ഹരിപ്പാട് കേന്ദ്രീകരിച്ച് ജല അതോറിറ്റിയുടെ ഡിവിഷന് ആവശ്യമുയരുന്നു

05:02 AM
11/01/2019
ഹരിപ്പാട്: ജല അതോറിറ്റിയുടെ ആലപ്പുഴ ഡിവിഷന് കീഴിലെ ഹരിപ്പാട്, മാവേലിക്കര സബ് ഡിവിഷനുകളും തിരുവല്ല ഡിവിഷനിലെ എടത്വ സബ്ഡിവിഷനെയും ഉള്‍പ്പെടുത്തി പുതിയ ഡിവിഷന്‍ ഹരിപ്പാട് കേന്ദ്രമാക്കി ആരംഭിക്കണമെന്ന് ആവശ്യമുയരുന്നു. പ്രദേശങ്ങളിലെ വിതരണ ശൃംഖലകളിൽ അധികവും കാലപ്പഴക്കമുള്ളത് ആയതിനാല്‍ കൂടുതല്‍ ചോര്‍ച്ച അനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്. നിലവില്‍ ആലപ്പുഴ പി.എച്ച് ഡിവിഷ​െൻറ പരിധിയില്‍ കുട്ടനാട് താലൂക്ക് ഒഴികെ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളാണ് ഉള്‍പ്പെടുന്നത്. ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍ എന്നീ എട്ട് നിയമസഭ മണ്ഡലങ്ങള്‍ ഈ ഡിവിഷന് കീഴിലുണ്ട്. ആലപ്പുഴ ഡിവിഷന് കീഴില്‍ ചേര്‍ത്തല, തൈക്കാട്ടുശ്ശേരി, ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര എന്നീ 5 സബ്ഡിവിഷനുകളും 10 സെക്ഷനുകളും പ്രവര്‍ത്തിക്കുന്നു. ഒമ്പത് ശുദ്ധീകരണ ശാലയോടുകൂടിയ പദ്ധതികളും 33ഓളം കുഴല്‍ക്കിണർ സ്കീമും നിലവിലുണ്ട്. ശുദ്ധീകരണശാലയോടുകൂടിയ അഞ്ച് പദ്ധതികള്‍ ആറ് വര്‍ഷത്തിനിടയില്‍ കമീഷന്‍ ചെയ്തവയാണ്. ഈ മേഖലകളിലെ കണക്ഷനുകളുടെ എണ്ണത്തിലും കാര്യമായ വര്‍ധന ഉണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2012ല്‍ 89,985 കണക്ഷനുകള്‍ ഉണ്ടായിരുന്നത് 2018ല്‍ 2,10,950 ആയി വര്‍ധിച്ചു. റവന്യൂ സംബന്ധിച്ച പരാതികളുടെ എണ്ണവും വർധിച്ചു. കൂടാതെ ത്രിതല പഞ്ചായത്തുകളുടെയും, സ്റ്റേറ്റ് പ്ലാന്‍ പ്രകാരമുള്ള ഡെപ്പോസിറ്റ്‌ വര്‍ക്കുകളും ഈ ഡിവിഷന്‍മുഖേന കൂടുതലായി നിര്‍വഹിക്കുന്നുണ്ട്. ഇപ്പോള്‍ നിര്‍വഹണത്തിലിരിക്കുന്ന ഹരിപ്പാട് കുടിവെള്ളപദ്ധതിയും ഈ ഡിവിഷനുകീഴിലാണ്. ഹരിപ്പാട് കേന്ദ്രമാക്കി പുതിയ ഡിവിഷന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് കത്ത് നല്‍കിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പദ്ധതികളുടെ ആധിക്യവും വളരെ വിസ്തൃതമായ ഭൂഘടനയും ഈ ഡിവിഷനുകീഴിലെ പദ്ധതികളുടെ കാര്യക്ഷമമായ നിര്‍വഹണത്തിനും മേല്‍നോട്ടത്തിനും പരിമിതികളും വെല്ലുവിളികളും സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ പുതിയ ഡിവിഷന്‍ ഹരിപ്പാട് കേന്ദ്രമാക്കി ആരംഭിക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് സഹായകമാകുമെന്ന് പ്രതിപക്ഷനേതാവ് കത്തിൽ വ്യക്തമാക്കി. മകരസംക്രമ കാവടിയാട്ടത്തിന് ഒരുക്കം സജീവം ചെങ്ങന്നൂര്‍: മകരസംക്രമക്കാവടിക്ക് പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഒരുക്കം അവസാനഘട്ടത്തിൽ. ഭീമസേന തിരുപ്പതിയെന്നപേരിൽ പ്രശസ്തമായ പഞ്ചപാണ്ഡവ ക്ഷേത്രത്തിൽ 14നാണ് കാവടിയാട്ടം. ഇരട്ടക്കാവടികള്‍, അറുമുഖ കാവടികള്‍, പീലിക്കാവടികള്‍, തേര്‍ കാവടികള്‍ തുടങ്ങി കൗതുകമുണര്‍ത്തുന്നവ ഇവിടുത്തെ പ്രത്യേകതയാണ്. 450ൽ പരം കാവടികള്‍ ഇക്കുറി പങ്കെടുക്കുമെന്നാണ് കരുതുന്നത്. ്വ്രതാരംഭം നേരത്തേ തുടങ്ങിയിരുന്നു. കാവടിയാട്ടത്തിന് മുന്നോടിയായി ഹിഡുംബന്‍ പൂജ കഴിഞ്ഞ രാത്രിയിൽ നടന്നു. തന്ത്രി തറയില്‍ കുഴിക്കാട്ടില്ലത്ത് അഗ്‌നിശര്‍മന്‍ വാസുദേവന്‍ ഭട്ടതിരി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. വിവിധ ഭാഗങ്ങളിലേക്കുള്ള കാവടി ഭിക്ഷാടനം ആരംഭിച്ചു. കാവടി അന്നദാനംക്ഷേത്ര മേല്‍ശാന്തി ദിലീപന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഡോ. ജയപ്രകാശ് ആധ്യാത്മിക പ്രഭാഷണം നടത്തി.
Loading...
COMMENTS