ഒരുഭരണകൂടം ഒന്നായെത്തി തീരദേശത്തോട്​ ചെയ്യുന്നത്​...

05:02 AM
23/05/2020
ആലപ്പുഴ: വെള്ളിയാഴ്ച രാവിലെ യുദ്ധസമാനമായിരുന്നു തോട്ടപ്പള്ളിയിലെ അന്തരീക്ഷം. ആയിരക്കണക്കിന് പൊലീസുകാർ. കെ.എസ്.ആർ.ടി.സി പ്രത്യേക ബസിൽ വന്നിറങ്ങുന്ന ഉദ്യോഗസ്ഥക്കൂട്ടം. തോട്ടപ്പള്ളി പൊഴിമുഖത്തേക്കുള്ള എല്ലാ റോഡും പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് നേരത്തേതന്നെ അടച്ചിരുന്നു. െകാച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാറിൻെറ നേതൃത്വത്തിൽ ആറ് ജില്ലയിൽനിന്ന് എത്തിച്ച വൻ പൊലീസ് സംഘമാണ് സ്ഥലത്ത് കാവൽ നിൽക്കുന്നത്. ലോകം മഹാവിപത്തിൽപെട്ട് ഉഴറിനിൽക്കുന്ന സമയത്തും ഇത്രയും കനത്ത ജാഗ്രതയിൽ ആർക്കുവേണ്ടിയാണ് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് തീരത്തുനിന്ന് മണൽ കടത്തുന്നതെന്നുമാത്രം ആർക്കുമറിയില്ല. എല്ലാ േലാക്ഡൗൺ മാനദണ്ഡങ്ങളും കാറ്റിൽപറത്തിയാണ് ഇവിെട മരം മുറിയും മണൽക്കടത്തും നടക്കുന്നത്. കുട്ടനാട്ടിലെ പ്രളയ പ്രതിരോധത്തിൻെറ മുന്നൊരുക്കമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, കുട്ടനാട്ടിലെ കൃഷിക്കാർക്കുപോലും ഇതിനോട് യോജിപ്പില്ല. തോട്ടപ്പള്ളി പൊഴിമുഖത്തിന് ആഴം കൂട്ടിയാൽ കടലിൽനിന്ന് ഓരുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറാനുള്ള സാധ്യത കൂടുതലാണെന്ന് കർഷകർ പറയുന്നു. രണ്ടാം പ്രളയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം തോട്ടപ്പള്ളി തീരത്തുനിന്ന് കാറ്റാടി മരങ്ങൾ മുറിക്കുകയും പൊഴിമുഖത്തിൻെറ വലുപ്പം കൂട്ടുകയും ചെയ്തിരുന്നു. എങ്കിലും കുട്ടനാട്ടിൽനിന്ന് പ്രതീക്ഷിച്ചപോലെ പ്രളയജലം ഇവിടേക്ക് ഒഴുകിയെത്തിയില്ല. മാത്രമല്ല, കടലേറ്റ സമയത്ത് കർഷകർ ഉപ്പുവെള്ള ഭീതിയിൽ ആവുകയും ചെയ്തിരുന്നു. സഞ്ചാരസ്വാതന്ത്ര്യംപോലും നിഷേധിച്ചാണ് തോട്ടപ്പള്ളിയിൽ കാറ്റാടി മരങ്ങൾ മുറിക്കാൻ പൊലീസിനെ വിന്യസിച്ചത്. വെള്ളിയാഴ്ച പുലർച്ച പ്രദേശവാസികൾ കണികണ്ടത് നിരവധി പൊലീസ് വാഹനങ്ങളും ആയിരക്കണക്കിന് പൊലീസുകാരെയുമായിരുന്നു. എല്ലാ വീടിനുമുന്നിലും പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. കാറ്റാടി മരം വെട്ടിയ ഭാഗത്തേക്ക് ആരെയും കടത്തി വിട്ടിരുന്നില്ല. പൊലീസിനെ ഭയന്ന് ആരും പ്രതിഷേധിക്കാനോ പുറത്തിറങ്ങാനോ തയാറാകാതിരുന്നതുമൂലം വളരെ വേഗം മരങ്ങൾ വെട്ടിമാറ്റാൻ അധികൃതർക്ക് കഴിഞ്ഞു.
Loading...