Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവരട്ടാറിനെ വീണ്ടും...

വരട്ടാറിനെ വീണ്ടും കുപ്പത്തൊട്ടിയാക്കി

text_fields
bookmark_border
ചെങ്ങന്നൂർ: ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്ത വരട്ടാറിൽ വീണ്ടും മാലിന്യം തള്ളി. കറുപ്പും വെള്ളയുമായ പ്ലാസ്റ്റിക് ചാക്കുകളിൽ പ്രാവിൻകൂടിന് സമീപത്തെ ആറാട്ടുകടവിലാണ് മാലിന്യം. ഇറച്ചിക്കോഴി, മത്സ്യ-മാംസ മാലിന്യമാണ് ചാക്കിൽ നിറച്ച് നദിയിൽ തള്ളിയത്. നദിയിൽ നേരിയ ഒഴുക്കുള്ളതിനാൽ ചാക്കുകെട്ടുകൾ മഴുക്കീറിന് സമീപം വഞ്ചിമൂട്ടിൽക്കടവ് ചപ്പാത്തിൽ തടഞ്ഞുകിടന്നു. അസഹ്യ ദുർഗന്ധം വമിച്ചപ്പോഴാണ് നാട്ടുകാർ ഇടപെട്ട് അന്വേഷിച്ച് കണ്ടെത്തിയത്. ഏകദേശം മൂന്നുദിവസം പഴക്കമുള്ള മാലിന്യം പുഴുവരിച്ച നിലയിലായിരുന്നു. ചപ്പാത്തിലെ മാൻഹോൾ പൈപ്പിൽ തടഞ്ഞിരുന്ന മാലിന്യക്കെട്ടുകൾ സമീപവാസികൾ ഇടപെട്ട് നീക്കിക്കളഞ്ഞ് ഒഴുക്ക് പൂർവസ്ഥിതിയിലാക്കി. മാലിന്യം സംസ്കരിച്ചു. തുടർന്ന് നദിയിൽ ക്ലോറിനേഷനും നടത്തി. കഴിഞ്ഞ മൂന്നുനാല് ദിവസത്തിനുമുമ്പ് ഈ കടവിലും അതിനുമുകളിൽ തുണ്ടത്തിൽപ്പടിയിലെ കോയിക്കൽക്കടവിലും നാട്ടുകാർ കുളിക്കുകയും വസ്ത്രം കഴുകുകയും ചെയ്തിരുന്നു. ദുർഗന്ധം വമിച്ചതോടുകൂടിയാണ് കുളി ഉപേക്ഷിച്ചത്. തിരുവൻവണ്ടൂരിൽനിന്നും മഴുക്കീറിൽനിന്നും നിരവധി പേരാണ് ഈ ചപ്പാത്തുവഴി തലയാറിനും കുറ്റൂരിനും പോകുന്നത്. മുമ്പും വരട്ടാറ്റിലെ ആറാട്ടുകടവിൽ മാലിന്യം തള്ളിയതായി പരാതി ഉയർന്നിട്ടുണ്ട്. പാലത്തിൽനിന്ന് തള്ളുന്ന മാലിന്യം വഞ്ചിമൂട്ടിൽ കടവ് ചപ്പാത്തിലാണ് വന്ന് തടഞ്ഞുകിടക്കുന്നത്. മൂന്ന് പതിറ്റാണ്ടുമുമ്പ് കൈയേറ്റത്താൽ ഒഴുക്ക് നിലച്ച് മാലിന്യവാഹിനിയായ വരട്ടാറിനെ ഏറെ നാളത്തെ പരിശ്രമഫലമായാണ് ജനകീയ കൂട്ടായ്മയിലൂടെ പുനരുജ്ജീവിപ്പിച്ചത്. വൻ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതി നദി വീണ്ടെടുപ്പായി കേരളത്തിനുതന്നെ മാതൃകയായി. 2018ലെ കേരള ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ ആക്ട് അനുസരിച്ച് അഞ്ചുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജലാശയങ്ങളിൽ മാലിന്യം തള്ളുന്നത്. രണ്ടാംഘട്ട വരട്ടാർ പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനവേളയിൽ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് ചില കച്ചവടക്കാരായ സാമൂഹികവിരുദ്ധർ ഇത്തരത്തിൽ പെരുമാറുന്നത്. പ്രാവിൻകൂടിന് സമീപത്തെ വരട്ടാർ പാലത്തിൽ സി.സി ടി.വി കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.
Show Full Article
TAGS:LOCAL NEWS 
Next Story