Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകന്യാസ്ത്രീ സമരം:...

കന്യാസ്ത്രീ സമരം: പെൺപോരാട്ട ഭൂമിയായി സമരപ്പന്തൽ

text_fields
bookmark_border
കൊച്ചി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് ഒൗവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന നിരാഹാരസമരത്തിന് ദിവസം ചെല്ലുന്തോറും പിന്തുണയേറുന്നു. ആറാം ദിവസം കല-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖവനിതകളും സംസ്ഥാനത്തി​െൻറ വിവിധ പ്രദേശങ്ങളിൽനിന്നുള്ള വീട്ടമ്മമാരുമടക്കമുള്ളവരാണ് സമരപ്പന്തലില്‍ നിറഞ്ഞത്. മുന്‍കൂട്ടി തീരുമാനിച്ചതി​െൻറ ഭാഗമായാണ് സമരവേദി പൂര്‍ണമായും സ്ത്രീകള്‍ക്ക് വഴിമാറിയത്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കന്യാസ്ത്രീകളുടെ കൂടെ എന്നുമുണ്ടാകുമെന്ന് ഇവർ പ്രഖ്യാപിച്ചു. ചെറുതും വലുതുമായ വനിതസംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്ലക്കാർഡുകളുമായി സമരപ്പന്തലിലെത്തി. ഭരണകൂടവും പൗരോഹിത്യവും െെകകോർത്ത് നീതി നിഷേധിക്കുന്നതാണ് കാലങ്ങളായി നടക്കുന്നതെന്ന് എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ സാറാ ജോസഫ് പറഞ്ഞു. പി.കെ. ശശി എം.എൽ.എയുടെ പ്രശ്നം വന്നപ്പോൾ കുറ്റവാളിെയ സംരക്ഷിക്കുകയും പരാതിക്കാരിയെ ഒതുക്കുകയുമാണ് ഇടതുപക്ഷം ചെയ്തത്. അതുതന്നെയാണ് സഭയും ചെയ്തത്. പാർട്ടിക്കകത്തും പുറത്തും പീഡനക്കേസുകളിൽ ഇടതുപക്ഷം എന്തുനിലപാടാണ് എടുക്കുന്നതെന്നറിയാൻ പൊതുസമൂഹത്തിന് താൽപര്യമുണ്ട്. പണത്തിനും അഴിമതിക്കും അടിമകളായ പൊലീസ് സംവിധാനമാണ് ഇവിടെയുള്ളതെന്നും അവർ പറഞ്ഞു. മാനം സംരക്ഷിക്കാൻ ഒരുസ്ത്രീക്കും തെരുവിലിറങ്ങേണ്ട അവസ്ഥ ഇനി ഉണ്ടാകരുതെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു. ബിഷപ് എന്നു വിളിക്കപ്പെടാൻ അർഹതയില്ലാത്ത ആളാണ് ഈ വ്യക്തി. വെറും ഫ്രാങ്കോയെന്നാണ് വിളിക്കേണ്ടതെന്നും അവർ പറഞ്ഞു. നടിയെ പീഡിപ്പിച്ച കേസില്‍ ദിലീപിനെതിരെ അതിവേഗം നിയമനടപടി സ്വീകരിച്ച സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബിഷപ്പി​െൻറ കാര്യത്തില്‍ നിലപാട് മാറ്റിയെന്ന് അന്വേഷി അധ്യക്ഷ കെ. അജിത അഭിപ്രായപ്പെട്ടു. സര്‍ക്കാറും പൊലീസും മുട്ടുമടക്കുന്നത് എന്തിനുവേണ്ടിയെന്ന് വ്യക്തമാക്കണമെന്ന് എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ഫസ്ന മിയാൻ, സെക്രട്ടറിമാരായ ആനിസ മുഹ്യിദ്ദീൻ, റുക്സാന, എറണാകുളം ജില്ല പ്രസിഡൻറ് അസീന മൻസൂർ, ആം ആദ്മി പാർട്ടി സംസ്ഥാന കോഒാഡിനേറ്റർ കുസുമം ജോസഫ്, ലത്തീൻ കത്തോലിക്ക സഭാംഗമായ സിസ്റ്റർ മോളി വർഗീസ്, മുൻ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷന്‍ അംഗവും സുപ്രീംകോടതി അഭിഭാഷകയുമായ ജെസി കുര്യന്‍, പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹപാഠികള്‍, ജപ്തി നടപടിക്കെതിരെ ചിതയൊരുക്കി സമരം ചെയ്ത പ്രീത ഷാജി, എഴുത്തുകാരി തനൂജ എസ്. ഭട്ടതിരി, കന്യാസ്ത്രീകള്‍ക്കായി കോടതിയില്‍ ഹാജരായ അഡ്വ. സന്ധ്യ, ട്രാന്‍സ്ജൻഡര്‍ പ്രതിനിധിയും സാമൂഹികപ്രവര്‍ത്തകയുമായ ഫൈസല്‍ ഫൈസി, വിങ്സ് കേരള, കൊടുങ്ങല്ലൂർ സ്ത്രീ കൂട്ടായ്മ, ശ്രീനാരായണസംഘം എന്നിവയുടെ ഭാരവാഹികളും പിന്തുണയുമായെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story