Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഞ്ചായത്ത്​ പ്രസിഡൻറ്​ ...

പഞ്ചായത്ത്​ പ്രസിഡൻറ്​ സ്​ഥാനം: ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ സി.പി.എം അംഗത്തി​െൻറ കുത്തിയിരുപ്പ് സമരം

text_fields
bookmark_border
പഞ്ചായത്ത്​ പ്രസിഡൻറ്​ സ്​ഥാനം: ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ സി.പി.എം അംഗത്തി​െൻറ കുത്തിയിരുപ്പ് സമരം
cancel
പെരുമ്പാവൂര്‍: പാര്‍ട്ടി വാഗ്ദാനം ലംഘിച്ചെന്നാരോപിച്ച് പഞ്ചായത്ത് അംഗം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ കുത്തിയിരുപ്പ് സമരം നടത്തി. വെങ്ങോല പഞ്ചായത്തിലെ സി.പി.എം അംഗം സ്വാതി റെജികുമാറാണ് തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പ്ലക്കാര്‍ഡുമായി ലോക്കല്‍ കമ്മിറ്റി ഓഫിസിന് മുന്നില്‍ സമരം നടത്തിയത്. രണ്ടരവര്‍ഷം തികയുമ്പോള്‍ നിലവിലെ പ്രസിഡൻറ് ധന്യ ലെജുവിനെ മാറ്റി തന്നെ പ്രസിഡൻറാക്കാമെന്ന് പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നതായി സ്വാതി പറയുന്നു. എന്നാല്‍, മൂന്നുവര്‍ഷം തികഞ്ഞിട്ടും വാഗ്ദാനം പാലിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. പഞ്ചായത്തില്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കുന്ന വിമതന്‍ റഹീമി​െൻറ ഭീഷണിക്കുമുന്നില്‍ പാര്‍ട്ടി അടിയറ പറഞ്ഞിരിക്കുന്നതായി സ്വാതിയെ പിന്തുണക്കുന്നവര്‍ പറയുന്നു. ധന്യയെ മാറ്റി സ്വാതിയെ പ്രസിഡൻറാക്കിയാല്‍ എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിക്കുമെന്നാണ് റഹീമി​െൻറ ഭീഷണി. കേവല ഭൂരിപക്ഷം മാത്രമുള്ള പഞ്ചായത്തില്‍ വിമത​െൻറ തീരുമാനം നിര്‍ണായകമാണ്. ഭീഷണിക്ക് വഴങ്ങാതെ സ്വാതിയെ പ്രസിഡൻറാക്കണമെന്ന വാദവുമായി ഒരുപറ്റം പ്രവര്‍ത്തകരും നേതാക്കളും രംഗത്തുണ്ടെങ്കിലും വഴങ്ങാന്‍ പാര്‍ട്ടി തയാറായിട്ടില്ല. 23 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ യു.ഡി.എഫ് 11, എല്‍.ഡി.എഫ് 10, രണ്ട് സ്വതന്ത്രര്‍ എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രരായി ജയിച്ച നെടുന്തോട് വാര്‍ഡിലെ റഹീമി​െൻറയും ടാങ്ക്സിറ്റിയിലെ അശോക​െൻറയും പിന്തുണയോടെ ഒരുവര്‍ഷം യു.ഡി.എഫാണ് പഞ്ചായത്ത് ഭരിച്ചത്. പിന്നീട് ഇരുവരും എല്‍.ഡി.എഫിന് പിന്തുണ നല്‍കുകയാണുണ്ടായത്. ഇവിടെ പ്രസിഡൻറ്സ്ഥാനം പിന്നോക്കവിഭാഗ വനിത സംവരണമാണ്. അതുകൊണ്ട് പാലാഴിക്കുന്ന് വാര്‍ഡില്‍നിന്ന് ജയിച്ച ധന്യയാണ് പ്രസിഡൻറായത്. എന്നാല്‍, അഞ്ചാം വാര്‍ഡ് പെരിയാര്‍നഗര്‍ സംവരണ സീറ്റില്‍നിന്ന് ജയിച്ച സ്വാതിയെ തഴഞ്ഞാണ് ജനറല്‍ സീറ്റില്‍ നിന്ന് ജയിച്ച ധന്യയെ പ്രസിഡൻറാക്കിയതെന്ന ആക്ഷേപം അണികള്‍ക്കിടയില്‍നിന്ന് അന്നേ ഉയര്‍ന്നിരുന്നു. പക്ഷേ, രണ്ടരവര്‍ഷത്തേക്കാണിതെന്നും ശേഷം സ്വാതിയെ അധ്യക്ഷയാക്കുമെന്നുമാണ് അന്ന് നേതൃത്വം നല്‍കിയ വാഗ്ദാനമത്രേ. സ്വാതി പാര്‍ട്ടി അംഗവും ഭര്‍ത്താവ് റെജികുമാര്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമാണ്. ഇതിനിടെ പഞ്ചായത്തില്‍ നടക്കുന്ന പോര് പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ് കേന്ദ്രം. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണസ്തംഭനവും കെടുകാര്യസ്ഥതയുമാണെന്നും ആരോപിച്ച് അവിശ്വാസം കൊണ്ടുവരാനുള്ള തയാറെടുപ്പ് നടക്കുന്നുണ്ട്. അവിശ്വാസത്തെ പിന്തുണച്ച് സ്വാതി വോട്ട് ചെയ്താല്‍ ഭരണംപിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണിവര്‍.
Show Full Article
TAGS:LOCAL NEWS 
Next Story