Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുനലൂരിന്‍െറ നാഡി...

പുനലൂരിന്‍െറ നാഡി ഇന്നുമുതല്‍ വീണ്ടും സ്പന്ദിക്കും

text_fields
bookmark_border
പുനലൂര്‍: കാല്‍നൂറ്റാണ്ടിലധികം നിശ്ചലമായിരുന്ന നാടിന്‍െറ നാഡീസ്പന്ദനമായ പുനലൂര്‍ പേപ്പര്‍മില്‍സ് വെള്ളിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും. 27വര്‍ഷം മുമ്പ് കടക്കെണിയിലടക്കംപെട്ട് താഴുവീഴുമ്പോള്‍ ഇനി ഒരു തിരിച്ചുവരവ് അസാധ്യമെന്നാണ് നാട്ടുകാരുള്‍പ്പെടെ കരുതിയിരുന്നത്. എന്നാല്‍, കേരള വ്യവസായിക ചരിത്രത്തില്‍ പുതിയ അധ്യായംകുറിച്ചാണ് പുനരുല്‍പാദനത്തിലേക്ക് ഈ സ്വകാര്യ ലിമിറ്റഡ് കമ്പനി കടക്കുന്നത്. ഇന്ന് വൈകീട്ട് ആറിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുനര്‍പ്രവര്‍ത്തനത്തിന് തിരിതെളിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബിജോണ്‍, അടൂര്‍ പ്രകാശ് ഉള്‍പ്പെടെ സംബന്ധിക്കും. കിഴക്കന്‍ വനാന്തരത്തിലെ ഈറയും മുളയും അസംസ്കൃത വസ്തുവാക്കി 1888ല്‍ ജര്‍മന്‍ വ്യവസായി എ.ജി. കാമറൂണാണ് കല്ലടയാറിന്‍തീരത്ത് പേപ്പര്‍മില്‍ ആരംഭിച്ചത്. വിദേശ യന്ത്രസാമഗ്രികളുടെ സഹായത്തോടെ മുന്തിയ അച്ചടി കടലാസാണ് മില്ലില്‍നിന്ന് ഉല്‍പാദിപ്പിച്ചിരുന്നത്. മാനേജുമെന്‍റുകള്‍ മാറിവരികയും കൂടുതല്‍ ഉല്‍പാദനവും പ്രശസ്തിയും ആര്‍ജിക്കുകയും ചെയ്തു. 1931ല്‍ തിരുവിതാംകൂറിലെ ആദ്യ ജോയന്‍റ് സ്റ്റോക് കമ്പനിയായി പുനലൂര്‍ പേപ്പര്‍മില്‍സ് രജിസ്റ്റര്‍ചെയ്തു. 1967ല്‍ വ്യവസായ പ്രമുഖനായിരുന്ന എം.എല്‍. ഡാല്‍മിയയുടെ ഉടമസ്ഥതയില്‍ കമ്പനിയാകുകയും കൂടുതല്‍ വികസന പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. എന്നാല്‍, 1987 ആഗസ്റ്റ് 30ന് സാമ്പത്തികപ്രശ്നങ്ങളെതുടര്‍ന്ന് മില്ലിന് താഴുവീണു. 1021 തൊഴിലാളികള്‍ നേരിട്ടും മൂന്നിരട്ടി അല്ലാതെയും മില്ലിനെ ആശ്രയിച്ച് ജീവിച്ചിരുന്നു. മില്‍ പൂട്ടിയതോടെ ഈ കുടുംബങ്ങള്‍ പട്ടിണിയിലായി. ഒപ്പം പുനലൂരിന്‍െറ സാമ്പത്തിക തകര്‍ച്ചയും തുടങ്ങി. ധനകാര്യ സ്ഥാപനങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് മുംബൈ ഹൈകോടതിയുടെ റിസീവര്‍ ഭരണത്തിലായിരുന്നു സ്ഥാപനം ഏറെക്കാലം. ഹൈകോടതി സെക്യൂരിറ്റിയെ നിയമിച്ചെങ്കിലും മില്ലിന്‍െറയും ബംഗ്ളാവുകളിലെയും നിരവധി സാധനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. മില്ലിന്‍െറ ബാധ്യത തീര്‍ത്ത് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ഡാല്‍മിയയുടെ പിന്‍ഗാമി കുനാല്‍ഡാല്‍മിയ 2002 ഏപ്രിലില്‍ സര്‍ക്കാറുമായി ധാരണാപത്രം ഒപ്പിട്ടെങ്കിലും പ്രവര്‍ത്തനം തുടങ്ങിയില്ല. ഏഴുവര്‍ഷത്തിനു ശേഷം പുനലൂര്‍ സ്വദേശികള്‍ ഉള്‍പ്പെട്ട പുതിയ സംരംഭകര്‍ മില്‍ ഏറ്റെടുക്കാന്‍ രംഗത്തുവന്നു. 2010 മേയില്‍ കുനാല്‍ ഡാല്‍മിയയില്‍ നിന്ന് ഷെയറുകള്‍ സ്വന്തമാക്കി കടബാധ്യതകള്‍ തീര്‍ത്ത് റിസീവര്‍ ഭരണത്തില്‍ നിന്ന് മോചിപ്പിച്ചു. തുടര്‍ന്ന് ആഗസ്റ്റ് പത്തിന് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. തൊഴിലാളികള്‍ക്ക് അര്‍ഹമായ മുഴുവന്‍ ആനുകൂല്യങ്ങളും കൊടുത്തു. നാലുവര്‍ഷംകൊണ്ട് കെട്ടിടങ്ങളും യന്ത്രസാമഗ്രികളും കോടികള്‍ മുടക്കി അറ്റകുറ്റപ്പണി ചെയ്താണ് ഇന്ന് നടക്കുന്ന ഉദ്ഘാടനത്തിന് സജ്ജമാക്കിയത്. മൂന്നുയന്ത്രങ്ങളില്‍ 90 ടണ്‍ ശേഷിയുള്ള ഒന്നാം നമ്പര്‍ യന്ത്രമാണ് ഉല്‍പാദനക്ഷമമാക്കി പ്രവര്‍ത്തനം തുടങ്ങുന്നത്. തുടക്കത്തില്‍ തദ്ദേശീയമായി ലഭിക്കുന്ന അസംസ്കൃത സാധനങ്ങള്‍ ഉപയോഗിച്ച് ക്രാഫ്റ്റ് പേപ്പറാണ് നിര്‍മിക്കുന്നത്. 120 പേര്‍ക്ക് തൊഴില്‍ ലഭിക്കും. 250, 50 ടണ്‍ ശേഷിയുള്ള മറ്റ് രണ്ടുയന്ത്രങ്ങളുംപ്രവര്‍ത്തനക്ഷമമാക്കി എഴുത്തു പേപ്പര്‍ ഉല്‍പാദിപ്പിക്കുമെന്നും മാനേജ്മെന്‍റ് പറയുന്നു. മുമ്പുണ്ടായിരുന്നതില്‍ അമ്പതോളം തൊഴിലാളികളേ ഇപ്പോഴുള്ളൂ. ബാക്കിയുള്ളവര്‍ക്ക് പൂട്ടിക്കിടന്ന കാലയളവില്‍ പെന്‍ഷന്‍പ്രായം കഴിഞ്ഞു.
Show Full Article
TAGS:
Next Story