Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ഷീരമേഖലയെ...

ക്ഷീരമേഖലയെ വീണ്ടെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വി.ഡി. സതീശൻ എം.എൽ.എ

text_fields
bookmark_border
പറവൂർ: പറവൂർ മണ്ഡലത്തിൽ പ്രളയത്തിൽ നശിച്ച ക്ഷീരമേഖലയെ വീണ്ടെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വി.ഡി. സതീശൻ എം.എൽ.എ സർക്കാറിനോടാവശ്യപ്പെട്ടു. പ്രളയത്തിൽ ആയിരത്തോളം ക്ഷീരകർഷകർക്ക് ഉപജീവനമാർഗം നഷ്ടമായി.1200ൽപരം പശുക്കൾ ചത്തു. രക്ഷപ്പെട്ടവയാകട്ടെ കടുത്ത രോഗബാധയിലാണ്. നാല് ദിവസത്തോളം ഭക്ഷണം കിട്ടാതിരിക്കുകയും മലിനജലം കുടിക്കേണ്ടിവരുകയും ചളിവെള്ളത്തിൽ നിൽക്കേണ്ടിവരുകയും ചെയ്ത കറവപ്പശുക്കൾക്ക് പാൽ നാലിലൊന്നായി കുറഞ്ഞു. സൊസൈറ്റികളിൽ സൂക്ഷിച്ചിരുന്ന ടൺ കണക്കിന് കാലിത്തീറ്റകൾ നശിച്ചു. ഇതുസംബന്ധിച്ച് വിശദമായ കണക്കെടുക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. നഷ്ടപ്പെട്ട പശുക്കൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായധനം 30,000 രൂപ അപര്യാപ്തമാണെന്നും ഇത് 50,000 രൂപയായി വർധിപ്പിക്കുക, കിടാരികൾക്ക് 10,000 രൂപയാക്കുക, നഷ്ടപരിഹാരം മൂന്ന് പശുക്കൾക്ക് എന്നത് കൊല്ലപ്പെട്ട എല്ലാ പശുക്കൾക്കും എന്ന് തിരുത്തുക, ആറുമാസത്തേക്ക് കാലിത്തീറ്റക്ക് സമ്പൂർണ സബ്‌സിഡി നൽകുക, രോഗബാധിതരായ പശുക്കൾക്ക് തുടർചികിത്സ ഉറപ്പാക്കുക, വെറ്ററിനറി ക്യാമ്പുകൾ സംഘടിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ മുമ്പാകെ അവതരിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന് ന്യായമായ വിലയ്ക്ക് നല്ലയിനം പശുക്കളെ വാങ്ങി ക്ഷീരകർഷകർക്ക് നൽകുവാൻ ക്ഷീര കർഷക സഹകരണസംഘം പ്രസിഡൻറുമാരെയും വെറ്ററിനറി ഡോക്റ്റർമാരെയും ഉൾപ്പെടുത്തി പർച്ചേസ് കമ്മിറ്റിക്ക് രൂപം നൽകി. യോഗത്തിൽ ക്ഷീര വികസന വകുപ്പ് അസിസ്റ്റൻറ് ഡയറക്‌ടർ അബ്ദുൽ കബീർ, പറവൂർ ക്ഷീര വികസന ഓഫിസർ സ്വാമിനാഥൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.വി. ലാജു, പി.എ. ചന്ദ്രിക, കെ.എം. അംബ്രോസ്, കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. സി. ബാബു, വിവിധ ക്ഷീര സഹകരണസംഘം പ്രസിഡൻറുമാർ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story