ലളിതഗാനത്തിൽ സഹോദരവിജയം

05:35 AM
07/12/2017
പാടുന്നൂ പ്രിയരാഗങ്ങൾ കടുത്തുരുത്തി: ലളിതഗാനത്തിൽ സഹോദരങ്ങൾക്ക് മിന്നും ജയം. ഹയർ സെക്കൻഡറി വിഭാഗത്തിൽ സ​െൻറ് ഡൊമിനിക് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്. ആദിത്യൻ ഒന്നാം സ്ഥാനം നേടിയപ്പോൾ യു.പി വിഭാഗത്തിൽ എ.കെ.ജി.എം.എച്ച്.എസിലെ വിദ്യാർഥിനിയും സഹോദരിയുമായ എസ്. അവനി എ േഗ്രഡ് നേടി. സംസ്ഥാന കലോത്സവത്തിലെ മുൻ വിജയി കൂടിയായ ആദിത്യന് മലയാളം പദ്യംചൊല്ലൽ മത്സരത്തിൽ സെക്കൻഡ് എ േഗ്രഡും കഥകളി സംഗീതത്തിൽ തേർഡ് എ േഗ്രഡും ലഭിച്ചു. യു.പി വിഭാഗത്തിൽ മത്സരിച്ച അവനിക്ക് ശാസ്ത്രീയ സംഗീതത്തിലും ദേശഭക്തിഗാനത്തിനും എ േഗ്രഡും സംഘഗാനത്തിന് സെക്കൻഡ് എ േഗ്രഡും ലഭിച്ചു. കെ.പി.എ.സി രവിയുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കുന്ന ഇരുവരും കുമളി മുരുക്കടി എം.എ.ഐ.എച്ച്.എസ് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീജിത് കുമാറി​െൻറയും ചിറക്കടവ് പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ടായ ചിത്രയുടെയും മക്കളാണ്. അടിതെറ്റിയിട്ടും താളം 'വീണില്ല' കടുത്തുരുത്തി: അടിതെറ്റിയിട്ടും താളം കൈവിടാതെ തെള്ളകം ഹോളിക്രോസ് എച്ച്.എസ്.എസിലെ കോല്‍ക്കളി സംഘം. മൂന്നാം വേദിയായ സ​െൻറ് മൈക്കിള്‍സ് സ്‌കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന ഹൈസ്കൂൾ വിഭാഗം മത്സരത്തിനിടെയായിരുന്നു കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ സംഭവം. ബാദുഷയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് കളിക്കാനിറങ്ങിയത്. സദസ്സില്‍ തിങ്ങിനിറഞ്ഞ കലാസ്വാദകരുടെ കൈയടി കൊഴുക്കവെ ടീമംഗമായ ലിപിന്‍ കാല്‍തെറ്റി തറയില്‍ വീഴുകയായിരുന്നു. വേദനയില്‍ പുളയുമ്പോഴും താളം കൈവിടാതെ ലിപിന്‍ കളിച്ചുകൊണ്ടേയിരുന്നു. താഴെക്കിടന്ന് കോൽ ഉയർത്തിപ്പിടിച്ച് തട്ടിയായിരുന്നു പ്രകടനം. കോല്‍ക്കളിയില്‍ താളത്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്നതുകൊണ്ടുതന്നെ മത്സരത്തിനിടെയുണ്ടായ ഇത്തരം സംഭവങ്ങള്‍ ഫലത്തെ സ്വാധീനിക്കാറില്ല. റിസ്വാൻ, ലിയോണ്‍സ്, സോണറ്റ്, അശ്വിൻ, ജെറിന്‍, ജില്‍സണ്‍, അബ്്ദുൽ, അമന്‍, ആദിത്യന്‍, ഓള്‍വിന്‍ എന്നിവരാണ് ഒപ്പം കളിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരത്തിനിടയിലും കോല്‍മുട്ടി ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. 'ഒത്തുപിടിച്ചവർ കപ്പൽകേറി' മാർഗംകളിയിൽ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസ് ആറാം തവണ കടുത്തുരുത്തി: മാർഗംകളിയിൽ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസ് ഹൈസ്‌കൂളിന് മിന്നും വിജയം. തുടർച്ചയായി ആറാം തവണയാണ് ഹൈസ്കൂൾ വിഭാഗത്തിൽ ഇവർ ജില്ലതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. കഴിഞ്ഞ രണ്ടുവർഷവും സംസ്ഥാന തലത്തിലും ഇവരായിരുന്നു ജേതാക്കൾ. തിടനാട് രവീന്ദ്രൻ നായരാണ് 32 വർഷമായി സ്കൂളിലെ മാർഗംകളി പരിശീലകൻ. ഇവിടുത്തെ എട്ട്, ഒമ്പത് ക്ലാസുകളിൽനിന്ന് 12 വിദ്യാർഥിനികളാണ് കലോത്സവത്തിൽ മാറ്റുരക്കാനെത്തിയത്. മാർഗംകളിക്ക് പുറമെ നാടകത്തിലും സംഘനൃത്തത്തിലും ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസ് ഹൈസ്‌കൂളിലെ വിദ്യാർഥിനികൾക്കാണ് ഒന്നാം സ്ഥാനം.
COMMENTS