Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശുചീകരണത്തിന്...

ശുചീകരണത്തിന് ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും നഗരത്തില്‍ കാനകള്‍ അടഞ്ഞുതന്നെ

text_fields
bookmark_border
കൊല്ലം: ശുചീകരണത്തിന് ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും നഗരത്തിലെ ഓടകള്‍ അടഞ്ഞുതന്നെ. മാലിന്യനിര്‍മാര്‍ജനം റോഡില്‍തന്നെയാക്കിയതോടെ നഗരത്തില്‍ ഒറ്റമഴയില്‍ വെള്ളക്കെട്ട് രൂക്ഷമായി. കഴിഞ്ഞദിവസം പെയ്ത മഴയില്‍ നഗരത്തില്‍ പരക്കെ വെള്ളക്കെട്ട് രൂക്ഷമാണ്. ചിന്നക്കടയും ഇടറോഡുകളും വെള്ളക്കെട്ടില്‍ പൊറുതിമുട്ടി. ഇവിടെ മാര്‍ക്കറ്റില്‍നിന്നുള്ള മാലിന്യങ്ങളും തെര്‍മോകോള്‍ അവശിഷ്ടങ്ങളും അടഞ്ഞ് വെള്ളം ഒഴുകിപ്പോകുന്നില്ല. മെയിന്‍ റോഡില്‍ താലൂക്ക് കച്ചേരിക്കും പാര്‍വതിമില്ലിനും മധ്യേ വെള്ളക്കെട്ടുണ്ടായത് ദുരിതമായി. ഹൈസ്കൂള്‍ ജങ്ഷന്‍, ചിന്നക്കട-വടയാറ്റുകോട്ട റോഡ്, കടപ്പാക്കട തുടങ്ങിയ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ലക്ഷങ്ങളാണ് വര്‍ഷംതോറും ഓട ശുചീകരണത്തിന് ചെലവഴിക്കുന്നത്. ചിലയിടങ്ങളിലെ ഓടയുടെ അശാസ്ത്രീയ നിര്‍മാണം മൂലം വെള്ളം ഒഴുകിപ്പോകുന്നില്ല. പലയിടത്തും വേണ്ടത്ര വീതിയില്ല. ഇവിടെ മാലിന്യങ്ങള്‍ വന്നുനിറയുന്നതോടെ പുഴപോലെയാകും. കാല്‍നടപോലും ദുസ്സഹമാണ്. നഗരത്തിലെ മാലിന്യസംസ്കരണം ക്രമമായി നടക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമായി പറയുന്നത്. ഓടകള്‍ക്ക് സമീപമാണ് മാലിന്യങ്ങള്‍ കൂട്ടിയിടുന്നത്. മഴ പെയ്യുന്നതോടെ പ്ളാസ്റ്റിക് ഉള്‍പ്പെടെ ഓടകളിലേക്ക് ഒലിച്ചിറങ്ങും. ഇവ ഒഴുകിപ്പോകാതെ തടഞ്ഞുനില്‍ക്കുന്നതോടെ ഇവിടെ വെള്ളക്കെട്ടാകും. സമീപത്തെ കടകളിലേക്കും മറ്റും വെള്ളം കയറുമ്പോള്‍ അവര്‍ മാലിന്യം കുത്തി ഇളക്കിവിടുകയാണ് പതിവ്. നഗരത്തിലെ ഓടകളുടെ വീതിക്കുറവാണ് വെള്ളക്കെട്ടിനിടയാക്കുന്നത്. സമയത്ത് ശുചീകരണം നടത്താനും മാലിന്യങ്ങള്‍ നീക്കാനും കോര്‍പറേഷന്‍ നടപടി സ്വീകരിക്കാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയിരിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. പേരിന് മാത്രമാണ് ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നത്. പ്രതിഷേധങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് കോര്‍പറേഷന്‍ നടപടി സ്വീകരിക്കുന്നതെന്നും വ്യാപാരികളും നാട്ടുകാരും പറയുന്നു.
Show Full Article
TAGS:
Next Story