Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയാനന്തര...

പ്രളയാനന്തര പുനർനിർമാണം: തൊഴിലുറപ്പിൽ അധിക തൊഴിൽ ദിനങ്ങൾ സൃഷ്​ടിക്കും

text_fields
bookmark_border
ആലപ്പുഴ: പ്രളയത്തിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വീടും ജീവനോപാധികളും നഷ്ടപ്പെട്ട സാഹചര്യത്തിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലും വരുമാനവും ഉറപ്പുവരുത്താൻ മാറ്റം വരുത്തി വിപുലീകരിക്കാൻ സർക്കാറി​െൻറയും മിഷൻ ഡയറക്ടറുടെയും നിർദേശം ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ദിശ (ഡിസ്ട്രിക് ഡെവലപ്‌മ​െൻറ് കോഓഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി) യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ നിർദേശപ്രകാരം പ്രളയാനന്തരം പ്രവർത്തനങ്ങൾക്ക് അധിക കർമപദ്ധതി വഴി 94,63,841 തൊഴിൽദിനങ്ങൾ അധികമായി സൃഷ്ടിക്കും. പ്രളയത്തിൽ തൊഴിൽകാർഡ് നഷ്ടപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും പുതിയ തൊഴിൽ കാർഡുകൾ വിതരണം ചെയ്യും. പ്രളയക്കെടുതി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ലഭ്യമാക്കാൻ നിർദേശിച്ചിട്ടുണ്ട്. വാർഡ് തലത്തിൽ തൊഴിലാളികളുടെ യോഗം വിളിച്ചുചേർക്കുകയും തൊഴിലിന് അപേക്ഷ സ്വീകരിക്കുകയും വേണം. ഓരോ ഗ്രാമപഞ്ചായത്തിലും പ്രളയക്കെടുതിയെ തുടർന്നുണ്ടായ സാഹചര്യം വിലയിരുത്തി പൊതുഅടിസ്ഥാന സൗകര്യങ്ങളുടെ പുനഃസ്ഥാപനത്തിന് പ്രവൃത്തികൾ പുതുതായി കണ്ടെത്തി നടത്തണം. സംസ്ഥാന സർക്കാർ 150 തൊഴിൽ ദിനങ്ങൾ ആക്കി വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 11 കോടി തൊഴിൽ ദിനങ്ങളാണ് സർക്കാർ ഇക്കാര്യത്തിൽ കൂടുതലായി ആവശ്യപ്പെടുന്നത്. പുതിയ പ്രവൃത്തികൾ ഏറ്റെടുത്ത് ചെയ്യുന്നതിന് ജില്ല പഞ്ചായത്തുതല അംഗീകാരം കഴിഞ്ഞദിവസം നടന്ന യോഗത്തിൽ നൽകി. ജില്ലയിൽ ഇതുവരെ 90 കുടുംബങ്ങൾക്ക് 100 ദിവസത്തിലധികം തൊഴിൽ ലഭിച്ചു. ജില്ലയിൽ 17 ഗ്രാമപഞ്ചായത്തുകൾ ഒഴികെ എല്ലാ ഗ്രാമപഞ്ചായത്തുകളും 100 ശതമാനത്തിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തും മുതുകുളം ബ്ലോക്ക് പഞ്ചായത്തുമാണ്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവ പിന്നിലാണ്. ജില്ലയിൽ കൂടുതൽ തുക ചെലവഴിച്ച പഞ്ചായത്തുകൾ ആറാട്ടുപുഴയും തൃക്കുന്നപ്പുഴയും പുറക്കാടുമാണ്. അമ്പലപ്പുഴ ബ്ലോക്കിൽ 25 കുടുംബങ്ങൾക്ക് നൂറിലധികം തൊഴിൽദിനങ്ങൾ ലഭിച്ചപ്പോൾ ചമ്പക്കുളം, വെളിയനാട് ബ്ലോക്കുകളിൽ ഒരു കുടുംബത്തിന് പോലും 100 തൊഴിൽ ദിനങ്ങൾ തികക്കാനായില്ല. പ്രളയവും കമ്പ്യൂട്ടറി​െൻറ പ്രശ്‌നങ്ങളും കാരണം പദ്ധതികൾ മുന്നോട്ട് പോകുന്നതിൽ തടസ്സങ്ങൾ നേരിട്ടതായി ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. 47 ഗ്രാമപഞ്ചായത്തുകളിൽ ഇതുവരെയും ഒരു കുടുംബത്തിനുപോലും 100 ദിവസം തൊഴിൽ നൽകാൻ സാധിച്ചിട്ടില്ല എന്ന് യോഗം വിലയിരുത്തി. ദിശ യോഗത്തിൽ കേന്ദ്രാവിഷ്‌കൃത മറ്റ് പദ്ധതികളുടെ അവലോകനവും നടന്നു. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിപ്രകാരം 504 വീടുകളുടെ പണി പൂർത്തിയാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. എം.പിമാരായ എ.കെ. ആൻറണി, വയലാർ രവി, കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ എന്നിവരുടെ നിർദേശപ്രകാരം തൈക്കാട്ടുശ്ശേരി, കടക്കരപ്പള്ളി, തകഴി, ആര്യാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ സൻസദ് ആദർശ് ഗ്രാമ യോജന (സാഗി) പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി. വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പദ്ധതിയിൽ നേരത്തേ തീരുമാനിച്ച പ്രവൃത്തികൾക്ക് പകരമായി തത്തുല്യമായ തുകയിൽ മാറ്റം വരുത്തിയ ഡി.പി.ആറിന് യോഗം അനുമതി നൽകി. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ വേഗത്തിൽ നടപടി സ്വീകരിക്കാൻ യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയൻറ് പ്രോഗ്രാം കോഓഡിനേറ്റർ എൻ. വിനോദിനി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ കെ.വി. ദേവദാസ്, ഡെപ്യൂട്ടി കലക്ടർ മുരളീധരൻപിള്ള, ജില്ലയിലെ എം.പിമാരുടെ പ്രതിനിധികൾ, ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story