Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രായം പോയി മെഡല്‍...

പ്രായം പോയി മെഡല്‍ വരട്ടെ; ആവേശക്കാഴ്ചയായി സീനിയേഴ്‌സ് അത്‌ലറ്റിക് മീറ്റ്

text_fields
bookmark_border
കൊച്ചി: പങ്കെടുത്ത മത്സരങ്ങളിലെല്ലാം സ്വര്‍ണമെഡല്‍ നേടിയിട്ടും ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു എറണാകുളം മ ഹാരാജാസ് കോളജ് ഗ്രൗണ്ടിലെത്തിയ താരങ്ങൾക്ക്. പ്രായത്തി​െൻറ കരുത്ത് അത്രത്തോളമുണ്ടായിരുന്നു അവർക്ക്. 60-85 വയസ്സുള്ളവരായിരുന്നു മത്സരാർഥികൾ. പ്രായം പ്രതിബന്ധമേയല്ല, പ്രയാണത്തിനുള്ള ഊര്‍ജമാണെന്ന് പ്രഖ്യാപിക്കുന്ന താരങ്ങളായിരുന്നു ശനിയാഴ്ച നടന്ന ഓള്‍ കേരള സീനിയര്‍ അത്‌ലറ്റിക്‌ മീറ്റി​െൻറ ആകര്‍ഷണം. ജീവിതപ്രാരബ്ധങ്ങള്‍ക്കിടെ ട്രാക്കി​െൻറയും ഫീല്‍ഡി​െൻറയും വഴിവിട്ടുപോയവര്‍ ജീവിതസായാഹ്നത്തില്‍ അവ തിരിച്ചുപിടിക്കുകയായിരുന്നു ഇവിടെ. ലോക കായികമേളകളിലും ഏഷ്യന്‍ മീറ്റുകളിലുമൊക്കെ മെഡല്‍ ജേതാക്കളായവരാണ് ഇവരിൽ പലരും. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷ​െൻറ സാങ്കേതിക സഹകരണത്തോടെ കൊച്ചി കോര്‍പറേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ശാഖ, എന്‍.ജി.ഒ മാജിക്‌സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് രണ്ടാമത് ഓള്‍ കേരള സീനിയേഴ്‌സ് അത്‌ലറ്റിക് മീറ്റ് സംഘടിപ്പിച്ചത്. കൊച്ചി മേയര്‍ സൗമിനി ജയിന്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ പ്രസിഡൻറ് ഡോ. എം.എ. ജുനൈദ് റഹ്മാന്‍, ട്രഷററും സ്‌പോര്‍ട്‌സ് കണ്‍വീനറുമായ ഡോ. വിനോദ് പദ്മനാഭന്‍, കൗണ്‍സിലര്‍മാരായ എ.ബി. സാബു, ഡേവിഡ് പറമ്പിത്തറ, ഐ.എം.എ കെയര്‍ ഫോര്‍ എല്‍ഡേര്‍ലി കണ്‍വീനര്‍ ഡോ. പ്രവീണ്‍ ജി. പൈ, മാസ്റ്റേഴ്‌സ് അത്‌ലറ്റിക് സെക്രട്ടറി അഷ്‌റഫ്, മാജിക്‌സ് സെക്രട്ടറി ജോണ്‍സ് അഗസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌പോര്‍ട്‌സ് ഇനങ്ങൾ മഹാരാജാസ് ഗ്രൗണ്ടിലും ത്രോ ഇനങ്ങള്‍ തേവര എസ്.എച്ച് കോളജ് ഗ്രൗണ്ടിലും നടന്നു. 60-65, 65-70, 70-75, 75-80, 80-85 ഗ്രൂപ്പുകളിലായി ഇരുനൂറ്റമ്പതിലധികം പേര്‍ പങ്കെടുത്തു. 100, 200, 400, 800, 1500, 3000 മീറ്റര്‍ ഓട്ടം, മൂന്ന് കി.മീറ്റര്‍ നടത്തം, ലോങ് ജംപ്, ഹൈ ജംപ്, ട്രിപിള്‍ ജംപ്, ജാവലിന്‍, ഹാമര്‍, ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട് തുടങ്ങി 14 ഇനത്തിലായിരുന്നു മത്സരങ്ങള്‍. കൊച്ചിയെ വയോജന സൗഹൃദ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. മേളയിലെ താരങ്ങൾ വി.കെ. തങ്കമ്മ: കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ തങ്കമ്മ (66) പങ്കെടുത്ത മൂന്ന് മത്സരത്തിലും സ്വര്‍ണം നേടിയാണ് താരമായത്. ലോങ് ജംപ്, ട്രിപിള്‍ ജംപ്, 100 മീറ്റര്‍ സ്പ്രിൻറ് ഇനങ്ങളിലായിരുന്നു ജയം. ചെറുപ്പം മുതലേ കായികമേഖലയോടുള്ള സ്‌നേഹം മനസ്സില്‍ കൊണ്ടുനടക്കുന്ന ഇവര്‍ നഴ്‌സിങ് ജോലിക്കിടയിലും ഇതിന് സമയം കണ്ടെത്തുന്നു. ചൈന ഏഷ്യന്‍ മീറ്റില്‍ ലോങ് ജംപിലും ട്രിപിള്‍ ജംപിലും സ്വർണവും 100 മീറ്ററില്‍ രണ്ടാം സ്ഥാനവും നേടി. കൊല്ലം എന്‍.ടി.പി.സിയിലെ രാജേന്ദ്രന് കീഴിലാണ് പരിശീലനം. അന്താരാഷ്ട്ര മത്സരങ്ങളിലുള്‍പ്പെടെ ഇരുനൂറ്റമ്പതോളം മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. രാജം ഗോപി: കമ്മട്ടിപ്പാടത്തി​െൻറ കരുത്ത് കാലുകളിലേറിയ താരമാണ് രാജം ഗോപി (62). 3000 മീറ്റര്‍ നടത്തം, 100, 200 മീറ്റര്‍ ഒാട്ടം എന്നിവയില്‍ സ്വര്‍ണം നേടി. നാല് ലോക കായികമേള ഉള്‍പ്പെടെ 15 അന്താരാഷ്ട്ര മീറ്റില്‍ പങ്കെടുത്തിട്ടുണ്ട്. മുംബൈ മാരത്തണില്‍ രണ്ടുതവണ വിജയിയായ രാജം 124 സ്വര്‍ണം ഉള്‍പ്പെടെ 266 മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. കൊച്ചി ടാല്‍വാക്കേഴ്‌സ് ജിമ്മിലെ ഇന്‍സ്ട്രക്ടര്‍ ആയിരുന്ന രാജം നിലവിൽ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഫിറ്റ്‌നസ് ട്രെയിനറാണ്. സി.കെ. വിജയന്‍: 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ട്രിപിള്‍ ജംപ്, പങ്കെടുത്ത ഈ മൂന്നിനത്തിലും സ്വര്‍ണം. എറണാകുളം വടുതല സ്വദേശിയായ വിജയൻ (66) കെ.എസ്.ആര്‍.ടി.സി മെക്കാനിക് ആയിരുന്നു. ചെറുപ്പത്തിലേ കായികയിനങ്ങളില്‍ പങ്കെടുക്കുമായിരുെന്നങ്കിലും വിരമിച്ചശേഷമാണ് സജീവമായത്. ചൈന ഏഷ്യന്‍ മീറ്റില്‍ രണ്ടുസ്വര്‍ണം ഉള്‍പ്പെടെ നാല് മെഡല്‍ നേടി. ലോങ് ജംപില്‍ വിജയ​െൻറ 5.20 മീറ്ററാണ് ഇപ്പോഴും ഏഷ്യന്‍ റെക്കോഡ്. റെയില്‍വേ ജീവനക്കാരനായ ശശീന്ദ്രനാണ് പരിശീലകൻ. ആൻറണി മാത്യു: റിട്ട. വ്യോമസേനക്കാരനാണ് ആൻറണി മാത്യു (71). 100, 200, 400 മീറ്ററില്‍ സ്വര്‍ണം നേടി വിക്ടറി സ്റ്റാന്‍ഡിലേറി. വോളിബാള്‍ താരം കൂടിയായിരുന്ന ആൻറണി 4x400 മീറ്ററില്‍ ലോക കായികമേളയില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ്. 1976 ഒളിമ്പിക്‌സ് മുതലുള്ള പ്രധാന കായികമത്സരങ്ങളുടെ ഫോട്ടോ ശേഖര ഉടമകൂടിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story