Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightധനസഹായം വൈകുന്നു;...

ധനസഹായം വൈകുന്നു; ജീവിതത്തിലേക്ക് തിരികെ വരാനാകാതെ കുട്ടനാട്ടുകാർ

text_fields
bookmark_border
കുട്ടനാട്: പ്രളയദുരിതംപേറി ഒരുമാസമായിട്ടും ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് എത്തിയ കുട്ടനാട്ടുകാർക്ക് സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയുന്നില്ല. കൈയിൽ പണമൊന്നുമില്ലാത്ത അവർക്ക് മുന്നിൽ ജീവിതം ഒരു ചോദ്യചിഹ്നമായി തെളിഞ്ഞുനിൽക്കുന്നു. ക്യാമ്പിൽ കഴിഞ്ഞ കുടുംബങ്ങളുടെ കണക്കുപ്രകാരം കുട്ടനാട്ടിൽ മാത്രം രണ്ടര ലക്ഷത്തിലേറെ ദുരിതബാധിതരുണ്ട്. പലായനം ചെയ്തവരുടെ എണ്ണമെടുത്താൽ ധനസഹായം ലഭിക്കേണ്ടവരുടെ എണ്ണം കൂടും. കൈനകരിയുൾപ്പെട്ട കുട്ടനാട്ടിൽ ഒരുകുടുംബത്തിന് ഒന്നര ലക്ഷം രൂപയുടെ വീട്ടുപകരണങ്ങളാണ് പ്രളയത്തിൽ നഷ്ടമായത്. സന്നദ്ധസംഘടനകളുടെ സഹായത്താൽ മാസങ്ങളോളം കഴിക്കാനുള്ള ഭക്ഷണം മാത്രമാണ് ഇവർക്ക് കൃത്യമായി ലഭിച്ചത്. മോട്ടോർ, ഗ്യാസ് അടുപ്പ്, ബെഡ്, തുണിത്തരങ്ങൾ, പാത്രങ്ങൾ തുടങ്ങിവയെല്ലാം പുതുതായി വാങ്ങേണ്ട അവസ്ഥയിലാണ് ഭൂരിഭാഗം പേരും. സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം മാത്രമായിരുന്നു പ്രതീക്ഷ. കുട്ടനാട്ടിലെ കാൽ ശതമാനം ആളുകൾക്കുപോലും ഈ പണം ഇതുവരെ ലഭിച്ചിട്ടില്ല. ക്യാമ്പിൽ കഴിഞ്ഞിരുന്നവർ തുടക്കത്തിൽ നൽകിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമല്ലാതിരുന്നതാണ് പണം കിട്ടാൻ വൈകുന്നതിന് ഒരുകാരണം. എസ്.ബി.ടി ബാങ്ക് അക്കൗണ്ടായിരുന്നു കുട്ടനാട്ടിലെ കർഷകർക്കും സാധാരണജനങ്ങൾക്കും ഏറെയും. എസ്.ബി.ടി എസ്.ബി.ഐയുമായി ലയിച്ചപ്പോൾ ഒട്ടുമിക്കവരും പാസ്ബുക്ക് പുതിയത് എടുത്തിരുന്നില്ല. അതിനാൽ ക്യാമ്പിൽ കഴിഞ്ഞവർ ഐ.എഫ്.എസ് കോഡുകൾ ഉൾപ്പെടെ പല വിവരങ്ങളും തെറ്റിച്ചാണ് നൽകിയത്. പ്രളയത്തിൽ മിക്കവരുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ നഷ്ടമാവുകയും ചെയ്തു. ബാങ്ക് അക്കൗണ്ട് രേഖകൾ കൃത്യമായി നൽകിയവർക്കും 10,000 രൂപ കിട്ടിയിട്ടില്ല. കുടുംബശ്രീ വഴി ഒരുലക്ഷം പലിശരഹിത വായ്പ നൽകുന്നുണ്ടെങ്കിലും കാലതാമസമുണ്ട്. വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും കുട്ടനാടി​െൻറ സമ്പദ്വ്യവസ്ഥ നേരേയാകാൻ സമയമെടുക്കും. കർഷകർക്ക് നടുനിവർത്തണമെങ്കിൽ കുറഞ്ഞത് രണ്ട് മാസമെങ്കിലുമെടുക്കും. ദുരിതാശ്വാസ പ്രവർത്തകർ നൽകുന്ന അരി വേവിച്ച് കഴിക്കാൻപോലും കുട്ടനാട്ടിലെ പല കുടുംബങ്ങൾക്കും നിവൃത്തിയില്ല. തുലാം 10ന് പാടശേഖരകളിൽ വിത തുടങ്ങുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനത്തിലും കർഷകർക്ക് പ്രതീക്ഷയില്ല. - ദീപു സുധാകരൻ
Show Full Article
TAGS:LOCAL NEWS 
Next Story