാജ്, പ്രസാദ്, ഹരികൃഷ്ണന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പിടികൂടിയത്. കൂടാതെ ബീഡി, സിഗററ്റ് അടങ്ങുന്ന 10,000 രൂപയുടെ 11 പാക്കറ്റുകളും പിടികൂടിയിട്ടുണ്ട്. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം ശബരിമല: ഭക്ഷണശാലകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് സന്നിധാനം മെഡിക്കല്‍ ഓഫിസര്‍ ചുമതലയുള്ള ഡോ. ജിതേഷ് അറിയിച്ചു.
COMMENTS