Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആര്യങ്കാവിലെ...

ആര്യങ്കാവിലെ ചെക്പോസ്റ്റുകളില്‍നിന്ന് അര ലക്ഷത്തിലധികം രൂപ പിടികൂടി

text_fields
bookmark_border
പുനലൂര്‍: ആര്യങ്കാവിലെ ചെക്പോസ്റ്റുകളില്‍ വിജിലന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടത്തെി. ചെക്പോസ്റ്റില്‍നിന്നും ജീവനക്കാരുടെ താമസസ്ഥലത്തുനിന്നും ഓഫിസുകളിലും ഏജന്‍റുമാരില്‍നിന്നുമായി 54,000ത്തോളം രൂപ പിടിച്ചെടുത്തു. ചരക്ക് വാഹനങ്ങളടക്കം കടത്തിവിടുന്നതിന് പടിയായി വാങ്ങി സൂക്ഷിച്ച പണമാണ് പിടികൂടിയതെന്ന് പരിശോധനാസംഘം പറഞ്ഞു. ആദ്യമായാണ് ആര്യങ്കാവ് ചെക്പോസ്റ്റില്‍നിന്ന് ഇത്രയും രൂപ പിടികൂടുന്നത്. സംസ്ഥാന വിജിലന്‍സ് മേധാവി ശങ്കര്‍റെഡ്ഡിയുടെ നിര്‍ദേശാനുസരണം കൊല്ലം വിജിലന്‍സ് ഡിവൈ.എസ്.പി രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് മൂന്നു സംഘമായി പരിശോധന നടത്തിയത്. മോട്ടോര്‍ വെഹിക്ക്ള്‍, എക്സൈസ്, വാണിജ്യ നികുതി എന്നീ ചെക് പോസ്റ്റുകളിലായിരുന്നു റെയ്ഡ്. കഴിഞ്ഞ രാത്രിയിലെ ഡ്യൂട്ടി തീരുംമുമ്പ് പരിശോധന നടത്തിയതിനാലാണ് ഇത്രയും തുക പിടിച്ചെടുക്കാനായത്. പാലരുവി ജങ്ഷനിലെ മോട്ടോര്‍ വെഹിക്ക്ള്‍ ചെക്പോസ്റ്റിലെ രണ്ടു ജീവനക്കാരുടെ താമസസ്ഥലത്തുനിന്നും സമീപത്തെ ഒരു ഏജന്‍റിന്‍െറ വീട്ടില്‍നിന്നുമാണ് 38,530 രൂപ കണ്ടെടുത്തത്. ഓഫിസിലെ പ്യൂണിന്‍െറ പക്കല്‍നിന്ന് 4,930 രൂപയും കണ്ടെടുത്തു. ഓഫിസില്‍ നിന്ന് കഴിഞ്ഞ രാത്രിയില്‍ കൈക്കൂലിയായി വാങ്ങിയ പണം ജീവനക്കാര്‍ താമസസ്ഥലത്ത് സൂക്ഷിച്ചതാണെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. വാണിജ്യ നികുതി ചെക്പോസ്റ്റില്‍നിന്ന് 3,170 രൂപയും എക്സൈസില്‍നിന്ന് 160 രൂപയും കണക്കില്‍പെടാത്ത നിലയില്‍ കണ്ടത്തെി. പരിശോധന നടക്കുമ്പോള്‍ വിജിലന്‍സ് ആണെന്നറിയാതെ വണ്ടിക്കാര്‍ പടി ഈ സംഘത്തിനും കൈമാറി. ശബരിമല സീസണ്‍ കൂടിയായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം സാധാരണയില്‍നിന്ന് മൂന്നിരട്ടി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അന്തര്‍ സംസ്ഥാന പെര്‍മിറ്റില്ലാതെ വരുന്ന യാത്രാ വാഹനങ്ങളില്‍നിന്നും അധിക ഭാരം കയറ്റിവരുന്ന വാഹനങ്ങളില്‍ നിന്നുമാണ് ഉദ്യോഗസ്ഥര്‍ നിശ്ചിത പടി ഈടാക്കുന്നത്. പൊതു ഖജനാവിന് നഷ്ടം വരുത്തിയാണ് ഇത്തരം പിരിവ് നടക്കുന്നത്. കൂടാതെ ചരക്ക് വാഹനങ്ങളില്‍നിന്ന് സാധാരണ നിലയിലുള്ള പടിയും വാങ്ങും. ഉച്ചക്ക് രണ്ടുമണിയോടെയാണ് പരിശോധന അവസാനിച്ചത്. സി.ഐമാരായ സിനിഡെന്നിസണ്‍, ജ്യോതികുമാര്‍, ജോസ്, ജി. അജയനാഥ്, രണ്ട് തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story