മഹാരാജാസി​െൻറ കണ്ണീരായി വീണ്ടും അഭിമന്യു; വിങ്ങിപ്പൊട്ടി അച്ഛനും അമ്മയും

05:07 AM
06/12/2018
കൊച്ചി: ''നാൻ പെറ്റ മകനേ, എൻ കിളിയേ...'' മാസങ്ങൾക്കുമുമ്പ് കേരളത്തെ കണ്ണീരണിയിച്ച ആ മാതൃവിലാപം ഒരിക്കൽകൂടി മഹാരാജാസി​െൻറ ഇടനാഴികളിൽ കണ്ണീരായി പെയ്തിറങ്ങി. കണ്ടുനിന്നവരുടെ കണ്ണുകളും ആ അച്ഛനമ്മമാരുടെ നോവ് പകർത്തിയെടുക്കുംപോൽ ഈറനണിഞ്ഞു. മഹാരാജാസി​െൻറ ധീര രക്തസാക്ഷി അഭിമന്യുവി​െൻറ മാതാപിതാക്കളായ മനോഹരനും ഭൂപതിയും ഒരിക്കൽകൂടി മക​െൻറ പ്രിയപ്പെട്ട കലാലയമുറ്റത്തെത്തിയ രംഗം വികാരനിർഭരമായിരുന്നു. കോളജ് യൂനിയൻ ഉദ്ഘാടനത്തിനായാണ് ഇടുക്കി വട്ടവടയിൽനിന്ന് ഇരുവരും ഉച്ചക്ക് 12.30ഓടെ കോളജിലെത്തിയത്. വാഹനത്തിൽനിന്ന് ഇറങ്ങി ഓഡിറ്റോറിയത്തിലേക്ക് യൂനിയൻ ഭാരവാഹികൾക്കൊപ്പം നടന്നുനീങ്ങുമ്പോഴേ ആ ഹൃദയങ്ങൾ വേദനയിൽ പിടഞ്ഞു. വേദിയിൽ നിറചിരിയോടെ നിറഞ്ഞുനിൽക്കുന്ന അഭിമന്യുവി​െൻറ വലിയ ഫ്ലക്സ് കണ്ടതോടെ ഇരുവരുടെയും നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഫ്ലക്സിലെ അഭിമന്യുവി​െൻറ നെഞ്ചിലും മുഖത്തും അവർ വിറയാർന്ന വിരലുകളാൽ തലോടി. അഭിമന്യുവിനുവേണ്ടി എസ്.എഫ്.ഐ പ്രവർത്തകരുടെ ഉച്ചത്തിെല മുദ്രാവാക്യം അവരുടെ ആർത്തനാദങ്ങളെ ഉച്ചസ്ഥായിയിലെത്തിച്ചു. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിക്കുമ്പോഴും ഭൂപതിയും മനോഹരനും നെഞ്ചുപൊട്ടി നിലവിളിക്കുകയായിരുന്നു. സദസ്സിലുണ്ടായിരുന്ന അഭിമന്യുവി​െൻറ സുഹൃത്തുക്കളും ആ രംഗം കണ്ട് കരഞ്ഞു. ഏറെ വൈകാരികമായ സന്ദർഭത്തിൽ അവരെകൊണ്ട് സംസാരിപ്പിേക്കണ്ട എന്നാ‍യിരുന്നു ഭാരവാഹികളുടെ തീരുമാനം. ചടങ്ങിനുശേഷം അഭിമന്യു താമസിച്ച ഹോസ്റ്റൽ മുറിയുൾെപ്പടെ സന്ദർശിച്ച് സുഹൃത്തുക്കൾക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ച് നിറഞ്ഞ ഹൃദയത്തോടെ ഇരുവരും നാട്ടിലേക്ക് മടങ്ങി. മകൻ കൊല്ലപ്പെട്ടതി​െൻറ പിറ്റേദിവസമാണ് അവസാനമായി ഇരുവരും മഹാരാജാസിലെത്തിയത്. സ്പാനിഷ് ഭാഷയിൽ വർഗീയത തുലയട്ടെ എന്നർഥം വരുന്ന 'ഓഡിയോ കമ്യൂണൽ' പേരിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. നടൻ ഹരിശ്രീ അശോകൻ മുഖ്യാതിഥിയായി. നടൻ സാജു നവോദയ ആർട്സ് ക്ലബും പൂർവവിദ്യാർഥികളായ സനൂപ് തൈക്കൂടം സാഹിത്യക്ലബും സെജോ ജോൺ മ്യൂസിക് ക്ലബും ഉദ്ഘാടനം ചെയ്തു. യൂനിയൻ ചെയർമാൻ അരുൺ ജഗദീശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.കെ.എൻ. കൃഷ്ണകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. ജയമോൾ, പി.ടി.എ പ്രസിഡൻറ് ജിനീഷ്, സജി കുറുപ്പ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി രതു കൃഷ്ണൻ സ്വാഗതവും വൈസ് ചെയർപേഴ്സൻ കെ.ബി. ശിൽപ നന്ദിയും പറഞ്ഞു.
Loading...
COMMENTS