നഴ്​സസ്​ ഡേ സപ്ലിമെൻറ്​

05:02 AM
12/05/2020
നഴ്സസ് ഡേ സപ്ലിമൻെറ് ഇന്ന് ലോക നഴ്‌സ് ദിനം കാരുണ്യത്തിൻെറ മാലാഖമാർക്ക് സ്നേഹാദരം ഫ്ലോറന്‍സ് നൈറ്റിൻഗേലിനെയും സിസ്റ്റർ ലിനിയെയും മറക്കാനാവില്ലൊരിക്കലും ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ 'വിളക്കേന്തിയ വനിത'യെന്ന ഫ്ലോറന്‍സ് നൈറ്റിൻഗേലിൻെറ 200ാം ജന്മദിനമാണ് ഇന്ന്. ലോകമെമ്പാടും നഴ്സസ് ദിനമായി ആചരിക്കുന്നതും ഇതേ ദിവസമാണ്. 1820 മേയ് 12ന് ഇറ്റലിയിലെ സമ്പന്ന കുടുംബത്തിൽ പിറന്ന ഫ്ലോറന്‍സ് സുഖസൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാൻ ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു. അക്കാലത്ത് ഏറ്റവും മോശപ്പെട്ട ജോലിയായി പൊതുസമൂഹം കരുതിയിരുന്ന നഴ്സിങ് തെരഞ്ഞെടുത്ത ഇവർ യുദ്ധകാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിന് സ്വന്തമായി പരിശീലനം നല്‍കിയ 38 നഴ്‌സുമാരോടൊന്നിച്ച്‌ മിലിട്ടറി ക്യാമ്പിലേക്ക് പോയി. പകല്‍ ജോലിക്കുശേഷം രാത്രി റാന്തല്‍ വിളക്കുമായി ഓരോ രോഗിയെയും നേരിൽകണ്ട് സുഖാന്വേഷണം നടത്തി. അങ്ങനെയാണ് വിളക്കേന്തിയ വനിത എന്ന പേരുലഭിച്ചത്. 1883ല്‍ വിക്ടോറിയ രാജ്ഞി ഫ്ലോറന്‍സിന് റോയല്‍ റെഡ്ക്രോസ് സമ്മാനിച്ചു. 1907ല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നേടുന്ന ആദ്യത്തെ വനിതയായി. 1910 ആഗസ്റ്റ് 13നായിരുന്നു ഈ മഹദ് വനിതയുടെ അന്ത്യം. നഴ്സിങ് മേഖലയിലെ സമഗ്രസംഭാവനക്ക് പുരസ്കാരം നൽകാൻ 1973ൽ ഭാരതസർക്കാർ തീരുമാനിച്ചപ്പോൾ അത് ഫ്ലോറൻസ് നൈറ്റിൻഗേലിൻെറ പേരിലായിരുന്നു. കഴിഞ്ഞ വർഷം ഈ അവാർഡ് മരണാനന്തര ബഹുമതിയായി മലയാളികളുടെ പ്രിയപ്പെട്ട നഴ്സ് ലിനിക്കാണ് ലഭിച്ചത്. നിപ എന്ന മാരകവൈറസ് മനുഷ്യജീവനുകൾ അപഹരിക്കുേമ്പാൾ സ്വജീവൻ കാര്യമാക്കാതെ രോഗികൾക്കിടയിൽ പ്രവർത്തിക്കാൻ വിശാല മനസ്സ് പ്രകടിപ്പിച്ച ലിനിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. സിസ്റ്റർ ലിനിയെ സ്മരിക്കാതെ ഒരു നഴ്സസ് ദിനവും ഇനിയുള്ള കാലം ഉണ്ടാവുകയുമില്ല. രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് കഴിഞ്ഞ നഴ്സസ് ദിനത്തിൽ ലിനിയുടെ പ്രിയ ഭർത്താവ് സജീഷ് പുത്തൂരാണ് ഫ്ലോറൻസ് നൈറ്റിൻഗേലിൻെറ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. ലിനിയോടുള്ള ആദര സൂചകമായി സംസ്ഥാന സർക്കാറും പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിലെ ഭൂരിഭാഗം നഴ്‌സുമാരും മലയാളികളാണ്. സ്ഥിരോത്സാഹവും അർപ്പണമനോഭാവവും തന്നെയാണ് തൊഴിലിൽ ഇവരെ ശ്രേഷ്ഠരാക്കുന്നത്. രാജ്യത്തെ ഭൂരിപക്ഷം നഴ്സുമാരും മലയാളികൾ തന്നെയാണ്. കോവിഡ് നാളുകളിൽ പൊതുസമൂഹം അവരുടെ ത്യാഗമനോഭാവത്തെ നന്ദിയോടെ സ്മരിക്കുകയാണ്. കാലങ്ങളായി ആതുരശുശ്രൂഷ മേഖലയിൽ സജീവ സാന്നിധ്യമാണെങ്കിലും നഴ്സുമാരുടെ ത്യാഗസന്നദ്ധത മനസ്സിലാക്കാൻ കോവിഡ് പോലൊരു മഹാമാരി വേണ്ടിവന്നുവെന്നത് ദുരവസ്ഥ തന്നെയാണ്. നിരവധി കോടതി വിധികളും അന്വേഷണ കമീഷൻ റിപ്പോർട്ടുകളും നിലനിൽക്കുേമ്പാഴും നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകൾ ഒട്ടും ആകർഷകമല്ലെന്ന് പറയാതെ വയ്യ. വൈദ്യശാസ്ത്രത്തെ അക്കാദമികമായി പഠിക്കുന്ന ബൗദ്ധികമായി ഉയർന്ന നിലവാരമുള്ള നഴ്സുമാർക്ക് അർഹതപ്പെട്ട പ്രതിഫലം സർക്കാർ-സ്വകാര്യ മേഖലയിൽ ലഭിക്കുന്നില്ലെന്ന് പറയാം. വിദേശ രാജ്യങ്ങളിലേക്ക് നഴ്സുമാർ തൊഴിൽതേടി പോകാൻ നിർബന്ധിതമായതും ഇത്തരം സാഹചര്യം മൂലമാണ്. സിവിൽ സർവിസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരിലും നഴ്സിങ് പ്രഫഷനലുകൾ ഉണ്ടെന്നത് എടുത്തുപറയേണ്ട കാര്യമാണ്. കേരളത്തിലെ ആതുരശുശ്രൂഷ രംഗത്തെ വിജയചരിത്രം നഴ്സിങ് സമൂഹത്തിൻെറകൂടി പങ്കാളിത്തം കൊണ്ടാണ് സാധ്യമായതെന്ന കാര്യം പലരും വിസ്മരിക്കുകയാണ്. വി.ആർ. രാജമോഹൻ
Loading...