Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യ നിർമാർജനം:...

മാലിന്യ നിർമാർജനം: കോർപറേഷൻ ഉറക്കംവിട്ട്​ ഉണരണമെന്ന്​ ​ഹൈകോടതി

text_fields
bookmark_border
കൊച്ചി: മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട കാര്യത്തിൽ കൊച്ചി നഗരസഭ ഉറക്കം വിട്ടുണർന്ന് പ്രവർത്തിക്കണമെന്ന് ഹൈകോടതി. പരാതികളിൽ പൊതുജനങ്ങൾ ആഗ്രഹിക്കുന്നതുപോല ജനാധിപത്യപരമായ കടമ ചെയ്യണം. നഗരസഭ പരിധിയിൽ മാലിന്യങ്ങൾ ശേഖരിക്കാൻ വലിയ വീപ്പ സ്ഥാപിക്കുകയോ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ മതിയായ സൗകര്യമൊരുക്കുകയോ വേണമെന്നും സിംഗിൾബെഞ്ച് നിർദേശിച്ചു. കലൂർ വൈലോപ്പിള്ളി ലെയ്നിലെ മാലിന്യം നീക്കം ചെയ്യാൻ നഗരസഭക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ എബ്രഹാം ക്ലൻസി റോസ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വൈലോപ്പിള്ളി ലെയിനിൽ മാലിന്യം അടിഞ്ഞു കൂടിയിട്ടും കോർപറേഷൻ നടപടിയെടുക്കുന്നില്ലെന്നാണ് ഹരജിയിലെ ആരോപണം. കൊച്ചി കോർപറേഷന് പുറമെ 64ാം വാർഡ് കൗൺസിലർ ഗ്രേസി ജോസഫ്, 65ാം വാർഡ് കൗൺസിലർ എം.ജി അരിസ്റ്റോട്ടിൽ എന്നിവരെയും എതിർ കക്ഷികളാക്കിയാണ് ഹരജി നൽകിയത്. എന്നാൽ, ഹരജി നൽകിയശേഷം മാലിന്യം നീക്കം ചെയ്തെന്നും മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും നഗരസഭ വ്യക്തമാക്കി.എന്നാൽ, കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം ഖരമാലിന്യ ശേഖരണവും സംസ്കരണവും നഗരസഭയുടെ ഉത്തരവാദിത്തമാണെന്നും പൊതുജനങ്ങൾക്ക് വൃത്തിയുള്ള അന്തരീക്ഷത്തിൽ ജീവിക്കാൻ സാഹചര്യമൊരുക്കേണ്ട കടമ നഗരസഭയ്ക്കുണ്ടെന്നും കോടതി വ്യക്തമാക്കി. മാലിന്യ സംസ്കരണം നഗരസഭയുടെ ഉത്തരവാദിത്തമാണെങ്കിലും നഗരസഭയോ വാർഡ് കൗൺസിലർമാരോ നിയമപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. നഗരപരിധിയിൽ വൃത്തിയും ശുചിത്വവും ഉറപ്പാക്കിയില്ലെങ്കിൽ പകർച്ചവ്യാധികൾ ഉൾപ്പെടെയുണ്ടാകാനിടയുണ്ട്. മാലിന്യനീക്കം നഗരസഭയുടെ അടിസ്ഥാന കടമകളിലൊന്നാണ്. ഇതിൽ വീഴ്ച വരുത്തിയാൽ കോർപറേഷനും വാർഡ് കൗൺസിലർമാരുമാണ് ഉത്തരവാദികളെന്നും കോടതി ചൂണ്ടിക്കാട്ടി. വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കാനായി പാത്രങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി ഉറപ്പു വരുത്തണം. അല്ലെങ്കിൽ മാലിന്യ ശേഖരണത്തിന് ഉചിത സംവിധാനമുണ്ടാക്കണം. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യം ദിവസവും നീക്കം ചെയ്യണം. പൊതുജനങ്ങൾ മാലിന്യം വലിച്ചെറിയാനിടയുള്ള പ്രദേശങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കണം. മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ നിയമപ്രകാരമുള്ള നടപടി ഉറപ്പാക്കണം. നഗരം വൃത്തിയായി സൂക്ഷിക്കാൻ പൊതുപ്രവർത്തനങ്ങളിൽ തൽപരരായ വ്യക്തികളുടെയും സംഘടനകളുടെയും സഹായം നിയമപരമായി സ്വീകരിക്കാം. ആറു മാസത്തിനുള്ളിൽ ഇതിന് നടപടി സ്വീകരിക്കണം. മാലിന്യ സംസ്കരണം, പൊതുനിരത്തുകളിൽ മാലിന്യം വലിച്ചെറിഞ്ഞവർക്കെതിരെയുള്ള ശിക്ഷ നടപടി തുടങ്ങിയവ വ്യക്തമാക്കി സത്യവാങ്മൂലം നൽകണം. ഇൗ മാർഗ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാൽ നഗരസഭ പരിധിയിൽ താമസിക്കുന്നവർക്ക് കോടതിയലക്ഷ്യ നടപടിയുമായി ഹൈകോടതിയെ സമീപിക്കാം. ഒഴിഞ്ഞ പറമ്പുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കണം. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിക്കുന്നതും കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കും. ഇവ അഴുക്കു ചാലുകളിലെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതു മൂലം പൊതുറോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാക്കും. മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴയും തടവും ശിക്ഷ നൽകാൻ കേരള മുനിസിപ്പാലിറ്റി നിയമത്തിൽ വ്യവസ്ഥയുണ്ട്. 10,000 രൂപ മുതൽ 25,000 വരെ പിഴയും ആറ് മാസം മുതൽ ഒരു വർഷം വരെ തടവും ശിക്ഷ ലഭിക്കാം. മാലിന്യങ്ങൾ മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ശല്യമൊഴിവാക്കാൻ നിയമത്തിൽ മതിയായ വ്യവസ്ഥകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story